അമ്പിളിദേവിയോട് പിണക്കമില്ല: നവ്യാ നായർ

തൊടുപുഴ, ഇൗ പേരോർക്കുമ്പോൾ നവ്യാ നായരുടെ കൺകോണിലിപ്പോഴും മിഴിനീർ പൊടിയും. 15 വർഷം മുൻപു തൊടുപുഴ ന്യൂമാൻ കോളജിൽ പൊട്ടിക്കരഞ്ഞ പഴയ ധന്യയുടെ ചിത്രം തൊടുപുഴക്കാർ എങ്ങനെ മറക്കാനാണ്? നവ്യാ നായർ എന്ന വി. ധന്യ എന്ന പത്താം ക്ലാസുകാരിയുടെ കണ്ണീർത്തുള്ളി വീണു നനഞ്ഞ മണ്ണാണു തൊടുപുഴ. എംജി സർവകലാശാലയുടെ 27ാമതു കലോത്സവത്തിനു തൊടുപുഴ ആദ്യമായി വേദിയാകുമ്പോൾ കലാതിലക പട്ടം നഷ്ടപ്പെട്ട കണ്ണീരോർമയുടെ കലോത്സവത്തിലേക്കു കണ്ണോടിക്കുകയാണ് നവ്യ.

2001 ജനുവരി 14. തൊടുപുഴയിൽ 41ാമതു സംസ്‌ഥാന സ്‌കൂൾ കലോൽസവം. ഇടുക്കി ജില്ലയിൽ നടന്ന ഏക സംസ്ഥാന സ്കൂൾ കലോത്സവമായിരുന്നു അത്. കൊല്ലം കൊറ്റൻകുളങ്ങര ഗവ. എച്ച്‌എസ്‌എസിലെ എം. അമ്പിളീദേവിയും ആലപ്പുഴ നങ്ങ്യാർകുളങ്ങര ബിബിഎച്ച്‌എസിലെ വി. ധന്യയും. അവസാന ദിവസത്തെ ഏറ്റവും ശ്രദ്ധേയ ഇനമായ മോണോ ആക്‌ടിന്റെ ഫലം ഇരുവരുടെയും കലാതിലക നേട്ടത്തിനു നിർണായകം.

സമയം 10.15. സെന്റ് സെബാസ്‌റ്റ്യൻസ് സ്‌കൂളിൽ മോണോ ആക്‌ട് മൽസരം തുടങ്ങി. 18 പേരുടെ അഭിനയപ്പോരാട്ടം. 12.50ന് ഫലം വന്നപ്പോൾ അമ്പിളീദേവി ഒന്നാമത്. ധന്യയ്‌ക്കു ബി ഗ്രേഡ് മാത്രം. അമ്പിളീദേവി കലാതിലകം. പൊട്ടിക്കരഞ്ഞു കൊണ്ടു ധന്യ. ക്യാമറകളുടെ ഫ്ലാഷുകൾ നവ്യയുടെ കണ്ണീർ പലവട്ടം ഒപ്പിയെടുത്തു.

‘‘മോണോ ആക്‌ടിൽ സമ്മാനം ലഭിച്ചാൽ കലാതിലകപ്പട്ടം എനിക്കു കിട്ടും. എല്ലാവരുടെയും കണ്ണുകൾ എന്നിൽ മാത്രമായിരുന്നു. ആദ്യത്തെ ഊഴവും എനിക്കായിരുന്നു. അവതരണം കഴിഞ്ഞപ്പോൾ എനിക്കായിരിക്കും കലാതിലക പട്ടമെന്നു സദസ് മുൻകൂർ വിധിയെഴുതി. ദൃശ്യമാധ്യമങ്ങളടക്കമുള്ളവർ എന്റെ പിന്നാലെ എത്തി. ഇന്റർവ്യൂകളുടെ പരമ്പരയായിരുന്നു പിന്നീട്. ഫലം വന്നപ്പോൾ, എനിക്ക് സമ്മാനമില്ലെന്നറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി. ഒരു നിമിഷത്തിനുള്ളിൽ ഞാൻ ആൾക്കൂട്ടത്തിനു നടുവിൽ ഒറ്റപ്പെട്ടവളായി.

രക്ഷിതാക്കളും സഹോദരനുമൊഴികെ ആരും എന്റെ അടുത്തുണ്ടായിരുന്നില്ല. തൊട്ടടുത്ത നിമിഷം വരെ എന്റെ ചിത്രമെടുക്കാനും, എന്റെ വാക്കുകൾ പലതവണ സ്‌ക്രിബ്ലിങ് പാഡിൽ കുത്തിക്കുറിച്ചവരും എങ്ങോട്ടോ ഓടിമാറി. ഇതു പണമുള്ളവന്റെ കലോത്സവമാണ്. എന്റെ അച്‌ഛന് അതിനുള്ള കഴിവില്ലെന്നു പറഞ്ഞ് അമ്മയുടെ മടിയിൽ തലചായ്‌ച്ച് ഞാൻ പൊട്ടിക്കരഞ്ഞു... ഇന്ന് അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ചിരിക്കാൻ തോന്നുന്നു’’- നവ്യാ നായർ പറഞ്ഞു.

സംസ്‌ഥാന സ്‌കൂൾ കലാമേളയുടെ ഉടയാത്ത ചിത്രമാണ് നവ്യാ നായർ എന്ന സ്‌കൂൾ വിദ്യാർഥിനിയുടെ പൊട്ടിക്കരച്ചിൽ. പ്രേക്ഷകമനസ്സിലിടം പിടിച്ച പ്രിയ നടിയായും ഇപ്പോൾ തിരക്കുള്ള വീട്ടമ്മയായും മാറുമ്പോൾ കണ്ണീർ മുറിവുകൾ ഒരു ചിരികൊണ്ട് എല്ലാം മായ്‌ക്കാൻ നവ്യയ്‌ക്കു കഴിയുന്നു.

‘‘എല്ലാം ക്ഷണികമാണ്. സ്‌ഥാനങ്ങൾ കിട്ടുമ്പോൾ ഭ്രമിച്ചുപോകരുത്. വീഴ്‌ച വരുമ്പോൾ... ആരും ഒപ്പമുണ്ടാകില്ല... കലോത്സവം എന്നെ പഠിപ്പിച്ച ജീവിതത്തിലെ ആദ്യപാഠം ഇതാണ്. പത്താം ക്ലാസുകാരിയുടെ പക്വതയില്ലാത്ത മനസ്സായിരുന്നു അന്നെനിക്ക്... എന്റെ മനസ്സിൽ വേദന നിറച്ച ആ നിമിഷങ്ങൾ എനിക്കെങ്ങനെ മറക്കാനാകും?

വേദനിപ്പിക്കുന്ന മനസ്സുമായി അന്നു ഞാൻ ന്യൂമാൻ കോളജിന്റെ പടിയിറങ്ങി. രണ്ടു ദിവസം കഴിഞ്ഞ് എനിക്ക് തപാലിൽ ഒരു കത്ത് കിട്ടി. ഒറ്റപ്പാലത്തുനിന്നു കണിയാർകോട് ശിവശങ്കർ അയച്ച കത്തായിരുന്നു അത്. പത്രത്തിലെ പടവും വാർത്തയും കണ്ടാണ് കത്തെഴുതുന്നതെന്നായിരുന്നു ആമുഖം. നിങ്ങൾ മികച്ച കലാകാരിയാണ്. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ കലാലോകത്തിന്റെ നെറുകയിലെത്തും... ഇത്രമാത്രമായിരുന്നു കത്തിലെ വരികൾ. ആ വാക്കുകളായിരുന്നു എനിക്കു കിട്ടിയ അവാർഡ്...

എന്റെ ആദ്യത്തെ അവാർഡും അതായിരുന്നു. തൊടുപുഴയിൽ ബി ഗ്രേഡ് തന്ന മോണോ ആക്‌ട് തന്നെയാണ് ഇഷ്‌ടം എന്ന ആദ്യ ചിത്രത്തിലേക്കു വഴിയൊരുക്കിയത്. സ്‌ക്രീൻ ടെസ്‌റ്റിൽ സംവിധായകൻ സിബി മലയിലിനു മുന്നിൽ ഇതേ മോണോ ആക്‌ടാണ് ഞാൻ അവതരിപ്പിച്ചത്. അവർക്ക് ഇത് ഏറെ ഇഷ്‌ടപ്പെടുകയും ചെയ്‌തു. അമ്പിളീദേവിയോട് എനിക്കെന്നും സ്‌നേഹമാണ്. എന്റെ വിവാഹദിവസം കൊറ്റംകുളങ്ങരയിലെ ക്ഷേത്രത്തിൽ എന്റെ പേരിലാണ് അമ്പിളീദേവിയുടെ അമ്മ വഴിപാടു നേർന്നത്. ഓരോരുത്തർക്കും ഓരോ തട്ടകം ഈശ്വരൻ പറഞ്ഞിട്ടുണ്ട്. തലവരയും വരച്ചിട്ടുണ്ട്. അതു പോലെയേ സംഭവിക്കൂ....’’