ഇന്ന് മലയാളസിനിമകള്‍ റിലീസിനില്ല

ഈ വെള്ളിയാഴ്ച മലയാളസിനിമകള്‍ റിലീസിനെത്തില്ല. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നേതാക്കളുടെ തിയറ്ററുകള്‍ക്ക് വിതരണക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് റിലീസ് മുടങ്ങാന്‍ കാരണം. റിലീസ് നീക്കാതെ എ ക്ലാസ് തീയറ്ററുകളില്‍ പുതിയ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫെഡറേഷന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.

തര്‍ക്കം പരിഹരിക്കാന്‍ വെള്ളിയാഴ്ച വിതരണക്കാരുമായി നടത്തുന്ന അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടാല്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. തര്‍ക്കത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച നടത്താനിരുന്ന പുതിയ ചിത്രങ്ങളുടെ റിലീസിങ് മാറ്റി.

എന്ന് നിന്റെ മൊയ്തീന്‍, ലൈഫ് ഓഫ് ജോസൂട്ടി, കോഹിനൂര്‍, ഞാന്‍ സംവിധാനം ചെയ്യും എന്നീ ചിത്രങ്ങളുടെ റിലീസ് ആണ് മാറ്റിവച്ചത്. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ തിയറ്ററുകളില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ ഫെഡറേഷന്‍ ഉറച്ചു നിന്നതോടെയാണ് റിലിസിങ് മാറ്റിവച്ചത്. മാളുകളിലെ മള്‍ട്ടി പ്ലക്സുകള്‍ക്ക് നല്‍കുന്ന അതേ വ്യവസ്ഥകളും ആനുകൂല്യങ്ങളും ഫെഡറേഷന്റെ കീഴിലുളള തിയറ്ററുകള്‍ക്കും നല്‍കണമെന്ന ആവശ്യമാണ് തര്‍ക്കത്തിന് കാരണം.

18 തിയറ്ററുകള്‍ക്കാണ് വിലക്ക്. വിതരണക്കാരുടെ നിലപാട് മാറ്റാതെ ഫെഡറേഷന്റെ കീഴിലുളള ഒരു തിയറ്ററുകളിലും പുതിയ റിലീസിങ് നടത്തില്ല.