തെലുങ്ക് അറിയില്ലെന്നോ... മോഹൻലാൽ ഡാ...

മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് തെലുങ്കിൽ ഡബ്ബ് ചെയ്യാനാറിയില്ലെന്നും ഇതു മൂലം അദ്ദേഹത്തിന്റെ പുതിയ തെലുങ്ക് ചിത്രങ്ങൾ വൈകുന്നുവെന്നും വാദിച്ചവർ ഇൗ വിഡിയോ ഒന്നു കാണുക. നല്ല മണി മണി പോലെ അദ്ദേഹം തെലുങ്കിൽ സംസാരിക്കുന്നത് കണ്ടില്ലേ. 

ഇൗ മോഹൻലാലിനെക്കുറിച്ചാണോ ആ വാർത്തകൾ വന്നത് ? എങ്കിൽ അതു പടച്ചു വിട്ടവർക്ക് തെറ്റിപ്പോയി. സിനിമയ്ക്കു വേണ്ടി എന്ത് ത്യാഗത്തിനും തയ്യാറാകുന്ന നടനാണ് അദ്ദേഹമെന്നത് അവർ വിസ്മരിച്ചു. തന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ മനമന്തയുടെ ഡബ്ബിങ്ങിനിടെ എടുത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ലാലേട്ടന്റെ തെലുങ്ക് സംസാരം ആരാധകരെ പോലും അമ്പരിപ്പിച്ചു. 

‘മനമാന്ത’ എന്ന ചിത്രത്തിന് വേണ്ടി  തെലുങ്ക് പഠിച്ച ശേഷം മോഹൻലാൽ ഡബ്ബ് ചെയ്യുകയായിരുന്നു. ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലെത്തുന്ന ചിത്രം നമത് എന്ന പേരിൽ തമിഴിലും വിസ്മയം എന്ന പേരിൽമലയാളത്തിലുമെത്തും.  ഗൗതമി, ഉർവശി, പി.ബാലചന്ദ്രൻ,  നാസർ  തുടങ്ങിയ വൻ താര നിര  ചിത്രത്തിലുണ്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു ദേശീയ അവാർഡ് നേടിയ ചന്ദ്രശേഖർ യേലട്ടിയാണ്.

18 വർഷത്തിനു ശേഷം ഗൗതമി മോഹൻലാലിനൊപ്പം   അഭിനയിക്കുന്ന ചിത്രം നാലു  കഥകളാണു പറയുന്നത്. ഗാണ്ഡീവം (1994) എന്ന തെലുങ്ക് ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള   മോഹൻലാൽ തെലുങ്കിൽ ചെയ്യുന്ന പ്രധാന വേഷമാണു മനമന്തയിലേത്. 

മനമന്തയ്ക്കു തൊട്ടുപിന്നാലേ ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രവും മോഹൻലാലിന്റേതായി പുറത്തിറങ്ങാനുണ്ട്. ജൂനിയർ എൻടിആറും സാമന്തയും നിത്യാ മേനോനും  പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ  മലയാളത്തിൽ നിന്ന് ഉണ്ണി മുകന്ദനുമുണ്ട്.