താരങ്ങളുടെ സെക്കന്റ് ക്ളാസ് യാത്ര; 20ന് ആലുവയില്‍ നിന്ന്

ഒരു സെക്കന്റ് ക്ളാസ് യാത്രയുടെ ട്രെയിനോര്‍മ്മയില്‍ താരങ്ങള്‍ പരശുറാമില്‍ യാത്ര ചെയ്യുന്നു. ആലുവ മുതല്‍ എറണാകുളം വരെ 20-ാം തീയതി ബുധനാഴ്ചയാണു യാത്ര. റജീസ് ആന്റണിയും ജെക്സണ്‍ ആന്റണിയും എഴുതി സംവിധാനം ചെയ്ത 'ഒരു സെക്കന്റ് ക്ളാസ് യാത്ര' പറയുന്നതു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പൂജപ്പുര ജയിലിലേക്കുള്ള രണ്ടു പ്രതികളുടെ ട്രെയിന്‍ യാത്രയുടെ കഥയാണ്.

ഇതിന്റെ ഒാര്‍മ്മ പുതുക്കലും ചിത്രത്തിന്റെ വിജയാഘോഷവുമാണു ട്രെയിന്‍ യാത്രയുടെ ലക്ഷ്യമെന്നു സംവിധായകന്‍ റജീസ് ആന്റണി പറഞ്ഞു. വിനീത് ശ്രീനിവാസനും നിക്കി ഗില്‍റാണിയും ചെമ്പന്‍ വിനോദും ജോജു മാളയും ശ്രീജിത്ത് രവിയും അടക്കമുള്ള താരനിരയോടൊപ്പം സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരും അണിചേരും. 20-ാം തീയതിയില്‍ പരശുറാം എക്സ്പ്രസിലെ സെക്കന്റ്ക്ളാസ് കംപാര്‍ട്ട്മെന്റില്‍ ആലുവ മുതല്‍ എറണാകുളം വരെ താരയാത്ര കാണാം. നിര്‍മാതാക്കള്‍ തുടക്കത്തില്‍ ഇൌ ചിത്രത്തിന് ഏല്‍പ്പിച്ച പരീക്ഷണങ്ങള്‍ പിന്നിട്ടത് ആല്‍വിന്‍ ആന്റണിയും അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും ഇവരെ സഹായിക്കാന്‍ നിര്‍മാതാക്കളായി സഹായിക്കാനെത്തിയതോടെയാണ്. നിര്‍മാതാക്കള്‍ ഇവരുടെ പരിശ്രമത്തിനു നല്‍കിയ വിശ്വാസം വിജയിച്ചുവെന്നുറപ്പിക്കാം.

സെക്കന്റ് ക്ളാസ് യാത്ര കയ്യടികള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. പുതുമുഖ സംവിധായകര്‍ എന്ന നിലയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ പിന്നിട്ട ശേഷമുള്ള വിജയം. ' റജീസും ജെക്സനും മൂന്നു വര്‍ഷത്തോളമായി ഇൌ ചിത്രത്തിന്റെ പിന്നാലെയാണ്. ഒട്ടേറെ ശ്രമങ്ങള്‍ പരാജയപ്പെടുകയും അവിടെ നിന്നെഴുന്നേറ്റു വരികയും ചെയ്തു അവര്‍. നാലു പ്രധാന താരങ്ങളുടെ ഡേറ്റുകള്‍ കൂട്ടിയോജിപ്പിക്കാന്‍ കഴിയാതെ അവര്‍ കുഴങ്ങിയിരുന്നു. എന്നാല്‍ ഒടുവില്‍ ഇൌ യാത്രയില്‍ അവര്‍ വിജയിച്ചിരിക്കുന്നു. എനിക്കും അതിലുള്ള സന്തോഷം ചെറുതല്ല'. സെക്കന്റ് ക്ളാസ് യാത്രയിലെ നായകന്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞു.