മോഹന്‍ലാലിനെ കാണാന്‍ വീല്‍ച്ചെയറില്‍ ഒരു ആരാധകന്‍ പോളണ്ടില്‍ നിന്ന്

പോളണ്ടിൽ നിന്നും വീൽചെയറിൽ ബർത്തോഷ് എത്തി മോഹൻലാലിനെ കാണാൻ. മോഹൻലാൽ ആരാധകർക്ക് സുപരിചിതനാണ് ബർത്തോഷ് ഷർനോട്ടയെന്ന പോളണ്ടുകാരൻ. മോഹൻലാലിന്റെ കടുത്ത ആരാധകനാണ് ബർത്തോഷ്. പ്രിയതാരത്തെ ഒരുനോക്കു കാണാൻ പോളണ്ടിൽ നിന്നും കൊച്ചിയിലെത്തിയിരിക്കുകയാണ് ബർത്തോഷ്. പത്ത് ദിവസം കൊച്ചിയില്‍ ചിലവഴിക്കും. മോഹന്‍ലാലിനെ കാണുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം മലയാള സിനിമയെ അടുത്ത് അറിയാനും കൂടിയാണ് ഈ വരവ്.

പോളിഷ് ഭാഷയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ച് ബ്ലോഗുകളും ലേഖനങ്ങളും ബർത്തോഷ് തയ്യാറാക്കിയിട്ടുണ്ട്. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയായ ബര്‍ത്തോഷ് ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് പ്രബന്ധം തയ്യാറാക്കി വരികയാണ്. മോഹന്‍ലാലിനെക്കുറിച്ച് വിക്കിപീഡിയ പേജിലെ പോളിഷ് ഭാഷയിലുള്ള വിവരണം തയ്യാറാക്കിയതും ബര്‍ത്തോഷാണ്.

തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്വഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇലക്ട്രിക് വീല്‍ച്ചെയറിലാണ് ജീവിതം. പോളണ്ടിലുള്ള ആരാധകരന്റെ കാര്യം മോഹന്‍ലാലിനും അറിയാം. കൊച്ചിയിലെത്തുന്നതും മോഹന്‍ലാലിനെ കാണാനുള്ള ആഗ്രഹവും ബര്‍ത്തോഷ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. ദൃശ്യമാണ് ബര്‍ത്തോഷ് അവസാനം കണ്ട മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ ഇരുവര്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.