മണിയുടെ അന്വേഷണം വഴിതെറ്റുന്നെന്ന് ഭാര്യ നിമ്മി

കലാഭവൻ മണിയുടെ മരണം സംബന്ധിച്ച കേസന്വേഷണത്തിനു വഴിതെറ്റിയതായി തോന്നുന്നെന്ന് ഭാര്യ നിമ്മി പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്നും അത് മാറ്റാൻ പൊലീസിന് ബാധ്യതയുണ്ടെന്നും നിമ്മി പറഞ്ഞു. അതേ സമയം ഇപ്പോൾ വന്നിരിക്കുന്ന ലബോറട്ടറി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും നിമ്മി അറിയിച്ചു.

കൂട്ടുകാര്‍ക്കൊപ്പം പാടിയിലിരുന്നു മദ്യപിച്ചുവെന്ന് പറയുന്ന മണിക്ക് അത്യാസന്നനില വന്നപ്പോള്‍ വീട്ടിലറിയിക്കുന്നതിനു പകരം കൂട്ടൂകാര്‍ നേരിട്ട് ആശുപത്രിയിലെത്തിക്കുകയാണു ചെയ്തത്. മരണം സംഭവിച്ച ഉടന്‍ കൂട്ടുകാര്‍ പാടിയിലെത്തി അവിടം കഴുകി വൃത്തിയാക്കുകയും സാധനങ്ങള്‍ മാറ്റുകയുമാണ് ചെയ്തത്. എന്നാല്‍ ഈ വഴിക്ക് അന്വേഷണം നീക്കാതെ ലബോറട്ടറി റിപ്പോര്‍ട്ടിനെ മാത്രം മുന്‍നിര്‍ത്തിയാണ് പൊലീസ് നീങ്ങുന്നത്.

കേസ് തെളിയിക്കുന്നതിനുള്ള എല്ലാവിവരങ്ങളും മരണത്തിനു മുമ്പ് പാടിയിലുണ്ടായിരുന്ന കൂട്ടുകാര്‍ക്ക് നല്‍കുവാന്‍ കഴിയും നിമ്മി പറഞ്ഞു. എല്ലാവരും ഒന്നിച്ചിരുന്നു മദ്യപിച്ചുവെങ്കില്‍ അച്ഛന്റെ ദേഹത്തുമാത്രം എങ്ങനെ വിഷാംശം വന്നുവെന്ന് വ്യക്തമാക്കണമെന്ന് മകള്‍ ശ്രീലക്ഷ്മിയും ചോദിക്കുന്നു.

കഴിഞ്ഞ മാർച്ച് ആറിനായിരുന്നു മണിയുടെ മരണം. മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ഞൂറിലധികം പേരെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കേസിനെ സഹായിക്കുന്ന കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മണിയുടെ മരണം കൊലപാതകമാണെന്നു മണിയുടെ കുടുംബാംഗങ്ങൾ തന്നെ ആരോപിച്ചിരുന്നു. പുതിയ പരിശോധനാ ഫലം തൃപ്തികരമല്ലെന്ന നിലപാടിലാണ് മണിയുടെ കുടുംബാംഗങ്ങൾ.