ബർത്തോഷ് മോഹൻലാലിനെ കണ്ടു, സംസാരിച്ചു

മോഹൻലാൽ, തന്റെ ആരാധകനും ദക്ഷിണേന്ത്യൻ സിനിമയെക്കുറിച്ചു ഗവേഷണം നടത്തുകയും ചെയ്യുന്ന പൊളണ്ട് സ്വദേശി ബർത്തോസ് സർണാട്ടോയുമായി സൗഹൃദം പങ്കിടുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിന് പോളണ്ടിലുമുണ്ട് ഒരു കടുത്ത ആരാധകൻ. ജന്മനാ ശാരീരിക വളർച്ച ഇല്ലാത്തതിനാൽ ഇലക്ട്രിക് വീൽചെയറിലാണ് ബർത്തോഷ്. ആരാധകൻ മാത്രമല്ല പോളിഷ് ഭാഷയിൽ ദക്ഷിണേന്ത്യൻ സിനിമകളെക്കുറിച്ച് നിരവധി ബ്ലോഗുകളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

പൊളിറ്റിക്കൽ സയൻസിൽ ബിരുദാന്തര ബിരുദധാരിയായ ബർത്തോഷ് ദക്ഷിണേന്ത്യൻ സിനിമാതാരങ്ങളുടെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് പ്രബന്ധം തയാറാക്കി വരുകയാണ്. ഒരാഴ്ചയായി കൊച്ചിയിലെത്തിയ ബർത്തോഷ് തന്റെ പ്രിയതാരത്തെ കാണാനായി കാത്തിരിക്കുകയായിരുന്നു. തിരുവനന്തപുരം നാലാഞ്ചിറ മാർ ബസേലിയസ് എഞ്ചിനിയറിംഗ് കോളേജില്‍ അവയവദാന സൗഹൃദ ക്യാംപസ് പ്രഖ്യാപനചടങ്ങിനിടെയാണ് ആ കൂടിക്കാഴ്ച നടന്നത്.

വീൽചെയറിലെത്തിയ ആരാധകന് മുന്നിൽ മുട്ടുകുത്തി നിന്നാണ് മോഹൻലാൽ സംസാരിച്ചത്. ഒരുപാട് നേരം വിശേഷങ്ങൾ പങ്കുവക്കുകയും ഫോട്ടോയ്ക്ക് പോസു ചെയ്യുകയും ചെയ്തു.

മോഹന്‍ലാലിനെക്കുറിച്ച് വിക്കിപീഡിയ പേജിലെ പോളിഷ് ഭാഷയിലുള്ള വിവരണം തയ്യാറാക്കിയതും ബര്‍ത്തോഷാണ്. തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്വഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇലക്ട്രിക് വീല്‍ച്ചെയറിലാണ് ജീവിതം. പോളണ്ടിലുള്ള ആരാധകരന്റെ കാര്യം മോഹന്‍ലാലിനും അറിയാം. ദൃശ്യമാണ് ബര്‍ത്തോഷ് അവസാനം കണ്ട മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ ഇരുവര്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ.