പുലിമുരുകനിൽ ‘പുലി’ ഇല്ല; മോഹൻലാൽ വെളിപ്പെടുത്തുന്നു

മലയാളത്തിൽ നിന്നൊരു ബ്രഹ്മാണ്ഡചിത്രം. അങ്ങനെയൊരു വിശേഷണവുമായാണ് മോഹൻലാലിന്റെ പുലിമുരുകന്‍ എത്തുന്നത്. സിനിമ അനൗൺസ് ചെയ്തത് മുതൽ ആകാംക്ഷയോടെയാണ് ഓരോ വാർത്തകളും പ്രേക്ഷകർ വായിച്ചിരുന്നത്. പീറ്റർ ഹെയ്ൻ മലയാളത്തിലെത്തുന്നു, മോഹൻലാൽ യഥാർത്ഥ പുലിക്കൊപ്പം അഭിനയിക്കുന്നു. തുടങ്ങിയ വാർത്തകളെല്ലാം നമ്മൾ കേട്ടു. ഇതാ പുലിമുരുകന്റെ കൂടുതൽ വിശേഷങ്ങളുമായി മോഹൻലാൽ.

‘സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. ജൂലൈയിൽ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി. ഞാനൊരു യഥാർത്ഥ കടുവക്കൊപ്പമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

ആദ്യം പുള്ളിപ്പുലിയെ ആയിരുന്നു ചിത്രത്തിന് വേണ്ടി നിർദ്ദേശിച്ചത്. എന്നാൽ അതിന്റെ വേഗത കാമറയിൽ ചിത്രീകരിക്കാനും മറ്റും ബുദ്ധിമുട്ടായിരിക്കുമെന്ന് തോന്നി. മാത്രമല്ല പുലിയുടെ പുറകെ ഓടുന്ന മനുഷ്യനെയും യാഥാർത്ഥ്യത്തോടെ കാണാൻ സാധിക്കില്ല. അക്കാര്യത്തിൽ കടുവകളെ നമുക്ക് ഉപയോഗിക്കാം. അവയ്ക്ക് വലിപ്പവും ഭാരവും ഏറെയാണ്. ഏകദേശം 300 കിലോ.

ഗ്രാഫിക്സും സിനിമയ്ക്കായി വേണ്ടി വന്നിട്ടുണ്ട്. എന്നാൽ സിനിമയിലെ എൺപത് ശതമാനവും യഥാർത്ഥ കടുവയെ ഉപയോഗിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആ അനുഭവം വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല. നിങ്ങളൊരു യഥാർത്ഥ കടുവയുടെ അടുത്ത് പോയി നിൽക്കുമ്പോൾ അറിയാം ആ അനുഭവം. എല്ലാം ഭംഗിയായി നടന്നെന്ന് പറയാം. നമ്മുടെ ഇൻഡസ്ട്രി ഇന്നേ വരെ കണ്ടിട്ടില്ലാത്ത ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കും പുലിമുരുകൻ. ഇതൊരു യൂണിവേഴ്സൽ സബ്ജക്ട് ആണ്. മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ കഥ അങ്ങനെ എല്ലാ ചിത്രങ്ങളിലും നമ്മൾ കണ്ടിട്ടില്ല.

ആക്ഷന് പുറമെ മനുഷ്യമനസ്സുകളെ വികാരംകൊള്ളിക്കുന്ന നല്ല കഥ കൂടി ഈ ചിത്രത്തിനുണ്ട്. 115 ദിവസം ഈ ചിത്രത്തിന് വേണ്ടി ഞാൻ മാറ്റിവച്ചു. പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഈ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കാനും ഞങ്ങൾ പദ്ധതിയിടുന്നുണ്ട്. മാത്രമല്ല ചിത്രത്തിന്റെ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഇംഗ്ലീഷ് പതിപ്പും അത് കൂടാതെ ചൈനീസ്, സ്പാനിഷ് ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും.