മോഹൻലാലിനെ പിന്തുണച്ച് മുകേഷ്

പത്തനാപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഗണേഷ്‌കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തതിനെ ചൊല്ലി താര സംഘടനയായ 'അമ്മ'യില്‍ ചേരിതിരിവ്. ഇതിൽ പ്രതിഷേധിച്ച് നടന്‍ സലിം കുമാർ അമ്മ സംഘടനയിൽ നിന്നും രാജിവച്ചിരുന്നു. ഈ വിഷയത്തില്‍ മോഹൻലാലിന് പിന്തുണയുമായി കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുകേഷും രംഗത്തെത്തി.

വിവാദങ്ങളിലേക്ക് മോഹൻലാലിനെ വലിച്ചിഴയ്ക്കരുത്. പത്തനാപരത്ത് പോയത് മോഹൻലാലിന്റെ അവകാശമാണ്. ജഗദീഷിന് പരിഭവം പറയാമെന്നല്ലാതെ പോകണ്ട എന്ന് പറയാൻ പറ്റില്ല. കൊല്ലത്തും പ്രചാരണത്തിന് ക്ഷണിച്ചെങ്കിലും തിരക്കുമൂലം എത്തിയില്ല. സലിംകുമാർ കോൺഗ്രസുകാരനാണ്. പ്രതികരണത്തിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുകേഷ് പറഞ്ഞു. പല മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി സലിംകുമാര്‍ പ്രചാരണത്തിന് പോയപ്പോള്‍ ആരും രാജിവച്ചില്ലല്ലോയെന്ന് മുകേഷ് പറഞ്ഞു.

താരപോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ അമ്മയില്‍ നിന്ന് ആരും പ്രചാരണത്തിന് പോകില്ലെന്ന അലിഖിത നിയമം ലാൽ ലംഘിച്ചതുകൊണ്ടായിരുന്നു സലിം കുമാറിന്റെ രാജി.  മോഹൻലാൽ പ്രചാരണത്തിന് പോയത് തന്നെ വേദനിപ്പിച്ചെന്നും ഇത് ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജഗദീഷും പ്രതികരിച്ചു.

എന്നാല്‍ അമ്മയില്‍ അത്തൊരു അലിഖിത നിയമമില്ലെന്നാണ് ഭാരവാഹി കൂടിയായിരുന്നു നടന്‍ ഇടവേള ബാബുവിന്റെ പ്രതികരണം. പത്തനാപുരത്ത് മോഹന്‍ലാല്‍ അല്ല അമിതാഭ് ബച്ചന്‍ വന്നാലും ബിജെപി തന്നെ ജയിക്കുമെന്ന് ഭീമന്‍ രഘുവും പറഞ്ഞു.