നടൻ മുൻഷി വേണു ഇപ്പോൾ രോഗക്കിടക്കയിലെ ‘മെമ്പർ’

പഴുത്ത ഇല വീഴുമ്പോൾ പച്ചയില ചിരിക്കരുത്...!!! ടെലിവിഷൻ കാർട്ടൂൺ ആയ മുൻഷിയിലൂടെ ജനമനസിൽ ഇടംനേടിയ ‘മുൻഷി വേണു’വിനോട് ഒരു എൻഡ് പഞ്ച് ഡയലോഗ് ചോദിച്ചാൽ പറയുന്നത് ഈ പഴഞ്ചൊല്ലാകും. കയ്യിൽ പണമില്ലാതെ രോഗത്തോട് മല്ലിട്ട് കയറിക്കിടക്കാൻ ഒരു വിടു പോലും ഇല്ലാത്ത അവസ്ഥയിൽ ഇതിലും മികച്ചയൊരു വരി പറയാൻ വേണുവിന് കഴിയില്ല.

മുൻഷിയിലെ ‘മെമ്പറി’ലൂടെ തുടങ്ങി സിനിമ വരെ എത്തിയ കലാകാരന് ജീവിതം തന്നെ ഇന്ന് ഇരുട്ടിലാണ്. ടെലിവിഷനിലൂടെ പ്രശസ്തനായതോടെ നിരവധി സിനിമകളും വേണുവിനെ തേടിയെത്തിയിരുന്നു. ചെറുതെങ്കിലും ശ്രദ്ധേയമായ റോളുകളിലൂടെ വേണു പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരചിത്രങ്ങളിലായിരുന്നു വേണു അഭിനയിച്ചിരുന്നതും. ചോട്ടാ മുംബൈയിലെ ‘മോനെ ഷക്കീല വന്നോ’ എന്ന ചോദ്യം സിനിമാ കൊട്ടകകളെ ചിരിയുടെ കോട്ടകളാക്കി മാറ്റിയിരുന്നു.

അതിനിടെയാണ് വൃക്കരോഗം വില്ലനായി എത്തിയത്. ഇപ്പോള്‍ ചാലക്കുടി മുരിങ്ങൂരിലുള്ള പാലിയേറ്റീവ് കെയറിലാണ്. കൈയില്‍ പണമില്ലാത്തതിനാല്‍ വൃക്ക മാറ്റിവയ്ക്കാനും സാധിക്കുന്നില്ല. അങ്കമാലിയിലെ സ്കാര്യ ആശുപത്രിയിലാണ് ചികിത്സ. മാസത്തില്‍ 12 ഡയാലിസിസ് വേണം. ഒരു തവണ ഡയാലിസിസിന് തന്നെ നാലായിരം രൂപയോളം വേണം. കലാകാരനാണെങ്കിലും കാര്യമായ സമ്പാദ്യമൊന്നുമില്ല. അവിവാഹിതനാണ്. രോഗം തിരിച്ചറിഞ്ഞപ്പോള്‍ മമ്മൂട്ടിയും രാജീവ് പിള്ളയും സാമ്പത്തികമായി സഹായിച്ചിരുന്നു. അമ്മയിൽ അംഗമല്ലാത്തതിനാൽ അവിടെനിന്നുള്ള സഹായം ലഭിക്കില്ല. സിനിമകളിൽ അഭിനിയിച്ചിരുന്നു എങ്കിലും ഭീമമായ അംഗത്വ ഫീസ് ന‍ൽകാനില്ലാത്തതിനാലാണ് അമ്മയില്‍ അംഗത്വം എടുക്കാതിരുന്നത്.

കഴിഞ്ഞ പത്തുവര്‍ഷമായി ചാലക്കുടിയിലെ ഒരു ലോഡ്ജാണ് വേണുവിന്റെ വീട്. വാർധക്യം ബാധിച്ചെന്നു തോന്നിയപ്പോൾ സിനിമയിൽ നിന്നു സ്വയം വിരമിച്ചു. അവസരങ്ങളുമായി ആരെങ്കിലും സമീപിച്ചാലും ശാരീരികാവശതകൾ ചൂണ്ടിക്കാട്ടി പിന്മാറുകയാണ് പതിവ്. അടുത്തിടെയാണ് വൃക്കരോഗം തിരിച്ചറിയുന്നത്. ചികിത്സയ്ക്കായി കൈയിലുണ്ടായിരുന്ന തുക ചെലവഴിച്ചതോടെ ലോഡ്ജില്‍ നിന്നു പടിയിറങ്ങേണ്ടിവന്നു. സുമനസുകളുടെ കാരുണ്യത്തിനായി ഉറ്റുനോക്കുകയാണ് വേണു. സിനിമയിൽ നിന്നോ മിനിസ്ക്രീനിൽ നിന്നോ ആരെങ്കിലും സഹായവുമായി എത്തും എന്ന് ഉറച്ചു വിശ്വസിക്കുന്നു. ഒപ്പം സുമനസുകളുടെ കാരുണ്യത്തിനായും കേഴുകയാണ് ഈ പാവം കലാകാരൻ.

Venu Narayan, Bank Of India, Anamala Junction, Chalakudy.

AC No. 859710110000085, IFSC code BKID0008597