തിരഞ്ഞെടുപ്പോ? ഒരു ടെൻഷനമില്ല

ഓരോ തവണ തിരഞ്ഞെടുപ്പു വരുമ്പോഴും ഇടതുപക്ഷം കൊല്ലത്ത് സ്ഥിരമായി പറയുന്ന പേരുകളിലൊന്നായിരുന്നു നടൻ മുകേഷിന്റേത്. അതുകൊണ്ടു തന്നെ മുകേഷിനെ എല്ലാവരും കളിയാക്കി വിളിച്ചിരുന്നതും സാധ്യതാ മുകേഷ് എന്നായിരുന്നു. എന്നാൽ ഇപ്പോൾ എന്തായാലും സാധ്യതാ മുകേഷിനെ സ്ഥാനാർഥിയാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റി യോഗവും തീരുമാനിച്ചിട്ടുണ്ട്. സാധ്യതാ മുകേഷ് സ്ഥാനാർഥിയാകുന്നതിനെ കുറിച്ച് മുകേഷ് മനോരമ ഓൺലൈനോട്...

തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനു മുൻപ് കുറച്ച് ഡബിങ്ങും ടിവി പ്രോഗ്രാമിന്റെയും ഷൂട്ടുകൾ തീർക്കണം. അത് തീർക്കാനുള്ള തിരക്കിലാണ് ഇപ്പോൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ചൊന്നും ഞാൻ പ്ലാൻ ചെയ്തിട്ടില്ല. ഞാൻ പുതിയ ഒരാളല്ലേ. എല്ലാം പാർട്ടി തീരുമാനിക്കട്ടെ, ഞാൻ എന്തിനും കൂടെ നിൽക്കും.

എന്തെല്ലാം വാഗ്ദാനങ്ങളാണ് ജനങ്ങൾക്ക് നൽകുന്നതെന്നുമായ ചോദ്യത്തിന് സ്വതസിദ്ധമായ ശൈലിയിൽ തന്നെ ഉത്തരവും നൽകി. ആദ്യം ഞാൻ ഒരു കുപ്പി തേനും ഒരു കുപ്പി പാലുമായി പോകും. ആദ്യം തേൻ അവരുടെ മുന്നിലേക്ക് ഒഴുക്കിയിട്ട് ഞാൻ പറയും ഇതൊരു സാംപിൾ, ഇതു ഞാൻ ചെയ്തിരിക്കുമെന്ന്.

തിരഞ്ഞെടുപ്പ് വരുന്നതു പോലെ വരട്ടെ. കുറേ കൊല്ലങ്ങളായി നമ്മൾ തിരഞ്ഞെടുപ്പ് കാണുന്നതല്ലേ, സ്ഥാനാർഥിയാകുന്നത് ആദ്യമാണെന്നല്ലേ ഉള്ളു. അതിഭാവുകത്വമോ ഹീറോയിസമോ ഒന്നുമില്ല വളരെ നാച്വറലായിട്ട് സാധാരണ ജനങ്ങളോട് ഇടപഴകുന്നതു പോലെ തന്നെ ചെയ്യും.

ജനപ്രതിനിധി ആയാലും അഭിനയത്തിൽ നിന്നു വിട്ടു നിൽക്കാൻ സാധിക്കില്ല. അതു നമ്മുടെ ജോലിയാണ്. എന്തായാവും ഒരു ടെൻഷനുമില്ലാതെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഞാനും. മുകേഷ് പറഞ്ഞു.