ആ ശങ്കയ്ക്ക് അവസാനമില്ല

സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ത്രീ സൗഹൃദ പൊതു ശുചിമുറികളുടെ കാര്യത്തിൽ അധികൃതർ തുടരുന്ന നിസംഗതയ്ക്കെതിരെ 3.59 മിനിട്ടുള്ള ഹ്രസ്വ ചിത്രത്തിലൂടെ പ്രതികരിക്കുകയാണ് നടിയും നാടകപ്രവർത്തകയുമായ സജിതാ മഠത്തിൽ. വിനീത് ചാക്യാർ ഒരുക്കിയ നിലം എന്ന ഹ്രസ്വചിത്രത്തിലാണു സ്ത്രീകളുടെ പരിഹരിക്കപ്പെടാത്ത ആ– ശങ്കയുടെ ആഴവും സൂക്ഷ്മ ഭാവങ്ങളും സജിത വ്യക്തമായി വരച്ചു കാട്ടുന്നത്. സ്ത്രീകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി ഒരു നിലം, ഒരിടം വേണമെന്ന സന്ദേശം പകരാനാണ് നിലം എന്നു പേരു ചിത്രത്തിനു തിരഞ്ഞെടുത്തതെന്നു സംവിധായകനും പറയുന്നു.

നിലം എന്ന ഹ്രസ്വചിത്രത്തിൽ സജിതാ മഠത്തിൽ

സർക്കാർ ഉദ്യോഗസ്ഥയും ഒരു പെൺകുട്ടിയുടെ അമ്മയുമായ യുവതിയുടെ വേഷത്തിലാണു സജിത അഭിനയിക്കുന്നത്. രാവിലെ സ്കൂളിലേക്കു പോകുന്ന കുട്ടിക്കു ടിഫിൻ ബോക്സിനൊപ്പം ഒരു കുപ്പി നിറയെ വെള്ളവും കൊടുത്തിട്ട് അതു മുഴുവൻ കുടിക്കണമെന്ന യുവതിയുടെ നിർദ്ദേശത്തോടെയാണു ചിത്രം ആരംഭിക്കുന്നത്. എന്നാൽ ഓഫിസിലും പൊതു സ്ഥലത്തും ശുചിമുറിയില്ലാതെ ഇവർ വലയുന്നു. തനിക്കുണ്ടായ അനുഭവം തന്റെ മകൾക്കുണ്ടാകരുതെന്ന് തീർച്ചപ്പെടുത്തി ആ അമ്മ അടുത്ത ദിവസം കുപ്പിയിൽ പകുതി വെള്ളം മാത്രം മകൾക്കു കൊടുത്ത് വിടുന്നതോടെയാണു ചിത്രം അവസാനിക്കുന്നത്.

വിനീത് ചാക്യാർ

അങ്കമാലിയിലും പരിസരത്തും കുറച്ചു മണിക്കൂറുകൾക്കുള്ളിൽ കുറഞ്ഞ ചെലവിൽ ചിത്രീകരിച്ചതാണ് നിലം. ചാക്യാർ കൂത്ത് കലാകാരനും ഹ്രസ്വ ചിത്ര സംവിധായകനുമായ വിനീത് ഒരുക്കുന്ന മൂന്നാമത്തെ ഹ്രസ്വ ചിത്രത്തിനു യു ട്യൂബിലും മികച്ച അഭിപ്രായം നേടാൻ കഴിഞ്ഞിട്ടുണ്ട്.