മോഹൻലാലിന്റെ നായികയായി ദേവയാനി

ബാലേട്ടനിലൂടെ മലയാളികളുടെ മനം കവര്‍ന്ന ജോഡികളാണ് മോഹന്‍ലാലും ദേവയാനിയും. ഈ ഭാഗ്യ ജോഡികള്‍ വീണ്ടും ഒന്നിക്കുകയാണ്. മോഹന്‍ലാല്‍ നായകനാവുന്ന തെലുങ്ക് ചിത്രം ജനത ഗാരേജിലാണ് ദേവയാനി മോഹന്‍ലാലിന്‍റെ ഭാര്യയാകുന്നത്.

കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനത ഗാരേജ് എന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജൂനിയര്‍ എന്‍ടിആറാണ് തെലുങ്കില്‍ നിന്നുള്ള മറ്റൊരു പ്രധാന താരം. സാമന്തയും പ്രധാന വേഷത്തിലെത്തുന്നു. മലയാളത്തില്‍ നിന്ന് ഉണ്ണി മുകുന്ദനും അഭിനയിക്കുന്നുണ്ട്. നിത്യ മേനോനും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍മാനി, വൈ. രവി ശങ്കര്‍, സി.വി. മോഹന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. നരൻ, ഒരു നാൾ വരും എന്നീ ചിത്രങ്ങളിൽ മോഹൻലാലും ദേവയാനിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. കിന്നരിപ്പുഴയോരമെന്ന മലയാള സിനിമയിലൂടെയാണ് ദേവയാനി നായികയായി സിനിമയില്‍ അരങ്ങേറുന്നത്. ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ് ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ ദേവയാനി നായികയായി. 2011ല്‍ പുറത്തിറങ്ങിയ സര്‍ക്കാര്‍ കോളനിയാണ് അവസാനം പുറത്തിറങ്ങിയ ദേവയാനിയുടെ മലയാള ചിത്രം. നാനി എന്ന ചിത്രത്തിലാണ് അവസാനമായി തെലുങ്കില്‍ അഭിനയിച്ചത്.