മൂന്നു ഭാഷയിൽ ഒരേസമയം മോഹൻലാൽ

മോഹൻലാൽ ചിത്രം ഒരേ സമയം തെലുങ്ക്, തമിഴ്, മലയാളം റിലീസിന്. മനമന്ത എന്ന പേരിൽ െതലുങ്കിൽ എടുക്കുന്ന ചിത്രമാണു നമത് എന്ന പേരിൽ തമിഴിലും വിസ്മയം എന്ന പേരിൽ മലയാളത്തിലുമെത്തുന്നത്. ഓഗസ്റ്റ് അഞ്ചിനാണു ചിത്രം തിയറ്ററുകളിലെത്തുക. ഗൗതമി, ഉർവശി, പി.ബാലചന്ദ്രൻ, നാസർ തുടങ്ങിയ വൻ താര നിര ചിത്രത്തിലുണ്ട്.
ചിത്രം സംവിധാനം ചെയ്തിരിക്കുന്നതു ദേശീയ അവാർഡ് നേടിയ ചന്ദ്രശേഖർ യേലട്ടിയാണ്.

18 വർഷത്തിനു ശേഷം ഗൗതമി മോഹൻലാലിനൊപ്പം അഭിനയിക്കുന്ന ചിത്രം നാലു കഥകളാണു പറയുന്നത്. ഗാണ്ഡീവം (1994) എന്ന തെലുങ്ക് ചിത്രത്തിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള മോഹൻലാൽ തെലുങ്കിൽ ചെയ്യുന്ന പ്രധാന വേഷമാണു മനമന്തയിലേത്.

തെലുങ്ക് ഉച്ചാരണം കൃത്യമാക്കാൻ തെലുങ്ക് പഠിച്ച താരം സ്വന്തമായാണു ചിത്രത്തിനു ഡബ് ചെയ്തത്. ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ട മോഹൻലാൽ തെലുങ്കിൽ അഭിനയിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നു സംവിധായകൻ എസ്.എസ്.രാജമൗലി ട്വിറ്ററിൽ കുറിച്ചു. മനമന്തയ്ക്കു തൊട്ടുപിന്നാലേ ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രവും മോഹൻലാലിന്റേതായി പുറത്തിറങ്ങാനുണ്ട്. ജൂനിയർ എൻടിആറും സാമന്തയും നിത്യാ മേനോനും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തൽ മലയാളത്തിൽ നിന്ന് ഉണ്ണി മുകന്ദനുമുണ്ട്.