ഒപ്പം സിനിമയ്ക്ക് പിന്നിലെ ശാസ്ത്രം

ഒപ്പം എന്ന സിനിമയിലെ ജയരാമന്റെ കലാപരിപാടികൾ കാണുമ്പോൾ അതിശയം തോന്നും. കാഴ്ചയില്ലാത്തവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ?

കൊലയാളിയുടെ ഒപ്പം പായുന്ന ‘ഒപ്പ’ത്തിലെ ജയരാമനെ കണ്ടപ്പോൾ ഇത്തിരി അതിശയോക്തി തോന്നാത്തവരായി ആരുമുണ്ടാകില്ല. പിന്നെ മോഹൻലാലല്ലേ, കണ്ണുകാണാത്തവനായി അഭിനയിച്ചാൽപോലും ഇതല്ല, ഇതിനപ്പുറം പറ്റുമെന്നൊക്കെ വിശ്വസിച്ചു. എങ്കിലും കണ്ണുകാണാത്തവർക്കു ചെവി അൽപം കൂടുതലുണ്ടാകാമെന്നു ക്ലാസ്മേറ്റ്സിലെ എസ്തപ്പാനച്ചൻ പറയുന്നതിനും മുൻപേതന്നെ എല്ലാവർക്കും അറിയാം. കണ്ണുകാണാത്തവർക്കു മറ്റുള്ളവരെക്കാൾ കേൾവിശക്തി കൂടുതലുണ്ടോ, ഘ്രാണശക്തി കൂടുതലുണ്ടോ, ഒരു കഴിവ് ഇല്ലതാകുമ്പോൾ മറ്റെന്തെങ്കിലും പ്രത്യേക കഴിവു ലഭിക്കുന്നുണ്ടോ?

പണ്ട് പാമ്പുകൾക്കു കാലുണ്ടായിരുന്നെന്നും അത് ഉപയോഗിക്കാതെ ഇല്ലാതായെന്നും ക്ഷാമകാലത്തു പുല്ലില്ലാതായപ്പോൾ മരത്തിന്റെ ഇല തിന്നാനായി കഴുത്തു നീട്ടി ജിറാഫിന്റെ കഴുത്തു നീണ്ടുവെന്നും വായിച്ചതു കഥാപുസ്തകത്തിലല്ല, ശാസ്ത്രപുസ്തകത്തിലാണ്. ഒളിംപിക്സിൽ ജിംനാസ്റ്റിക്സും ഡൈവിങ്ങുമൊക്കെ കണ്ടപ്പോൾ ഇവർക്കെന്തോ പ്രത്യേക കഴിവുണ്ടെന്നു വിശ്വസിക്കാനായിരുന്നു നമുക്ക് ഇഷ്ടം. പരിശീലിപ്പിക്കുന്നതനുസരിച്ചു പ്രവർത്തിക്കാൻ മനുഷ്യശരീരത്തിനു കഴിയും. ഉപയോഗിക്കുന്നതനുസരിച്ചു തലച്ചോറിന്റെ ശേഷിയും കൂടും. ഇതാണ് ഒപ്പം സിനിമയിലെ ജയരാമനും ചെയ്യുന്നത്. കണ്ണിന്റെ കുറവു കേട്ടും മണത്തും തൊട്ടും പരിഹരിച്ചു.

ശാസ്ത്രം

തലച്ചോറിന്റെ 20 മുതൽ 30% വരെയാണു കാഴ്ചയ്ക്കുവേണ്ടി ഉപയോഗിക്കുന്നത്. വിഷ്വൽ കോർട്ടെക്സ് എന്ന, കാഴ്ച സാധ്യമാക്കുന്ന തലച്ചോറിന്റെ ഭാഗം അത്ര ചെറുതല്ല. കാഴ്ച ഇല്ലാത്തവർക്ക് ഈ ഭാഗത്തേക്ക് ഒരു ഇൻപുട്ടും ശരീരത്തിൽനിന്നു കിട്ടുന്നില്ല. അങ്ങനെ വിഷ്വൽ കോർട്ടെക്സ് എന്ന വലിയ പ്രതലം ഉപയോഗമില്ലാത്തതായി മാറും. കാഴ്ചയ്ക്കു സഹായിക്കുന്ന ഭാഗത്തിന്റെ തൊട്ടടുത്തു സ്പർശനത്തിന്റെ ഭാഗമാണ്. കാഴ്ചശക്തി കുറയുമ്പോൾ കൂടുന്നതു സ്പർശനശക്തിയാണ്. കാഴ്ചയുടെ ഭാഗംകൂടി എടുത്തു സ്പർശനത്തിന്റെ ഭാഗം വികസിക്കും. എന്തിനെയും തൊട്ടു മനസ്സിലാക്കാനുള്ള കഴിവു ലഭിക്കും.

ബ്രെയ്ൻ പ്ലാസ്റ്റിസിറ്റി എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. കണ്ണുകാണാത്തവർ തൊട്ടു വായിക്കുന്ന ബ്രെയ്‌ലി ലിപി ഉ​ണ്ടായത് ഈ ശാസ്ത്രത്തിൽനിന്നാണ്. തലച്ചോറിന്റെ ഈ പ്രത്യേകത എല്ലാ ഇന്ദ്രിയങ്ങളിലേക്കും തുല്യമായി പോകുന്നു എന്നും പഠനങ്ങളുണ്ട്.കണ്ണു കാണാതാകുമ്പോൾ അല്ലെങ്കിൽ ജന്മനാ കണ്ണുകാണാത്തവരുടെ തലച്ചോറ് ഒരു സമ്പൂർണ മേക്ക് ഓവർതന്നെ നടത്തുന്നുണ്ട്.

മറ്റു കഴിവുകളെ സഹായിക്കുന്ന രീതിയിലേക്കുള്ള ഈ മേക്ക് ഓവറിനെ ക്രോസ് നോഡൽ ന്യൂറോപ്ലാസ്റ്റിസിറ്റി എന്നാണു പറയുന്നത്. എന്നാൽ, വിഷ്വൽ കോർട്ടെക്സും ഓഡിറ്ററി കോർട്ടെക്സും എല്ലാ സാഹചര്യത്തിലും മാറണമെന്നുമില്ല. വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം മാറുന്ന സാഹചര്യവുമുണ്ട്. പുതിയ ഒരു ഭാഷ, ആ നാട്ടിൽ ചെല്ലുമ്പോൾ പെട്ടെന്നു പഠിക്കുന്നതാണ് ഉദാഹരണം.

കണ്ണടച്ചു നിന്നാൽ നന്നായി കേൾക്കാൻ കഴിയുമെന്നു തോന്നിയിട്ടില്ലേ? ഒരു പാട്ടു കേൾക്കുമ്പോൾ വരികൾ മനസ്സിലാക്കാൻ കണ്ണടച്ചു കേട്ടാൽ മതി. കണ്ണടയ്ക്കുമ്പോൾ വിഷ്വൽ കോർട്ടെക്സിലേക്കു സന്ദേശങ്ങൾ ലഭിക്കാതാകുകയും കേൾവി കുറച്ചുകൂടി മെച്ചപ്പെട്ട അനുഭവമാക്കി തീർക്കുകയും ചെയ്യും തലച്ചോർ. അങ്ങനെ കാഴ്ചയുടെ ഭാഗത്തെ മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കുന്നതുകൊണ്ടാണ് അന്ധതയുള്ളവർക്കു മറ്റു കഴിവുകൾ കൂടുന്നത്. കൂടാതെ കാഴ്ചശക്തി ഇല്ലാത്തവർക്ക് ഓർമശക്തി കൂടുതലായിരിക്കുമെന്നു തെളിയിക്കുന്ന ഒരു പഠനം യൂണിവേഴ്സിറ്റി ഓഫ് ജെറുസലേം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. രാജീവ് സുകുമാരൻ (പ്രിയങ്ക ഐ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി) ഡോ. മാത്യു ഡൊമിനിക് (ഇഎൻടി സ്പെഷലിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ്, കൊച്ചി)