ജോപ്പന്റെ റിലീസ് തടഞ്ഞെന്ന വാർത്ത; നിർമാതാവ് പ്രതികരിക്കുന്നു

മമ്മൂട്ടി നായകനായി എത്തുന്ന തോപ്പിൽ ജോപ്പന്റെ റിലീസ് കോടതി തടഞ്ഞതായി വാർത്ത വന്നിരുന്നു. സിനിമയുടെ പകര്‍പ്പവകാശ വില്‍പനയുമായി ബന്ധപ്പെട്ട് കോതമംഗലം സ്വദേശി ഷിബു തെക്കുംപുറം നല്‍കിയ പരാതിയിലാണ് കോടതി നടപടിയെന്നായിരുന്നു വാർത്ത. എന്നാൽ പ്രചരിക്കുന്ന വാർത്തയുെട സത്യാവസ്ഥയുമായി സിനിമയുടെ നിർമാതാവായ നൗഷാദ് ആലത്തൂർ മനോരമ ഓൺലൈനിൽ...

ചിത്രത്തിനെതിരെ പരാതി നൽകിയ ഷിബുവിനെ കണ്ടിട്ട് പോലുമില്ലെന്നും അയാൾ പരാതി നൽകിയിരിക്കുന്നത് തന്റെ പേരിൽ അല്ലെന്നും നൗഷാദ് പറയുന്നു. കളമശ്ശേരി സ്വദേശി അബ്ദുല്‍ നാസറിന്റെ പേരിലാണ് അയാൾ പരാതി നൽകിയിരിക്കുന്നത്. നാസർ അവതരിപ്പിക്കുന്നു എന്നാണ് ഈ സിനിമയുടെ ടൈറ്റിൽ കാർഡിൽ ഞാൻ വച്ചിരിക്കുന്നത്. അതുമാത്രമാണ് ഈ സിനിമയുമായി നാസറിനുള്ള ബന്ധം സിനിമയുടെ പാർടണറും അല്ല. എന്നാൽ നിർമാതാവ് എന്ന നിലയ്ക്ക് സിനിമയുടെ പൂർണ അവകാശം തന്റെ പേരിൽ മാത്രമാണെന്നും നാസർ ആർക്കെങ്കിലും പൈസ കൊടുക്കാനുണ്ടെങ്കിൽ അത് എന്റെ പ്രശ്നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇപ്പോൾ നൽകിയിരിക്കുന്ന പരാതി ഈ സിനിമയെ ഒരു തരത്തിലും ബാധിക്കില്ലെന്നും കേസ് തള്ളിപ്പോകുമെന്നും നൗഷാദ് പറഞ്ഞു.

സിനിമയുടെ പകര്‍പ്പവകാശം നിര്‍മാതാവ് തനിക്ക് 25 ലക്ഷം രൂപക്ക് വില്‍പന നടത്തിയിരുന്നതാണെന്നും എന്നാല്‍, സിനിമ ഇറങ്ങുന്നതിന് മുമ്പ് നിര്‍മാതാവ് മറ്റൊരു കമ്പനിക്ക് പകര്‍പ്പവകാശം വിറ്റതായി അറിഞ്ഞെന്നും ഈ സാഹചര്യത്തില്‍ റിലീസിങ് തടയണമെന്നുമായിരുന്നു പരാതിക്കാരന്റെ വാദം.