നൗഷാദിന്റെ ജീവിതം സിനിമയാകുന്നു

നൗഷാദ്, നൗഷാദിന്റെ ഓട്ടോയ്ക്കരികിൽ സജീഷ്

യാത്രപറഞ്ഞു മറഞ്ഞിട്ടും മനസ്സിൽ മരിക്കാത്തൊരു ഓർമപ്പൂവാണ് നൗഷാദ്. ഒരു പരിചയവുമില്ലാത്ത രണ്ട് പേര്‍ക്ക് വേണ്ടി സ്വന്തം ജീവിതം നല്‍കിയ കോഴിക്കോട്ടെ നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ അങ്ങനെ ആരും മറക്കില്ല? ഓട വൃത്തിയാക്കുന്നതിടെ അപകടത്തിൽ പെട്ട ആന്ധ്രാസ്വദേശികളായ രണ്ടു ചെറുപ്പക്കാരെ രക്ഷിക്കുന്നതിനായിട്ടാണ് നൗഷാദ് മുൻപിൻ നോക്കാതെ ഓടയിലേക്ക് ഇറങ്ങിയത്‌. എന്നാൽ , വിധിമറിച്ചായിരുന്നു. ആന്ധ്രാ സ്വദേശികൾക്കൊപ്പം നമുക്ക് നൗഷാദിനെയും നഷ്ടമായി.

മനുഷ്യനിലെ തികഞ്ഞ നന്മയുടെ പര്യായമായിരുന്ന ആ മനുഷ്യനും മറ്റേതു കഥയിലേയും പോലെ കുറെ നാൾ ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിന്നു. എന്നാൽ ഓർമ്മിക്കാൻ പുതിയ പുതിയ കാര്യങ്ങൾ കിട്ടിയപ്പോൾ , നൗഷാദും മെല്ലെ മറവിയുടെ ലോകത്തെ ഒരു പേര് മാത്രമായി മറയാൻ തുടങ്ങി. എന്നാൽ, അങ്ങനെ പറഞ്ഞു തീർക്കുകയും പാടി മറക്കുകയും ചെയ്യേണ്ട ഒന്നല്ല നൗഷാദ് എന്ന വ്യക്തിയുടെ ജീവിതം എന്ന നേരറിവിലൂടെ നൗഷാദിന്റെ കഥ സിനിമയാകുകയാണ്.

കെ.എല്‍.11 എസ് 6693 നമ്പറിലുള്ള ഓട്ടോറിക്ഷയുമായി കോഴിക്കോടിന്റെ വീഥികളുടെ ഭാഗമായിരുന്ന നൗഷാദ് ഇനി നമ്മുടെ ജീവിതത്തിലേക്കും എത്തുകയാണ് . '' ഞങ്ങടെ സ്വന്തം ഉണ്ണിക്ക'' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായകനായ സജീഷ് ഗുരുവായൂരാണ്. പ്രശസ്ത സംവിധായകൻ വി ആർ ഗോപാല കൃഷ്ണന്റെ പ്രിയ ശിഷ്യനായിരുന്ന സജീഷ്‌ കഴിഞ്ഞ 12 വർഷമായി സിനിമാ മോഹവുമായി നടക്കുകയായിരുന്നു. ഒടുവിൽ സാഹചര്യങ്ങൾ ഒത്തിണങ്ങി വന്നപ്പോൾ, അത് നന്മയുള്ള ഒരു മനുഷ്യന്റെ കഥപറയുന്ന നന്മയുള്ള ഒരു ചിത്രത്തിന് വഴിയൊരുക്കി. നൗഷാദിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന, 11 എസ് 6693 നമ്പറിലുള്ള ഓട്ടോറിക്ഷ തന്നെയാണ് ചിത്രത്തിലും ഉപയോഗിക്കുന്നത്. ചിത്രത്തിൻറെ വിശേഷങ്ങൾ സജീഷ്‌ മനോരമ ഓൺലൈനിനോട് പങ്കു വയ്ക്കുന്നു.

12 വർഷത്തെ ശ്രമഫലമായാണ് സംവിധായകന്റെ കുപ്പായമണിയുന്നത്. ആദ്യ ചിത്രം തന്നെ, ഇത്തരമൊരു വിഷയം തെരഞ്ഞെടുക്കാനുള്ള കാരണമെന്താണ്?

അപകടമരണത്തെക്കുറിച്ചു സിനിമ ചെയ്യാനായിരുന്നു മനസ്സിൽ പ്ലാൻ. കാരണം എന്റെ നാടായ ഗുരുവായൂരിൽ വച്ചുണ്ടായ ഒരു അപകടം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതിങ്ങനെ മനസ്സിൽ കിടക്കുമ്പോഴാണ് കോഴിക്കോട് വച്ചുണ്ടായ ഈ അപകടത്തെക്കുറിച്ച് അറിയുന്നത്. ഇതൊരു വാർത്തയും പോലെ ആദ്യം അത് വെറുതെ വായിച്ച് മനസ്സിൽ നൊമ്പരപ്പെടുക മാത്രമാണുണ്ടായത്. എന്നാൽ, സംവിധായകൻ രഞ്ജിത്ത് അദ്ദേഹത്തെക്കുറിച്ച് എഴുതിയ ഒരു ലേഖനമാണ് . അത് വായിച്ച ശേഷം നൗഷാദ് വല്ലാത്തൊരു നൊമ്പരമായി മനസ്സിൽ അവശേഷിച്ചു. മനസ്സിൽ സിനിമ എന്ന ലക്ഷ്യമില്ലാതെ , ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു.

അപ്പോഴേക്കും നൗഷാദിനെ ജനങ്ങൾ മറന്നു തുടങ്ങിയിരുന്നു. നൗഷാദിന്റെ നാട്ടിൽ ചെന്നപ്പോഴാണ് ആ വ്യക്തി ആ നാടിന് ചെയ്ത നന്മകൾ അറിഞ്ഞത്. കരുവാശ്ശേരി എന്ന ആ നാടിന്റെ ജീവശ്വാസമായിരുന്നു ആ മനുഷ്യൻ. അങ്ങനെയുള്ള ഒരുവനെ കേരളം എക്കാലവും ഓർത്തിരിക്കണം , ജന മനസ്സിൽ എന്നും ജീവിച്ചിരിക്കണം എന്ന എന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഈ സിനിമ.

'' ഞങ്ങടെ സ്വന്തം ഉണ്ണിക്ക'' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക്‌ നൽകുന്ന സന്ദേശം?

ഇത് നന്മയുള്ള ഒരു മനുഷ്യന്റെ കഥയാണ്‌, നന്മയുള്ള ചിത്രമാണ് .അല്ലാതെ ഞങ്ങൾ ഈ ചിത്രത്തെ രാഷ്ട്രീയവത്കരിക്കുന്നില്ല.എന്നാൽ രാഷ്ട്രീയക്കാർക്ക് കൂടിയുള്ള ഒരു മികച്ച സന്ദേശം സിനിമയിലൂടെ ഞങ്ങൾ നൽകുന്നുണ്ട്. എല്ലാ വികാരങ്ങല്ക്കും മേലെയാണ് മാനവികത എന്ന് ഈ ചിത്രത്തിലൂടെ പറയുന്നു. നൗഷാദ് എന്ന വ്യക്തിയെയാണ് നാം തുറന്നു കാണിക്കുന്നത് .

ചിത്രത്തിൽ നൗഷാദിന്റെ കെ.എല്‍.11 എസ് 6693 നമ്പറിലുള്ള ഓട്ടോറിക്ഷയും ഉപയോഗിക്കുന്നുണ്ടല്ലേ ?

ചിത്രത്തിൻറെ പ്രധാന ആകർഷണം ആ ഓട്ടോറിക്ഷ തന്നെയാണ്. കാരണം നൗഷാദിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആ ഓട്ടോ. സിനിമയിൽ ആ ഓട്ടോ ഉപയോഗിക്കാൻ വീട്ടുകാരിൽ നിന്നും സമ്മതം ലഭിച്ചുകഴിഞ്ഞു.

ചിത്രത്തിൻറെ തിരക്കഥ പൂർത്തിയായോ? ആരാണ് തിരക്കഥ ചെയ്യുന്നത് ?

തിരക്കഥ വൺലൈൻ മാത്രമേ ആയിട്ടുള്ളൂ . വരുന്ന രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കും. നൗഷാദിനെ കുറിച്ചു കൂടുതൽ പഠിക്കുന്നതിനായാണ് തിരക്കഥ വൈകിപ്പിച്ചത്.നൗഷാദിന്റെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചുകൊണ്ട്‌ മാത്രമേ തിരക്കഥ പൂർത്തിയാക്കൂ.വിപിനേഷ് കണ്ണാടിപ്പൊയിൽ ശ്രീജേഷ് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതുന്നത്.

നായകനെ നിശ്ചയിച്ചോ ?

അത് സംബന്ധിച്ച ചർച്ചകൾ നടന്നു വരുന്നു. ഈ ആഴ്ചയോടെ അത് തീരുമാനമാകും. നൗഷാദിന്റെ വീട്ടുകാർക്ക് ആ വേഷം ജയസൂര്യയെ കൊണ്ട് ചെയ്യിക്കണം എന്ന് ആഗ്രഹമുണ്ട്. അവർ അത് തുറന്നു പറയുകയും ചെയ്തു. കാരണം, നൗഷാദ് സദാ പ്രസന്നൻ ആയിരിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഇപ്പോഴും ചിരിച്ച മുഖം സമ്മാനിച്ചിരുന്ന മനുഷ്യൻ. അതുകൊണ്ട് തന്നെ ഈ വേഷം ചെയ്യാൻ ഏറ്റവും ഉത്തമൻ ജയസൂര്യയാണെന്നാണ് അദ്ദേഹത്തിന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ ഫഹദ് ഫാസിൽ എന്നൊരു നിര്ടെടെഷം കൂടി മുന്നോട്ടു വന്നിട്ടുണ്ട്. എന്തായാലും പ്രൊഡക്ഷൻ എക്സിക്യൂറ്റീവ് ഇരു താരങ്ങളോടും സംസാരിച്ച് കൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം ഉടൻ അറിയാം.

ഗുരുതുല്യനായ വി ആർ ഗോപാലകൃഷണനെക്കുറിച്ച് ?

അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിനു ശേഷം സിനിമ എന്ന മോഹവുമായി നടക്കുമ്പോൾ ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് അദ്ദേഹമായിരുന്നു. കഴിഞ്ഞ 12 വർഷമായി സിനിമ സംവിധാനം എന്ന മോഹം യാഥാർത്ഥ്യമാക്കാൻ ഞാൻ ശ്രമിക്കുന്നു. 40 ൽ പരം തീയറ്റർ ആഡുകൾ ഈ കാലയളവിൽ ഞാൻ ചെയ്തു. അപ്പോഴെല്ലാം മനസ്സിൽ സിനിമ മാത്രമായിരുന്നു . ഈ സമയത്തെല്ലാം തന്നെ അദ്ദേഹം എനിക്ക് തുണയായി ഉണ്ടായിരുന്നു. ഒടുവിൽ അദ്ദേഹം മുന്കൈ എടുത്തു തന്നെ ശ്രീനിവാസനെ കണ്ടു ഒരു സിനിമ ചെയ്യാം എന്ന ധാരണയിലും എത്തിയിരുന്നു. 7-8 മാസത്തിനുള്ളിൽ ആ ആഗ്രഹം സഫലമാകാൻ ഇരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മരണവാർത്തയെത്തുന്നത്.

ചിത്രം എന്നത്തേക്ക് പ്രതീക്ഷിക്കാം?

ഓണത്തിന് റിലീസ് ചെയ്യാനാണ് തീരുമാനം. സ്ക്രിപ്റ്റ് ഉടൻ പൂർത്തിയാക്കും. ഏപ്രിൽ ആദ്യവാരം ഷൂട്ട്‌ തുടങ്ങുകയും ചെയ്യും . ചിത്രത്തിൽ കോഴിക്കോട്ടെ കഴിവുള്ള അനവധി കലാകാരന്മാർക്ക് നമ്മൾ അവസരം നൽകുന്നുണ്ട്.