ഒരുപാടു വാഗ്ദാനങ്ങളുമായി 'നീ-ന'

സ്ത്രീ കഥാപാത്രങ്ങള്‍ക്കു പ്രാമുഖ്യമുള്ള നിരവധി മലയാള സിനിമകള്‍ നമ്മള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. എന്നാല്‍ ലാല്‍ജോസിന്‍റെ ' നീ-ന' മറ്റുള്ളവയില്‍ നിന്നും തികച്ചും വ്യത്യസ്തം. സംവിധായകന്‍ ലാല്‍ ജോസും തിരക്കഥാകൃത്ത് ആര്‍.വേണുഗോപാലും ചേര്‍ന്നു നമുക്കു നല്‍കിയ ' നീ-ന'യുടെ പ്രമേയം നമുക്കു ഒട്ടും അപരിചതമല്ല.

പലരുടെയും അരങ്ങേറ്റവും ചിലരുടെ കഴിവ് തെളിവിയിക്കുന്നതിനുമുള്ള ഒരുവേദി കൂടി ആയിരുന്നു നീന എന്ന ചിത്രം. കയ്യടക്കവും പറയുവാനുള്ള വിഷയത്തിലെ കൃത്യതയും പലരും ശ്രദ്ധിക്കാതെ വിട്ടുപോകുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് രസകരമായി അവതരിപ്പിക്കാനുള്ള കരവിരുതുമായി ഭാവിക്ക് മുതല്‍ക്കൂട്ടാവുന്ന ഒരു തിരക്കഥാകൃത്തിനേയും 'നീ-ന'യിലൂടെ നമുക്ക് കിട്ടി. പൊലീസ് വേഷങ്ങളിലും മറ്റും നമ്മള്‍ കണ്ടിട്ടുള്ള വിജയ്ബാബു എന്ന നടനെ ലാല്‍ജോസ് ' നീ-ന'യിലേക്കു പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്യുമ്പോള്‍ ലാല്‍ജോസിനെ പഴി പറഞ്ഞവരുണ്ട്.

എല്ലാ വിമര്‍ശകരുടേയും വായടപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച വിജയ്ബാബു, തന്നെ തിരഞ്ഞെടുത്ത സംവിധാകന് പഴി ഒട്ടും കേള്‍പ്പിച്ചില്ല. ' ഈ നടന് ഇത്രയും ഭംഗിയായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനാവുമോ' എന്നു ' നീ-ന' കണ്ടു തിയറ്റര്‍ വിട്ടുപോകുന്ന പ്രേക്ഷകനും ചിന്തിക്കും. ആത്മസംഘര്‍ഷങ്ങളും വികാരതള്ളിച്ചകളും മിതത്വത്തോടെയും പാളിച്ചകളില്ലാതെയും അവതരിപ്പിച്ചു വിജയ്.

മുണ്ടും നേരിയതും ഉടുത്ത് നീണ്ടു ചുരുണ്ട നീളന്‍ മുടിക്കെട്ടു കെട്ടി നെറ്റിയിലൊരു വലിയ വട്ടപ്പൊട്ടു തൊട്ട ' നളിനി'. ഒരു രവിവര്‍മ്മ ചിത്രത്തിലെ നായര്‍ സ്ത്രീയെ ഓര്‍മിപ്പിക്കും ആന്‍ അഗസ്റ്റിനെ. തന്റെ എല്ലാ രംഗങ്ങളും ആന്‍ മികച്ചതാക്കി എന്നതിലുപരി ഇത്രയും സുന്ദരിയായി ആനിനെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. നല്ല ഒരു ക്യാമറമാന്‍ ക്യാമറക്കണ്ണുകളിലൂടെ നായികയെ സുന്ദരിയായി അവതരിപ്പിക്കും. നളിനിയെ സുന്ദരിയാക്കി അവതരിപ്പിച്ച് ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണ്‍ ഈ സിനിമയുടെ ദൃശ്യ സൌന്ദര്യത്തിനു കൂടുതല്‍ മികവേകി.

മുകളില്‍ പരാമര്‍ശിച്ച എല്ലാ വ്യക്തികളും സിനിമ രംഗത്തു ഇതിനു മുന്‍പ് പരിചയമുള്ളവരാണ്. ഇവരുടെ പരിചയത്തിനു തുല്യമായോ അതിലും മുകളിലോ മികച്ചു നിന്നത് നീന തന്നെ. ജീവിതത്തില്‍ ഒരിക്കല്‍ പോലും ദീപ്തി സതി ലഹരി ഉപയോഗിച്ചിട്ടില്ല. എന്നാല്‍ നീന കണ്ടവര്‍ ഇതൊരിക്കലും സമ്മതിക്കുകയുമില്ല. കുടിയും വലിയും അത്രമാത്രം സ്വാഭാവികതയോടെയാണ് ദീപ്തി അവതരിപ്പിച്ചത്. കള്ളു കുടിക്കുന്ന ആളുടെ മാനസികാവസ്ഥ അറിയുവാന്‍ ഒരുപാട് ഡോക്യുമെന്ററി ചിത്രങ്ങള്‍ കണ്ട് ദീപ്തി തയാറെടുപ്പുകള്‍ നടത്തി. നീണ്ട് ഇടതൂര്‍ന്ന മുടി ഈ സിനിമയ്ക്കുവേണ്ടി മുറിക്കുവാനുള്ള ത്യാഗവും ചെയ്തു. അതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഉടന്‍ ദീപ്തി പറയും 'മുടി ഇനിയും തഴച്ചു വളരും. പക്ഷേ, നീനയെപ്പോലൊരു കഥാപാത്രവും ലാല്‍ജോസിനെപ്പോലൊരു സംവിധായകന്റെ ഒപ്പം ജോലി ചെയ്യുവാനുള്ള ഭാഗ്യവും എപ്പോഴും തേടി വരണമെന്നില്ല.'

സംഭാഷണത്തിലുണ്ടായ ചില പാളിച്ചകളൊഴിച്ചാല്‍ മലയാള സിനിമയ്ക്കു മികച്ച ഒരു വാഗ്ദാനമാണ് ദീപ്തി സതി. ലാല്‍ജോസ് അവതരിപ്പിച്ച മറ്റേതൊരു പുതുമുഖ നായികയേയും പോലെ അല്ലെങ്കില്‍ അതിലും മേലെ കഴിവുള്ള നായികയാണ് മുംബൈക്കാരിയായ ഈ പാതി മലയാളി. ഭാഗ്യവും അവസരങ്ങളും ഒത്തുവന്നാല്‍ വരും നാളുകളില്‍ മലയാള സിനിമയില്‍ ദീപ്തിയുടേതായി ഒരുപാട് സംഭാവനകള്‍ പ്രതീക്ഷിക്കാം.