മമ്മൂട്ടി ചിത്രത്തിലൂടെ മീര നന്ദന്‍ തിരികെയെത്തുന്നു

ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ മികച്ചൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് യുവനടി മീര നന്ദന്‍. മമ്മൂട്ടി നായകനായെത്തുന്ന വൈറ്റ് എന്ന ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ചുവരവ്. ദുബായിയില്‍ റേഡിയോ ജോക്കിയായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് കുറച്ചുനാളുകളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം.

വൈറ്റില്‍ വേറിട്ട ഗെറ്റപ്പിലാകും മീര എത്തുക. നിഷ എന്ന ലണ്ടന്‍ യുവതിയായിട്ടാണ് മീര എത്തുന്നത്. ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഒരു ഐടി കമ്പനിയിലെ മാനേജറായിട്ടാണ് ചിത്രത്തില്‍ മീര എത്തുന്നത്.

ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയാണ് ചിത്രത്തിലെ നായിക. പ്രണയകാലം,കേരളാ കഫേയിലെ മൃത്യുഞ്ജയം എന്നിവ ഒരുക്കിയ ഉദയ് അനന്തന്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയില്‍ രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്നു. ഉദയ് അനന്തന്‍,നന്ദിനി വല്‍സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വെറ്റിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ബിപിന്‍ ചന്ദ്രന്റേതാണ് സംഭാഷണം.

ലണ്ടനും‍, യൂറോപ്യന്‍ രാജ്യങ്ങളുമാകും ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ഗണേശ് മേനോന്‍ ആണ് ഛായാഗ്രഹണം.