അദ്ദേഹത്തിന്റെ വാക്കുകൾക്കു മുന്നിൽ ഞാൻ കീഴടങ്ങി: മോഹൻലാൽ

കാവാലം നാരായണപ്പണിക്കർക്കൊപ്പം മോഹൻലാൽ

ഞാൻ ഹൈദരാബാദിലാണിപ്പോൾ. കാവാലംസാറിനെക്കുറിച്ചുള്ള രണ്ട് ഓർമകൾക്കു ഹൈദരാബാദുമായി ബന്ധമുണ്ട്. ഒന്ന് സ്വപ്നതുല്യമായ ഒരു ഓർമ. രണ്ടാമത്തേതു വേദന നിറഞ്ഞതും.

വാനപ്രസ്ഥം എന്ന സിനിമയ്ക്ക് എനിക്കു ദേശീയ അവാർഡ് കിട്ടിയ ദിവസം അദ്ദേഹം വിളിച്ചു. അത് അപ്രതീക്ഷിതമായിരുന്നു. എനിക്കേറെ സന്തോഷം തോന്നി. ദേശീയ അവാർഡ് വാങ്ങാൻ ഡൽഹിയിൽ പോകുന്ന ദിവസം നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ മേധാവി രാംഗോപാൽ ബജാജ് എന്നെ വന്നു കാണുമെന്ന് അദ്ദേഹം പറഞ്ഞു. എന്തിനാണെന്നു പറഞ്ഞില്ല. ബജാജ് എന്നെ കണ്ടപ്പോൾ പറഞ്ഞു, അവരുടെ ദേശീയ നാടകോത്സവത്തിൽ ഞാൻ ഒരു നാടകം ചെയ്യണമെന്ന്. ഒരു നടനെന്ന നിലയിൽ എന‍ിക്കു വലിയ സന്തോഷം നൽകിയ ക്ഷണമായിരുന്നു അത്.

തിരിച്ചു നാട്ടിൽ എത്തിയപ്പോൾ ഞാൻ കാവാലംസാറിനെ കണ്ടു. ഇംഗ്ലിഷ് നാടകം ചെയ്യാമെന്നാണു ഞാൻ സാറിനോടു പറഞ്ഞത്, അതുമല്ലെങ്കിൽ മലയാളം നാടകം. പക്ഷേ, നമുക്കൊരു സംസ്കൃത നാടകം ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കു സംസ്കൃതം അറിയില്ല എന്നു പറഞ്ഞെങ്കിലും കാവാലംസാർ സമ്മതിച്ചില്ല. ലാലിന് അതു ചെയ്യാനാകും എന്ന് അദ്ദേഹം പറഞ്ഞു. അറിയാഞ്ഞിട്ടു പോലും അദ്ദേഹത്തിന്റെ വാക്കുകൾക്കു മുന്നിൽ ഞാൻ കീഴടങ്ങി. ആ വാക്കുകൾക്ക് അത്രയേറെ ശക്തിയായിരുന്നു, പറഞ്ഞറിയിക്കാനാകാത്ത സ്നേഹമായിരുന്നു. ഒരു സംവിധായകന്റെ ആത്മവിശ്വാസം ഞാൻ ആ വാക്കുകളിൽ കണ്ടു.

നാടകം പൂർണമായി റിക്കോർഡ് ചെയ്ത് അദ്ദേഹം കൊടുത്തയച്ചു. അന്നു ഞാൻ ഹൈദരാബാദിൽ ആയിരുന്നു. രാവും പകലും അതു കേട്ടു പഠിച്ചു. രണ്ടു മണിക്കൂറായിരുന്നു നാടകത്തിന്റെ ദൈർഘ്യം. നല്ല സംസ്കൃത ജ്ഞാനമുള്ള സദസ്സിനു മുന്നിൽ തെറ്റാതെ അവതരിപ്പിക്കുക എന്നതു ശരിക്കും എന്നെ പേടിപ്പിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ആലോചിക്കുമ്പോൾ അതെങ്ങനെ സംഭവിച്ചു എന്ന് എനിക്കു പോലും അറിയില്ല. ആദ്യ അവതരണത്തിനു ശേഷം രണ്ടുമണിക്കൂർ കഴിഞ്ഞു വീണ്ടും ഇതേ നാടകം അവതരിപ്പിക്കാൻ സംഘാടകർ ആവശ്യപ്പെട്ടു. പിന്നീടു മുംബൈ ഷണ്മുഖാനന്ദ ഹാളിലും ലീല ഹോട്ടലിലും ഞങ്ങൾ ഇതേ നാടകം അവതരിപ്പിച്ചു.

കാവാലം എന്ന ഗുരുവിന്റെ കൃപകൊണ്ടു തന്നെയാണ്, ഒരിക്കലും ഒരിടത്തുപോലും ഞങ്ങൾക്കു പിഴച്ചില്ല. ഞാനൊരിക്കലും പഠിക്കാത്തൊരു ഭാഷ എനിക്കെങ്ങനെ വഴങ്ങിയെന്നറിയില്ല. എന്നിലെ നാടകനടനെ കാവാലം സാർ കണ്ടെത്തിയതും എങ്ങനെയെന്ന് എനിക്കറിയില്ല. ഞങ്ങളുടെ മനസ്സുകൾ തമ്മിൽ അത്രയേറെ ചേർന്നു പോയിരുന്നു.

ഒരു മാസം മുൻപാണ് ഞാനദ്ദേഹത്തെ അവസാനമായി കണ്ടത്. ശാരീരിക ക്ഷീണമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലെ ഊർജം വളരെ പ്രതീക്ഷ നൽകുന്നതായിരുന്നു. വിക്രമോർവശീയം എന്ന നാടകം ചെയ്യണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു. ഞാനതിനു സമ്മതിക്കുകയും ചെയ്തതായിരുന്നു. ഇപ്പോൾ ഹൈദരാബാദിൽ വച്ചുതന്നെ ഞാനദ്ദേഹത്തിന്റെ മരണവാർത്ത കേൾക്കുന്നു. കർണഭാരം എന്ന നാടകം ഞാൻ സ്വായത്തമാക്കിയതും ഹൈദരാബാദിൽ വച്ചുതന്നെയാണ്. ഓരോ ദിവസവും രാത്രി പഠിച്ചത് അദ്ദേഹത്തെ പറഞ്ഞുകേൾപ്പിക്കുമായിരുന്നു. ഫോണിന്റെ മറുവശത്താണെങ്കിലും എന്റെ മുന്നിൽ ഒരു ഗുരുവിന്റെ സാന്നിധ്യം ഉള്ളതായി തോന്നിയിട്ടുണ്ട്. അപൂർവം ചിലരിൽ നിന്നു മാത്രമേ ഈ ഗുരുസാന്നിധ്യം എനിക്ക് അനുഭവപ്പെട്ടിട്ടുള്ളൂ.

ഒരു നടനെന്ന നിലയിൽ, ശിഷ്യനെന്ന നിലയിൽ, ആ ഗുരുചൈതന്യത്തിനു മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു. എന്റെ അഭിനയ ജീവിതത്തിലെ അപൂർവമായൊരു വെളിച്ചമാണു മുന്നിലുള്ളത്. അദ്ദേഹത്തിന്റെ വേർപാടിനു ശേഷം പോലും ആ വെളിച്ചം എന്നെ നയിക്കുമെന്നെനിക്കറിയാം.