സാരിയിൽ നയൻസ് ആഹാ.. !

ഏറെ നാളുകൾക്ക് ശേഷം ഭാസ്കർ ദ് റാസ്ക്കലിൽ നായികയായി മലയാള സിനിമയിൽ തിരിച്ചെത്തിയ നയൻതാരയെ കണ്ട് എല്ലാവരും ചോദിച്ചു എന്താ ആകെ ഒരു മാറ്റം? പള പളാ മിന്നുന്ന ഡ്രെസ്സ് ഒക്കെയിട്ട് ഡാൻസ് കളിച്ചിരുന്ന, ടീ ഷർട്ടും ജീൻസുമൊക്കെയിട്ട് ചുറ്റിക്കറങ്ങിയിരുന്ന നായിക പെട്ടെന്ന് ഏന്തേ വേഷം മാറ്റി?

തിരിച്ചു വരവിൽ വളരെ സിംപിൾ ഡ്രെസ്സിൽ എത്തിയ നയൻസ് പക്ഷേ പെട്ടെന്നു തന്നെ ശ്രദ്ധാകേന്ദ്രമായി. കോട്ടൺ സാരിയും നീളൻ മാലയും ചെറിയ വളയുമൊക്കെയിട്ട് ആകെ പക്വത വന്ന ലുക്ക്. പഴയ സെക്സി വേഷങ്ങളിൽ നിന്ന് അതിലും ആകർഷകമായ വേഷത്തിലേക്ക് ഒരു മാറ്റം. തമിഴിലെ പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ അനു വർദ്ധനാണ് നയൻസിന്റെ ഡ്രെസിങ് സ്റ്റൈിലിന് പിന്നിൽ. പ്രശസ്ത സംവിധായകൻ വിഷ്ണു വർധന്റെ ഭാര്യയാണ് അനു.

ഭാസ്ക്കർ ദി റാസ്ക്കലിൽ ഹിമയെന്ന കഥാപാത്രത്തെയാണ് നയൻസ് അവതരിപ്പിക്കുന്നത്. ഹിമയുടെ സ്വഭാവം ആ വേഷത്തിൽ തന്നെയുണ്ടെന്നാണ് അണിയറക്കാർ പറയുന്നത്. ഭാസ്ക്കറിന്റെയും ആദിയുടെയും ജീവിതത്തിലേക്ക് ഹിമ കടന്നു വരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. തമിഴകത്തെ സൂപ്പർനായിക പദവി തിരിച്ചുപിടിച്ചതിന് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവുകൂടി നടത്തുകയാണ് നയൻതാര.

ക്രോണിക് ബാച്ച്ലറിന് ശേഷം മമ്മൂട്ടിയും സിദ്ദിഖും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭാസ്കർ ദ റാസ്കൽ. തമാശയ്ക്ക് പ്രാധാന്യം നൽകി കുടുംബപ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുന്നത്. നേരത്തെ തസ്കരവീരൻ, രാപ്പകൽ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഇരുവരും ഒന്നിച്ചിട്ടുണ്ട്. ദീപക് ദേവ് സംഗീതം പകരുന്ന ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫ് ആണ്. ചിത്രം വിഷുദിനത്തിൽ തിയറ്ററുകളിലെത്തും.