ചെലപ്രം സൂപ്പർ ഹിറ്റ്

കോഴിക്കോട് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് കക്കോടിക്ക് അടുത്ത് ചെലപ്രം എന്ന തനിനാടൻ ഗ്രാമം മഴയിൽ നനഞ്ഞുനിൽക്കുന്നു. കുന്നിറങ്ങി വരുന്ന ഒരു കെഎസ്ആർടിസി ബസ് സഖാ. നായനാർ സ്മാരക ബസ് സ്റ്റോപ്പിനു മുൻപിൽ നിൽക്കുന്നു. ആളുകൾ ഇറങ്ങുന്നു. ബസ് റിവേഴ്സ് എടുക്കുന്നു. വീണ്ടും വരുന്നു. വീണ്ടും റിവേഴ്സ് – ഇത് എന്താണ് ഇത് എന്ന് അന്തം വിട്ടു നിൽക്കുമ്പോൾ മരച്ചുവട്ടിൽ മഞ്ഞയിൽ കറുപ്പ് അക്ഷരത്തിൽ കീഴാറ്റൂർ എന്ന ബോർഡ്. ശ്രദ്ധിച്ചു നോക്കിയപ്പോൾ ചെലപ്രം എന്നു പേരുള്ള ബോർഡ് എവിടെയും കാണാനില്ല. ഞാലിപ്പൂവൻ പഴക്കുലകൾ നിറയെ തൂക്കിയിട്ടിരിക്കുന്ന ഓടിട്ട പച്ചക്കറിക്കട (ഇങ്ങനെയൊന്ന് പണ്ട് ഇവിടെ ഉണ്ടായിരുന്നില്ല).

സർബത്തും കടലമിഠായിയും വിൽക്കുന്ന പെട്ടിക്കട. അപ്പുറം ആധാരം എഴുത്താപ്പീസ്, കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം. കോഴിക്കോട് ജില്ലയിൽ ഈ പേരുള്ള ഒരു പഞ്ചായത്തുണ്ടോ? കടകൾക്കു മുൻപിലും വഴി അരികിലും ആളുകൾ കൂട്ടം കൂടി നിന്നു സംസാരിക്കുന്നു. എന്താണ് സംഭവിക്കുക എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആ പഴഞ്ചൻ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ ഒരു വെള്ള ബെൻസ് എസ്‌യുവി വന്നു നിന്നു. ആളുകൾ കൂട്ടത്തോടെ അങ്ങോട്ടു വരുന്നുണ്ട്. വണ്ടിയിൽനിന്ന് വെള്ള മുണ്ടും ഇളം ഓറഞ്ചു ഷേർട്ടും ഇട്ട് ഒരാൾ ഇറങ്ങുന്നു.. മോഹൻലാൽ.. അദ്ദേഹം പഞ്ചായത്ത് ഓഫിസിലേക്കു കയറിപ്പോയി.

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ഷൂട്ടിങ്ങാണ് നടക്കുന്നത്. ആ പഞ്ചായത്ത് ഓഫിസ് ഒരു പഞ്ചായത്ത് ഓഫിസ് അല്ല. ഏതുപഞ്ചായത്ത് ഓഫിസിനെയും വെല്ലുന്ന സെറ്റ് ഇട്ടിരിക്കുകയാണ്. ചെലപ്രത്ത് ഇങ്ങനെയൊരു സംഭവം ആദ്യം. നാട്ടുകാരും സിനിമാ അണിയറപ്രവർത്തകരും തിങ്ങിനിറഞ്ഞ് ഒരു ഉൽസവപ്പറമ്പ് കണക്കെയാണ് ആ നാട്. ആളുകൾ മോഹൻലാലിനെ ഒന്നു കാണാൻ തിടുക്കപ്പെട്ടു. കൂടെ നിന്ന് ഒരു പടം– അതു മാത്രമാണ് മനസ്സിൽ. എല്ലാ മൊബൈൽ ഫോണുകളും കൂർപ്പിച്ചു വച്ചിരിക്കുകയാണ്. അൽപസമയം കഴിഞ്ഞ് കീഴാറ്റൂർ പഞ്ചായത്ത് സെക്രട്ടറി ഉലഹന്നാനായി മലയാളത്തിന്റെ മഹാനടൻ വേഷമിട്ടു പുറത്തിറങ്ങി.

ബസ് ഇറങ്ങി, കവല പിന്നിട്ട് പഞ്ചായത്ത് ഓഫിസിൽ എത്തുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഷൂട്ടിങ് തുടങ്ങണമെങ്കിൽ ബസ് സ്റ്റോപ്പിലേക്കു നടക്കാൻ ഇത്തിരിയുണ്ട്. നടന്നു തന്നെ പോകാം എന്ന് അദ്ദേഹം സഹപ്രവർത്തകരോടു പറയുന്നു. വഴിയിൽ കാത്തുനിൽക്കുന്നവരിൽ പലപ്രായക്കാരായ സ്ത്രീകളും പുരുഷന്മാരും. എല്ലാവരും മൊബൈൽ റെഡിയാക്കി ഷൂട്ടിങ് തുടങ്ങി.സ്കൂളിൽ പോകാതെ കുട്ടികളും, പണിക്കുപോകാതെ ആണുങ്ങളും കാത്തുനിൽക്കുന്നു. മൂന്നു തലമുറകളുടെ മനസ്സിലെ സ്വപ്നനായകനാണ്. ഈ കടന്നുപോകുന്നത്. മഴവീണു കുതിർന്ന് ചെളി നിറഞ്ഞ വഴി ചവിട്ടി, ആരാധകരെ നോക്കി കൈവീശി, പുഞ്ചിരിച്ച് അവർക്കു നടുവിലൂടെ അദ്ദേഹം നടന്നു നീങ്ങി.

അടുത്ത നാടുകളിൽ നിന്നെല്ലാം ആളുകൾ അവിടെ എത്തിയിട്ടുണ്ട്. ഒറ്റ ബസിനു പോകാൻ മാത്രം വീതിയുള്ള വഴിയുടെ പാതിയും ബൈക്കുകൾ കൊണ്ട് നിറഞ്ഞു. ബസിലെ രംഗമാണ് ചിത്രീകരിക്കുന്നത് സഹകഥാപാത്രങ്ങളായി മഞ്ജു സുനിച്ചനും അപ്പുണ്ണി ശശിയും. രണ്ടു ടേക്കുകൾ ഓകെ ആയില്ല. അപ്പോൾ എങ്ങനെയാണ് അവിടെ അഭിനയിക്കേണ്ടത് എന്ന് ലാൽ കൂടെയുള്ളവരോടു പറഞ്ഞു മനസ്സിലാക്കുന്നു. അപ്പോൾ മൂന്നാം ടേക്ക് ഓകെ. ബസിലെ ലൈറ്റിങ് ശരിയാക്കാനാണ് ഒരു ഇടവേള. അദ്ദേഹം ബസ് ഇറങ്ങി ബസ് സ്റ്റോപ്പിൽ ഇരിക്കുന്നു. വലിയ ഒരു വേദിയിൽ എന്നപോലെ. സദസ്യരെ പോലെ വലിയ ജനക്കൂട്ടം അദ്ദേഹത്തിനു മുൻപിൽ നിൽക്കുന്നു.

‘മ്മടെ ലാല് ഒരി ചെറീയെ ചെക്കനാണ് ല്ലേ.. : പ്രായമായ ഒരാൾ കമന്റ് പറയുന്നു. എത്ര സിമ്പിളാന്ന് നോക്കൂ എന്ന് ഒരു ന്യൂ ജെൻ ആത്മഗതം. പോകെപ്പോകെ ജനംകൂടിക്കൂടി വന്നു. അവരെ നിയന്ത്രിക്കാൻ പൊലീസും.‘മുപ്പത്തഞ്ചു വർഷമായി കോഴിക്കോടുമായി എനിക്ക് ആത്മബന്ധമുണ്ട്. അന്നു തുടങ്ങിയ സ്നേഹത്തിന് ഇന്നും ഒരു ഉടവും സംഭവിച്ചിട്ടില്ല. ജനമനസ്സുകളിലെ സ്നേഹം അതുപോലെയുണ്ട്. പിന്നെ. ഞാൻ കഴിച്ചിട്ടുള്ള ഏറ്റവും രുചിയേറുന്ന വിഭവങ്ങൾ പലതും കോഴിക്കോട്ടേതാണ്..’ മോഹൻലാൽ ഇടവേളയ്ക്കിടെ മനസ്സു തുറന്നു. വളരെ ലളിതമായി, തീർത്തും സാധാരണക്കാരനായി, ആ ജനക്കൂട്ടത്തിൽ ഒരാളായി അദ്ദേഹം അവിടെ ഇരുന്നു.

പിന്നീട് നടന്ന് പഞ്ചായത്ത് ഓഫിസിൽ കയറുന്ന രംഗം അനായാസേന ചിത്രീകരിച്ചു. ഇനിയുള്ള രംഗം പഞ്ചായത്ത് ഓഫിസിനുള്ളിലാണ്. ആ നാട്ടിലെ തന്നെ കുറേ പേരാണ് അതിലെ കഥാപത്രങ്ങളായി വേഷമിട്ടിരിക്കുന്നത്. സിനിമയിൽ അഭിനയിക്കുക എന്നതിനപ്പുറം ലാലേട്ടനെ കാണാൻ പറ്റിയല്ലോ എന്ന സന്തോഷത്തിലാണ് അവർ. പഞ്ചായത്ത് ഓഫിസിലെ രംഗങ്ങൾ സജ്ജീകരിക്കാൻ തുടങ്ങുമ്പോൾ സംവിധായകൻ ജിബു പറയുകയാണ്. ലാലേട്ടൻ ഒരു ഗുരുവും പാഠപുസ്തകവുമാണ്. എന്റെ സിനിമയിൽ അദ്ദേഹത്തെ കിട്ടി എന്നത് എന്റെ മഹാഭാഗ്യമാണ്. അഭിനയം എന്നതിലപ്പുറം അദ്ദേഹം എന്നെ ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കുന്നു. ഒരു വിസ്മയമാണ് അദ്ദേഹം’. പഞ്ചായത്ത് ഓഫിസിനു മുൻപിൽ ജനക്കൂട്ടത്തിന്റെ വലുപ്പം വലുതായിക്കൊണ്ടേയിരുന്നു.

ചെലപ്രത്തിന്റെ നേരം

ചെലപ്രം എന്ന പേരിനു ചേലില്ലെങ്കിലും കീഴാറ്റൂരിന് ഒരു ഗ്രാമീണത്തമൊക്കെയുണ്ട്. മോഹൻലാൽ അഭിനയിക്കുന്ന, ജിബു സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഒരു നാടൻ ലൊക്കേഷൻ തേടി അണിയറപ്രവർത്തകർ ഒരുപാടലഞ്ഞു. ഒടുവിലാണ് കക്കോടിക്കടുത്തുള്ള ചെലപ്രത്തെ കണ്ടെത്തുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കവലയും കവലയിറങ്ങി വരുന്ന വഴിയും വഴിയുടെ അറ്റത്തൊരു പഞ്ചായത്ത് ഓഫിസുമായിരുന്നു സംവിധായന്റെ മനസ്സിലുണ്ടായിരുന്നത്. കവലയിലുള്ള കടകൾക്കു പുറമെ ഒന്നു രണ്ടു പെട്ടിക്കടകളൊരുക്കി.വാഴത്തോപ്പായിരുന്ന സ്ഥലം വെട്ടിയൊതുക്കി പഞ്ചായത്ത് ഓഫിസ് സെറ്റിട്ടു. 25 ലക്ഷം രൂപ ചെലവിട്ടാണ് സെറ്റൊരുക്കിയത്. 20 ദിവസം കൊണ്ടു പണിതീർത്തു. പഴയ കടലാസിന്റെയും പൊടിയുടെയും മണമുള്ള അസ്സലിനെ വെല്ലുന്ന പഞ്ചായത്ത് ഓഫിസ്.

വെള്ളക്കെട്ടുള്ള സ്ഥലമായതിനാൽ താഴ്ന്നു പോകാതിരിക്കാൻ ഇരുമ്പിന്റെ അടിത്തറയൊരുക്കി. പ്ലൈവുഡും മെറ്റൽ ഷീറ്റും കൊണ്ടാണ് പഞ്ചായത്ത് ഓഫിസ് നിർമിച്ചത്. ഫയലുകളുടെ കൂമ്പാരം, പൊടിപിടിച്ച ഫാൻ, അടർത്തിയ നോട്ടിസുകൾ ശേഷിക്കുന്ന നോട്ടിസ് ബോർഡ് തുടങ്ങി വിശദാംശങ്ങളിലെല്ലാം ശ്രദ്ധിച്ചു. അടുത്തു തന്നെ ചായക്കടയുമൊരുക്കി. കടം ചോദിക്കരുത് , ചില്ലറ തരണം എന്നിങ്ങനെ നിയമപ്രകാരമുള്ള എല്ലാ മുന്നറിയിപ്പുകളുമുള്ള ചായക്കട. പുറംഭിത്തിയിൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ പരസ്യം പതിച്ചിരിക്കുന്നു. അജയ് മങ്ങാടാണ് കലാസംവിധാനം.

പ്രചോദനം ‘പ്രണയോപനിഷത്’

ബി.സിന്ധുരാജിന്റെ പത്താമത്തെ തിരക്കഥയാണ് ഇത്. സിന്ധുരാജ് ആദ്യമായാണ് മോഹൻലാലിനുവേണ്ടി എഴുതുന്നത്. ചിത്രത്തെപ്പറ്റി സിന്ധുരാജ് പറയുന്നത് ഇങ്ങനെ: വി.ജെ.ജയിംസിന്റെ പ്രണയോപനിഷത് എന്ന ചെറുകഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഞാൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ, പുതിയ കഥയും തിരക്കഥയും സംഭാഷണവുമാണ് ചിത്രത്തിനുവേണ്ടി തയാറാക്കിയിരിക്കുന്നത്. പൂർണമായും ഒരു കുടുംബകഥയാണ്.

എന്നാൽ, പുതിയ കാലത്തെ ദാമ്പത്യ ജീവിതം പഴയതിൽനിന്ന് എങ്ങനെ വ്യത്യസ്തമാകുന്നു എന്നതു കൂടി ഈ സിനിമ പറയും. ഭാര്യാ ഭർത്താക്കന്മാർ അറിഞ്ഞോ അറിയാതെയോ വീണുപോകുന്ന ചില ഒളിവിടങ്ങൾ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്. ഒടുവിൽ അവർക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് അവർ തന്നെ കണ്ടെത്തുകയും ചെയ്യും. ആ തിരിച്ചറിവാണ് ദാമ്പത്യജീവിതത്തിലെ ശരിയായ പരിണാമം. സിനിമ കണ്ടിറങ്ങുന്ന ഭാര്യാഭർത്താക്കന്മാർ അവർ അറിയാതെ തന്നെ പരസ്പരം കൈകൾ കോർത്തു പിടിക്കും എന്നാണ് എന്റെ വിശ്വാസം.