ഓണച്ചിത്രങ്ങൾ വാണോ അതോ വീണോ...?

അത്തം വെളുത്താൽ ഓണം കറുക്കുമെന്നാണ് വയ്പ്; ഇത്തവണ അത്തത്തിന് നല്ല മഴയായതു കൊണ്ട് പലരും കരുതി ഓണം വെയിലേറ്റ് വെളുത്തു തുടുക്കുമെന്ന്. പക്ഷേ മഴയൊഴിഞ്ഞു നിന്നിട്ടും ഇത്തവണയും ഓണം കറുത്തു; ‘പ്രേമം’ തലയ്ക്കു പിടിച്ചവർ കറുത്തകര മുണ്ടുമുടുത്ത് കറുത്ത ഷർട്ടുമിട്ട് കൂളിങ് ഗ്ലാസും വച്ച് മലയാളക്കരയെ ആകെയങ്ങു കറുപ്പിച്ചെടുക്കുകയായിരുന്നു. ആ ‘കറുപ്പ്’ തിയേറ്ററുകളിലേക്കും പടർന്നുവെന്നു പറഞ്ഞാൽ തെറ്റില്ല. വലിയ പേരും താരങ്ങളുമായെത്തിയ ഓണച്ചിത്രങ്ങളിൽ പലതും നിരാശപ്പെടുത്തിയപ്പോൾ പേരിൽ മാത്രം ചെറുതായ ‘കുഞ്ഞിരാമായാണം’ മാത്രമുണ്ട് വലിയ പരിക്കില്ലാതെ ഇപ്പോഴും തിയേറ്ററുകളിലെ നിറസാന്നിധ്യമാകുന്നത്.

സൂപ്പർതാരങ്ങളും സംവിധായകരും യുവനായകന്മാരുമെല്ലാം ഒരുമിച്ചെത്തിയ ഈ ഓണക്കാലം തിയേറ്ററുകൾക്കും പ്രേക്ഷകർക്കും ഏറെ പ്രതീക്ഷകളുള്ളതായിരുന്നു. മോഹൻലാൽ–രഞ്ജിത് കൂട്ടുകെട്ടിൽ ‘ലോഹം’ ഓണത്തിന് ഒരാഴ്ച മുൻപേ 20നാണ് റിലീസ് ചെയ്തത്. മൊത്തം 250ലേറെ തിയേറ്ററുകളിലായി ആയിരത്തിലേറെ ഷോകൾ. ആദ്യദിനം തന്നെ മൂന്നരക്കോടി രൂപ നേടി ലോഹം തിയേറ്ററുകളെ കിടിലം കൊള്ളിച്ചു. എന്നാൽ കള്ളം കടത്തുന്ന കഥ പറഞ്ഞ ചിത്രത്തിന് പിന്നീടങ്ങോട്ട് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് കടത്താൻ വല്ലാതെ വിയർക്കേണ്ടി വന്നു. എന്നിട്ടും ഏഴു കോടി മുടക്കിയെടുത്ത ചിത്രത്തിന് ബോക്സ് ഓഫിസിൽ നിന്ന് വലിയ പരുക്കില്ലാതെ രക്ഷപ്പെടാനായി. പ്രേക്ഷകറേറ്റിങ്ങിൽ പക്ഷേ ലോഹത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു.

ലോഹം റിവ്യു വായിക്കാം

കമലും മമ്മൂട്ടിയും ഒരുമിച്ച ഉട്ടോപ്യയിലെ രാജാവും കുഞ്ചാക്കോ ബോബൻ വാസൂട്ടനായെത്തിയ ജമ്നാപ്യാരിയും ഓഗസ്റ്റ് 27നാണ് റിലീസ് ചെയ്തത്. ‘ഓണം കളറാക്കാൻ ഗഡികള് ഇറങ്ങാട്ടാ..’ എന്ന് തൃശൂർ സ്റ്റൈലിൽ പറഞ്ഞ് ഇറങ്ങിയ ജമ്നാപ്യാരി ഇപ്പോഴും തൃശൂരിലും പരിസരപ്രദേശങ്ങളിലുമാണ് ആശ്വാസകലക്‌ഷനുമായി നീങ്ങുന്നത്. പ്രേക്ഷകനെ നിരാശപ്പെടുത്താനായിരുന്നു ഈ ചിത്രത്തിന്റെയും വിധി. യുദ്ധം ചെയ്യാതെ രാജാവ് നിങ്ങളുടെ രാജ്യം കീഴടക്കും എന്നായിരുന്നു ഉട്ടോപ്യയിലെ രാജാവിന്റെ പരസ്യവാചകം. പക്ഷേ പ്രേക്ഷകരുടെ മനസ്സു കീഴടക്കുന്നതിൽ കോക്രാങ്കരക്കാരും സി.പി.സ്വതന്ത്രനുമെല്ലാം അത്രകണ്ട് വിജയിച്ചില്ല. അവിടെയും പ്രേക്ഷകന് തിരിച്ചടി.

ഉട്ടോപ്യയിലെ രാജാവ് റിവ്യു വായിക്കാം

തിരുവോണത്തിന്റെ അന്ന്, ഓഗസ്റ്റ് 28നായിരുന്നു വെടി മാത്രമല്ല അടിയുമുണ്ടെന്ന് പ്രഖ്യാപിച്ച് ലിജോ ജോസിന്റെ ഡബിൾ ബാരലിന്റെ വരവ്. ഒപ്പം വലിയ ഒച്ചയനക്കങ്ങളൊന്നുമില്ലാതെ ബേസിൽ ജോസഫിന്റെ കുഞ്ഞിരാമായണവും. യുവതാരങ്ങൾ ഒന്നാകെയെത്തിയിട്ടും തിയേറ്ററിൽ ഡബിൾ ബാരലിന്റെ വീഴ്ചയെ തടഞ്ഞുനിർത്താനായില്ല. 16 കോടിയോളം മുടക്കിയെടുത്ത ചിത്രത്തിന്റെ 10 മിനിറ്റിലേറെ വരുന്ന ഭാഗം എഡിറ്റ് ചെയ്ത് നീക്കി വീണ്ടും പുറത്തിറക്കിയിട്ടു പോലും രക്ഷയുണ്ടായില്ല. ജമ്നാപ്യാരിയോടൊപ്പം ഇപ്പോഴും ചിലയിടങ്ങളിൽ ഒരു ഷോ മാത്രമായി ഒതുങ്ങിയിരിക്കുന്നു ഡബിൾ ബാരൽ. കുഞ്ഞിരാമായണമാകട്ടെ നാലു ഷോകളോടെ തന്നെ മുന്നേറുന്നു. മുടക്കുമുതൽ എന്നേ തിരിച്ചുപിടിച്ച ഈ ചിത്രം ഓണത്തിന് കുടുംബസമേതം പോയിക്കണ്ട് ചിരിച്ചിറങ്ങി വരാമെന്ന വിശ്വാസം നേടിയതോടെ അത്യാവശ്യം തിയേറ്ററുകളെ നിറച്ചു തന്നെ മുന്നോട്ടു പോകുന്നുണ്ട്.

കുഞ്ഞിരാമായണം റിവ്യു

ഓണത്തിന് 2013ലുണ്ടായ അതേ അവസ്ഥയായിരുന്നു ഇത്തവണയുമെന്നു പറഞ്ഞാൽ തെറ്റില്ല. അന്ന് ഓണം ചിത്രങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാതായതോടെ അതിനും ഒരു മാസം മുൻപേ റിലീസ് ചെയ്ത പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, മെമ്മറീസ് എന്നീ ചിത്രങ്ങൾ തിയേറ്ററുകളിലെത്തി കലക്‌ഷനും അടിച്ചെടുത്ത് പോവുകയായിരുന്നു. സമാന അവസ്ഥയിൽ 2015ൽ ഓണച്ചിത്രങ്ങൾ ചീഞ്ഞതോടെ വളമായത് പ്രേമത്തിനും അയാൾ ഞാനല്ലയ്ക്കും ബാഹുബലിക്കുമൊക്കെയായിരുന്നു. ഓണച്ചിത്രങ്ങൾ പലതും തിയേറ്റർ വിട്ടിട്ടും ഇപ്പോഴും പ്രേമവും ബാഹുബലിയും അയാൾ ഞാനല്ലയുമൊക്കെ കാണാൻ അത്യാവശ്യം പ്രേക്ഷകരുണ്ട്.

ഓണച്ചിത്രങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയരാതായയോടെ അത് സഹായകരമായത് തമിഴ് ചിത്രങ്ങൾക്കുമായിരുന്നുവെന്നും പറയാതെ വയ്യ. ഡബിൾ ബാരലിനൊപ്പമെത്തിയ അരവിന്ദ് സ്വാമിയുടെ തനി ഒരുവനും പിന്നീടെത്തിയ വിശാലിന്റെ പായുംപുലിയും ആര്യയുടെ യാച്ചനുമെല്ലാം ഇപ്പോഴും പല തിയേറ്ററുകളിലും ഫുൾഷോയാണ്. ഓണത്തിനിടയ്ക്ക് സെയ്ഫ് അലി ഖാന്റെ ‘ഫാന്റം’ ഒന്നു തലകാട്ടിയെങ്കിലും കേരളം വലിയ താൽപര്യം കാണിച്ചില്ല. പിന്നാലെ വന്ന ഹീറോയും വെൽകം ബാക്കുമെല്ലാം അതേ പാതയിലൂടെ പോയി. ഓണം കറുത്തതോടെ വെളുക്കെച്ചിരിച്ച് ഹോളിവുഡിലെ ഫന്റാസ്റ്റിക് ഫോറും ഹിറ്റ്മേനും ട്രാൻസ്പോർട്ടറുമെല്ലാം ഇപ്പോൾ തിയേറ്ററുകളിൽ സജീവസാന്നിധ്യമായിട്ടുണ്ട്.

തിരുവോണത്തിനും തലേന്നും പിറ്റേന്നുമൊക്കെ ഏറ്റവും പുതിയ ചിത്രങ്ങൾ പ്രദർശിപ്പിച്ച് ചാനലുകളും തിയേറ്ററുകൾക്ക് ഇത്തവണ പണി കൊടുത്തു. ഭാസ്കർ ദി റാസ്കൽ, ചിറകൊടിഞ്ഞ കിനാക്കൾ, നീന, ലൈ ഓ ലൈല, വെള്ളിമൂങ്ങ, എന്നും എപ്പോഴും, ഗോഡ്സ് ഓൺ കൺട്രി, സപ്തമശ്രീ തസ്കരാഃ എന്നിങ്ങനെ കുടുംബപ്രേക്ഷകരെ അത്യാവശ്യം പിടിച്ചുരുത്താൻ പോന്ന വെടിമരുന്നിനുള്ള വക ചാനലുകള്‍ നിറയെയുണ്ടായിരുന്നു. ഇത് പല ചിത്രങ്ങളുടെയും ഇനിഷ്യൽ കലക്‌ഷനെയും ബാധിച്ചു. ഓണച്ചിത്രങ്ങൾ പലതും മോശം അഭിപ്രായം കേൾപ്പിച്ചതോടെ പിന്നീടുള്ള ദിവസങ്ങളിലെ കലക്‌ഷനും കുറഞ്ഞു. ഓണം കഴിഞ്ഞ് തൊട്ടുപിറകെ ഓണപ്പരീക്ഷ കൂടി വന്നതോടെ ശേഷിക്കുന്ന യുവപ്രേക്ഷകർ പഠിത്തച്ചൂടിലേക്കും തിരിഞ്ഞു. അതോടെ ഓണച്ചിത്രങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും റെഡി.

എന്തായാലും ഓണച്ചിത്രത്തള്ളിനിടയിൽ ഒരരികിലേക്കു മാറി നിന്ന ദിലീപ്–ജീത്തുജോസഫ് ചിത്രം ലൈഫ് ഓഫ് ജോസൂട്ടിയിലാണ് ഇനി പ്രേക്ഷകരുടെ പ്രതീക്ഷകളെല്ലാം. ആകെത്തുകയായി പറഞ്ഞാൽ വൈഡ് റിലീസിന്റെയും മികച്ച മാർക്കറ്റിങ്ങിന്റെയുമൊക്കെ ബലത്തിൽ മിക്ക ഓണചിത്രങ്ങളും ബോക്സ് ഓഫിസിൽ വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും പ്രേക്ഷകരുടെ മനം നിറയ്ക്കുന്ന ഒരു ‘ഫിലിമോണം’ സമ്മാനിക്കാൻ ഈ വർഷവും മലയാളസിനിമയ്ക്കായില്ലെന്നതാണു സത്യം.