നിഥിൻ രൺജി പണിക്കർ വിവാഹിതനായി

രൺജി പണിക്കരുടെ മകനും സംവിധായകനുമായ നിഥിൻ രൺജി പണിക്കർ വിവാഹിതനായി. പത്തനംതിട്ട കുമ്പനാട് സ്വദേശി ടെനി സാറ ജോൺ ആണ് വധു. എറണാകുളത്തെ വീട്ടിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇന്നലെയായിരുന്നു വിവാഹം.

നടന്‍മാരായ മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, സംവിധായകരായ രഞ്ജിത്, ടി കെ രാജീവ് കുമാര്‍, ഷാജി കൈലാസ്, രാഷ്ട്രീയ നേതാക്കളായ വയലാര്‍ രവി, വി എം സുധീരന്‍ എന്നിവരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു

നീണ്ട പന്ത്രണ്ടര വർഷത്തെ പ്രണയമാണ് ഇന്നലെ സാഫല്യമായത്. സ്‌കൂൾ കാലം മുതൽ നിഥിനും ടെനിയും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീടെപ്പോഴോ ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടു.

വിവാഹം വൈകാൻ കാരണം ആദ്യ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. സ്വതന്ത്ര സംവിധായകനായിട്ടു മതി വിവാഹം എന്നായിരുന്നു നിഥിന്റെ നിലപാട്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ കസബ ഹിറ്റായതോടെ വിവാഹിതനാവാൻ തീരുമാനിക്കുകയായിരുന്നു നിഥിൻ.