പോയത് രാഹുല്‍ ക്ലബ്ബില്‍ അംഗത്വമെടുക്കാൻ; മുകേഷിന്റെ ചുട്ടമറുപടി

കൊല്ലം എംഎൽഎയെ കാണാനില്ലെന്ന് പരാതി നൽകിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മറുപടിയുമായി മുകേഷ് എംഎൽഎ രംഗത്തെത്തി. കൊല്ലത്തുനിന്ന് പോയത് രാഹുല്‍ ക്‌ളബില്‍ അംഗത്വമെടുക്കാനാണെന്ന് എം.മുകേഷ് എം.എല്‍.എ . നാലുമാസമെങ്കിലും വീട്ടില്‍ പറയാതെ മാറിനിൽക്കുന്നവർക്കേ അംഗത്വം തരൂ എന്നുപറഞ്ഞ് മടക്കിയയച്ചെന്നും അദ്ദേഹം പറഞ്ഞു.

തന്നെക്കുറിച്ചുള്ള പരാതിപ്പറ്റി സരസമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതി തമാശയായേ കാണുന്നുള്ളു. അപ്പോള്‍ ഞാന്‍ പറയുന്ന തമാശ അവരും കേള്‍ക്കേണ്ടിവരും. രാജിവയ്ക്കാനും ഉദ്ദേശിക്കുന്നില്ല. സ്ഥാനാര്‍ഥിയാവാന്‍ യു.ഡി.എഫുകാര്‍ കൂട്ടയടി നടത്തുന്നത് ഒഴിവാക്കാനാണതെന്നും മുകേഷ് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തുകയും പരാതി നല്‍കുകയും ചെയ്ത ദിവസം താന്‍ ആനന്ദവല്ലീശ്വരത്തെ എം.എല്‍.എ. ഓഫീസില്‍ ആയിരുന്നു. പാര്‍ട്ടി ഓഫീസില്‍ തിരക്കിയാല്‍ താന്‍ എവിടെയാണെന്നറിയാം. അവിടെ പറഞ്ഞിട്ടേ പോവുകയും വരുകയും ചെയ്യാറുള്ളു. നാലഞ്ച് ദിവസമല്ലേ സ്ഥലത്തില്ലാതിരുന്നുള്ളു. ഒരുകൊല്ലമൊന്നും കാണാതിരുന്നില്ലല്ലോ. ഒരു കലാകാരനുംകൂടിയാണ് താന്‍. മുകേഷ് കൂട്ടിച്ചേർത്തു.

ബോംബ് സ്‌ഫോടനമുണ്ടായ ദിവസം പോലീസ് കമ്മിഷണറോട് വിവരങ്ങള്‍ തിരക്കിയിരുന്നു. വൈകിട്ട് കൊല്ലത്ത് മുഖ്യമന്ത്രി വന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. തന്നെ കാണാതായെന്ന പരാതി സ്വീകരിച്ച പോലീസിന്റെ നടപടിയുടെ നിയമവശം പാര്‍ട്ടി പരിശോധിക്കും. ജനനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചുവേണം നേതാവാകേണ്ടത്. ഇത്തരം തരികിട നമ്പറുകളെ പ്രോത്സാഹിപ്പിക്കരുതെന്നും യൂത്ത് കോണ്‍ഗ്രസുകാരെപ്പറ്റി മുകേഷ് പറഞ്ഞു.

കൊല്ലം എം.എല്‍.എ. മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളമാണ് പരാതിയുമായി പോലീസ് സ്‌റ്റേഷനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മണ്ഡലത്തില്‍ എംഎല്‍എയുടെ തലവെട്ടം പോലും ഇല്ലെന്നായിരുന്നു പരാതി.