മുണ്ടുമടക്കിക്കുത്തി ലാലേട്ടൻ പറയുന്നു; വിഡിയോ

മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി മൂന്നു ഭാഷകളിലായി ഒരേ ദിവസം അദ്ദേഹം നായകനായി അഭിനയിച്ച സിനിമ റിലീസ് ചെയ്യുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായാണു അഞ്ചിനു ചിത്രം റിലീസ് ചെയ്യുക. ചന്ദ്രശേഖർ യെല്ലേറ്റി സംവിധാനം ചെയ്ത മനുമന്ത എന്ന സിനിമ തെലുങ്കിലും വിസ്മയം എന്ന പേരിൽ മലയാളത്തിലും റിലീസാകും. നമത എന്നാണു തമിഴിലെ പേര്. ഈ സന്തോഷം പങ്കുവെച്ച് മോഹൻലാൽ. ഫെയ്സ്ബുക്കിലൂടെയാണ് ഈ സന്തോഷം പങ്കുവച്ചത്.

കാൽനൂറ്റാണ്ടിനു ശേഷം മോഹൻലാൽ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. തെലുങ്കിൽ വേറിട്ട സിനിമ ചെയ്യുന്ന സംവിധായകനായ ചന്ദ്രശേഖർ കഥ പറഞ്ഞപ്പോൾ വിസ്മയം തോന്നിയാണ് ഈ സിനിമ ചെയ്യാൻ സമ്മതിച്ചതെന്നു മോഹൻലാൽ പറഞ്ഞു. ചിത്രത്തിനു വിസ്മയം എന്ന പേരു താൻ നിർദേശിക്കുകയായിരുന്നു. മനുമന്ത എന്നാൽ നമ്മളൊന്നാണ് എന്നാണർഥം.

നാലു കഥകളും ഒരു കഥയിലേക്കു മാറുന്ന അനിതരസാധാരണ സിനിമയായതിനാലാണു വിസ്മയം എന്ന പേരിട്ടത്. തെലുങ്കിലെ നാട്ടുഭാഷയാണു ചിത്രത്തിലുള്ളത്. 70 മണിക്കൂറോളം എടുത്താണു ഡബ് ചെയ്തത്. അനായാസം മനോഹരമായാണു മോഹൻ‍ലാൽ ഈ ചിത്രത്തിലെ വേഷം കൈകാര്യം ചെയ്തതെന്നു സംവിധായകൻ ചന്ദ്രശേഖരൻ യെല്ലേറ്റി അഭിപ്രായപ്പെട്ടു. ജനത ഗാരിജ് എന്ന ചിത്രത്തിന്റെ ഡബിങ് നിർത്തി വച്ചു എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഡബിങ് ആരംഭിച്ചിട്ടില്ലെന്നും മോഹൻലാൽ അറിയിച്ചു.