നിവിന്‍ വിമർശകർക്ക് ഒരു മറുപടി

നിവിനിരുന്ന് ചിരിക്കുമ്പോൾ നസ്രിയ ചോദിക്കുന്നു:‘എന്തിനാ ചിരിക്കുന്നത്...?’

നിവിന്റെ മറുപടി: ‘അല്ലാ നിനക്കും കൂടെ അവാർഡ് കിട്ടിയത് നന്നായി. അല്ലെങ്കിൽ ഇവന്മാരെല്ലാവരും കൂടി എന്നെ ഒറ്റയ്ക്ക് കളിയാക്കിക്കൊന്നേനെ...’

ഒരുകാലത്തും ട്രോളിങ് നിരോധിക്കാൻ സാധ്യതയില്ലാത്ത സമൂഹമാധ്യമങ്ങളിലൂടെ പരക്കുന്ന അനേകം ട്രോളുകളിലൊന്നാണ് മേൽപ്പറഞ്ഞത്. സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം വന്നതിനു പിറകെ മികച്ച നടൻ നിവിൻ പോളിയെയും നടി നസ്രിയയെയും കളിയാക്കിക്കൊണ്ട് ഇത്തരത്തിൽ ചറപറ ട്രോളുകളും കമന്റുകളുമെല്ലാം പിറന്നുകൊണ്ടിരിക്കുകയാണ്. ഒരു കാര്യം ആദ്യമേ പറയാം, സിനിമയെ സ്നേഹിച്ചു എന്ന ഒരൊറ്റക്കാരണത്താൽ ഈ മേഖലയിലേക്കിറങ്ങിയ നിവിനും നസ്രിയക്കും മലയാളികളിൽ നിന്ന് ഇതിലും നല്ല ഒരു ‘വരവേൽപ്’ ഇനി കിട്ടാനില്ല.

ബിടെക്കും കഴിഞ്ഞ് ഇൻഫോസിസിലെ എണ്ണം പറഞ്ഞ ജോലിയും കളഞ്ഞാണ് നിവിൻ പോളി എന്ന ചെറുപ്പക്കാരൻ അഞ്ചു വർഷങ്ങൾക്കു മുൻപ് ചലച്ചിത്രമേഖലയിലേക്കിറങ്ങിയത്. അഭിനയത്തിൽ കൈപിടിച്ചു കയറ്റാൻ പാരമ്പര്യത്തിന്റെ പോലും പിന്തുണയില്ലാതെയായിരുന്നു വരവ്. ആകെ കൈമുതലായുണ്ടായിരുന്നത് ഒരു കൂട്ടം നല്ല കൂട്ടുകാർ. വീട്ടിൽ കാലൊടിഞ്ഞു കിടക്കുമ്പോഴാണ് അതേ പരുവത്തിൽ നിവിനെയും പൊക്കിയെടുത്തുകൊണ്ട് കൂട്ടുകാർ മലർവാടി ആർട്സ് ക്ലബിന്റെ ഓഡിഷനെത്തിയത്.

നിവിന്റെ ആ ആത്മാർഥതയാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് പിന്നീട് വിനീത് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. സിനിമയോടുള്ള അടങ്ങാത്ത സ്നേഹവും കഥാപാത്രങ്ങളോടുള്ള ആത്മാർഥതയും ആ ചെറുപ്പക്കാരൻ പിന്നീട് കൈവിട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് അഞ്ചു വർഷത്തിനപ്പുറം സൂപ്പർതാരങ്ങളെയും സമപ്രായക്കാരായ മറ്റു താരങ്ങളെയും ഒരരികിലേക്ക് മാറ്റി നിർത്തി നിവിൻ ഒന്നാമനായതും. അതൊരു അഹങ്കാരത്തിന്റെ വിജയമല്ല, കഠിനാധ്വാനത്തിനു സിനിമാലോകവും പ്രേക്ഷകരും നൽകിയ ബഹുമതിയാണ്.

നിവിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ സെവൻസ് തന്നെ നോക്കുക. മലയാളത്തിലെ ഒരുവിധപ്പെട്ട എല്ലാ യുവനടന്മാരും അതിൽ അണിനിരന്നിരുന്നു. എന്നാൽ അവരിൽ എത്ര പേർ രക്ഷപ്പെട്ടു? ആദ്യകാല തോൽവികളിൽ നിന്ന് പാഠമുൾക്കൊണ്ട് നിവിൻ തന്റെ വഴികൾ സ്വയം വെട്ടിത്തെളിച്ചതാണ്. അതിന്റെ തെളിവുകളാണ് മലയാളസിനിമയ്ക്ക് കോടികളുടെ ലാഭമുണ്ടാക്കിക്കൊടുത്ത തുടർച്ചയായുള്ള നിവിൻസിനിമയുടെ വിജയങ്ങളും. ഈ തുടർച്ചയായ വിജയങ്ങളെല്ലാം സംവിധായകരുടെ മികവാണെന്നും നിവിൻ എല്ലാറ്റിലും ഒരേപോലെയാണ് അഭിനയിക്കുന്നതെന്നുമായിരുന്നു പ്രധാന വിമർശനം.

സത്യൻ അന്തിക്കാടും ശ്യാമപ്രസാദും ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരുടെ കൂടെയെല്ലാം നിവിൻ പ്രവർത്തിച്ചിട്ടുണ്ട്. അവർക്കെന്താ ഈ ചെറുപ്പക്കാരന്റെ അഭിനയമികവുകളെ മാത്രം ഉപയോഗപ്പെടുത്തി സിനിമ വിജയിപ്പിക്കാനായില്ലേ? അപ്പോൾപ്പിന്നെ നിവിന്റെ സിനിമകൾ വിജയിക്കുന്നതിന്റെ കാരണം സംവിധായകരാണെന്നു പറയുന്നതിൽ കഴമ്പില്ല. കഴിവുള്ളതുകൊണ്ടാണ് അദ്ദേഹത്തെ സംവിധായകർ തേടിയെത്തുന്നത്. പൈങ്കിളി ഗ്ലാമറുകൊണ്ട് മാത്രം മലയാളസിനിമയിൽ പിടിച്ചുനിൽക്കാനാകില്ലെന്നു തെളിയിച്ച് ഒരു വൻഗ്യാപ്പുമെടുത്ത് വീട്ടിലിരുന്ന ഒട്ടേറെ ‘യുവ’നടന്മാരുണ്ട് നമ്മുടെയിടയിൽ.

താൻ കംഫർട്ടബ്ൾ ആയ ഒരു അന്തരീക്ഷത്തിൽ, തന്റെ അഭിനയത്തിലെ നെഗറ്റീവും പോസിറ്റീവും അറിയാവുന്ന സുഹൃത്തുക്കൾക്കൊപ്പം അഭിനയിക്കുമ്പോൾ ഏതൊരാളുടെയും പ്രകടനത്തിലും കാണും അതിന്റെ പ്രതിഫലനം. ഓം ശാന്തി ഓശാനയിലും വടക്കൻ സെൽഫിയിലും തട്ടത്തിൻ മറയത്തിലും നേരത്തിലും പ്രേമത്തിലുമൊക്കെ ഒരേ നിവിൻ പോളിയെത്തന്നെയാണ് കണ്ടതെങ്കിൽ പിന്നെന്തേ ആ നടന്റെ തൊട്ടടുത്ത സിനിമ പ്രേക്ഷകർ ബഹിഷ്കരിക്കാതിരുന്നു?

ഇപ്പോൾ നിവിന് അവാർഡ് ലഭിച്ച ഓം ശാന്തി ഓശാനയും ബാംഗ്ലൂർ ഡേയ്സുമൊക്കെ നൂറും കടന്ന് ഓടിയതെന്തേ? ഒരേപൊലുള്ള അഭിനയവുമായാണ് നിവിൻ വന്നതെങ്കിൽ പിന്നെന്തിനാണ് അയാളെ കൂവിയോടിക്കാതെ കയ്യടിയും വിസിലടിയുമായി യുവപ്രേക്ഷകർ പ്രേമത്തിലെ ജോർജിനെ സ്വീകരിച്ചാനയിച്ചത്. പ്രേമം പോലൊരു ചിത്രം ആഘോഷിക്കപ്പെട്ടപ്പോൾ അതിലൊരു ‘നിവിൻ പോളി എഫക്ട്’ ഉണ്ടായിരുന്നില്ലെന്ന് എത്ര പേർക്ക് പറയാനാകും? അവാർഡ് കിട്ടാൻ വേണ്ടി അവാർഡുപടങ്ങളിൽ അഭിനയിക്കുകയും അല്ലാത്തപ്പോൾ മീശപിരിക്കാൻ പോവുകയും ചെയ്യുന്ന പതിവു ‘നടനരീതി’യിൽ നിന്നു മാറിനിന്നതാണോ ഈ അഭിനേതാവ് ചെയ്ത തെറ്റ്?

തിയേറ്റർ കിട്ടാനില്ല, ആളുകൾ കയറുന്നില്ല എന്ന ഭീതിയിൽ ഇപ്പറയുന്ന അവാർഡുപടങ്ങൾ പോലും വംശനാശഭീഷണി നേരിടുമ്പോൾ ജനപ്രിയ സിനിമകളിലെ അഭിനയത്തിന് അവാർഡ് കൊടുത്തതാണോ കുറ്റം? മികച്ച നടനുള്ള അവാർഡ് പങ്കിട്ട സുദേവ് നായരുടെ ‘മൈ ലൈഫ് പാർട്ണർ’ എന്ന ചിത്രത്തിന് കേരളത്തിൽ തിയേറ്റർ പോലും കിട്ടിയില്ലെന്ന് സമൂഹമാധ്യമ ‘വധ’സംഘം തിരിച്ചറിഞ്ഞത് അതിനിപ്പോൾ അവാർഡ് കിട്ടിയപ്പോഴാണോ? അല്ല, അതിനു മുൻപുതന്നെ ഇക്കാര്യം വാർത്തയായതാണ്. അന്നുപക്ഷേ ആരും ട്രോളുമുരുട്ടി വന്നില്ല, കാരണം അതൊരു സൂപ്പർതാരവേലിയെറ്റമില്ലാത്ത, ലോബജറ്റ് ‘അവാർഡ്പട’മാണെന്ന ധാരണയിൽത്തന്നെ. നല്ല സിനിമയ്ക്ക് പിന്തുണ ലഭിച്ചില്ലെങ്കിൽ പിന്നെ ആരാണ് അത്തരം ചിത്രങ്ങളുമായി വരിക? പിന്നെങ്ങനെ അത്തരം ചിത്രങ്ങളിൽ മാത്രം അഭിനയിച്ച് അവാർഡ് വാങ്ങും?

ജനപ്രിയ ചിത്രങ്ങളിൽ അഭിനയിച്ചതിന് അവാർഡ് നൽകേണ്ടതില്ലെങ്കിൽ മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊന്നും ചില വർഷങ്ങളിൽ സംസ്ഥാന അവാർഡ് കിട്ടുകയേയില്ലല്ലോ! 1985ൽ ജി.അരവിന്ദന്റെ ചിദംബരത്തിലെ അഭിനയത്തിന് ഭരത്ഗോപി മികച്ച നടനുള്ള പുരസ്കാരം നേടിയതിന്റെ തൊട്ടടുത്ത വർഷം മോഹൻലാലിനായിരുന്നു അവാർഡ്, ചിത്രം ടി.പി.ബാലഗോപാലൻ എംഎ. അന്നീപ്പറഞ്ഞ ഫെയ്സ്ബുക്ക് സംഘമില്ലാതിരുന്നത് ദൈവത്തിന് നന്ദി.

വിമർശനമാകാം. ഒരു നടന്റെ തെറ്റുകുറ്റങ്ങളെ തിരിച്ചറിഞ്ഞ് തിരുത്തുന്ന വിധത്തിലായിരിക്കണം അത്. അല്ലാതെ നിവിനെ വിമർശിച്ചാൽ ഫെയ്സ്ബുക്കിൽ കൂടുതൽ ലൈക്ക് കിട്ടുമെന്നു കരുതിയാകരുത്. ഒരു സുപ്രഭാതത്തിൽ അച്ഛന്റെ കയ്യും പിടിച്ച് മലയാളസിനിമയെന്ന പള്ളിക്കൂടത്തിലേക്ക് കയറിവന്ന നടനല്ല നിവിൻ, സിനിമയെ സ്നേഹിക്കുന്ന ഒരു നല്ല മനസ്സും കുറേ കൂട്ടുകാരുടെയും മാത്രം ബലത്തിൽ ഇവിടത്തെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചയാളാണ്. അത് അഭിനയമികവുകൊണ്ടു തന്നെയാണ്...

അല്ല എന്നു പറയുന്നവരോട് ഒറ്റമറുപടിയേയുള്ളൂ–വെറുതെയിരുന്ന് ട്രോളുന്ന നേരത്ത് മുൻകാലങ്ങളിൽ ആരവങ്ങളുയർത്തി വന്ന് ഇപ്പോൾ ഈച്ചയാട്ടി വീട്ടിലിരിക്കുന്ന നടന്മാർ എത്രയുണ്ടെന്ന് ചുമ്മാതൊന്ന് അന്വേഷിച്ചുനോക്കൂ..