ഈ സിനിമായാത്ര ഞങ്ങള്‍ ഒരുമിച്ച് തുടങ്ങി

റജീസും ജെക്സനും കൂട്ടുകാരായതു തമ്പി കണ്ണന്താനത്തോടൊപ്പം ഒന്നാമന്‍ എന്ന ചിത്രത്തില്‍ സഹ സംവിധായകരായപ്പോഴാണ്. ഷാജി കൈലാസിനൊപ്പവും അന്‍വര്‍ റഷീദിനൊപ്പവും ഇവര്‍ സഹായികളായി ചേര്‍ന്നെങ്കിലും മൂന്നു വര്‍ഷം മുന്‍പ് കോട്ടയത്തെ കൂട്ടുകാരനായ പൊലീസുകാരന്റെ ജീവിതത്തില്‍ ഉണ്ടായ അനുഭവത്തില്‍ നിന്നൊരു കഥ കോര്‍ത്തെടുത്ത അന്നു മുതല്‍ സ്വന്തമായൊരു ചിത്രം സംവിധാനം ചെയ്താലെന്താ എന്ന ആഗ്രഹം മനസില്‍ സൂം ചെയ്തു തുടങ്ങി. കഥ ആദ്യം പറഞ്ഞതു വിനീത് ശ്രീനിവാസനോടായിരുന്നു. ആ കഥാപാത്രം വിനീത് തന്നെയെന്നു തീരുമാനിച്ചിരുന്നു. കഥയിഷ്ടപ്പെട്ട വിനീതാണു ചിത്രവുമായി മുന്നോട്ടു പോകാന്‍ ധൈര്യം തന്നത്. താരങ്ങളുടെ തിരക്കില്‍പെട്ടു ചിത്രം അന്നിറക്കാനായില്ലെങ്കിലും കുടുംബ പ്രേക്ഷകര്‍ ഇന്ന് 'ഒരു സെക്കന്റ് ക്ളാസ് യാത്ര' ഏറ്റെടുത്തതു കാണുമ്പോള്‍ റജീസ് ആന്റണിക്കും ജെക്സന്‍ ആന്റണിക്കും സന്തോഷം ഇരട്ടിക്കുന്നു.

' കോട്ടയം ജുവനൈല്‍ ഹോമില്‍ നിന്നു രണ്ടുപേരെയും കൊണ്ട് ഒറീസയ്ക്കു പോയ പൊലീസ് സുഹൃത്ത് അജിത്തിനു യാത്രയ്ക്കിടെയുണ്ടായ രസിപ്പിക്കുന്ന അനുഭവങ്ങള്‍ പറഞ്ഞതില്‍ നിന്നാണു കഥയുടെ ത്രഡ് കിട്ടിയത്, കോട്ടയം പാലായ്ക്കടുത്തു ആനിക്കാട് പള്ളിയ്ക്കത്തോടുകാരന്‍ റജീസ് സംവിധായകനും തിരക്കഥാകൃത്തുമായ കഥ തുടങ്ങിയത് ഇതു പറഞ്ഞു കൊണ്ടാണ്. പൊലീസ് കഥകള്‍ ഒരുപാടിറങ്ങിയിട്ടുണ്ട് മലയാളത്തില്‍. പ്രതികള്‍ക്ക് എസ്കോര്‍ട്ട് പോകുന്ന പൊലീസുകാരെ കുറിച്ചു സിനിമയുണ്ടായിട്ടില്ല. അതല്‍പം രസം ചേര്‍ത്ത് അവതരിപ്പിച്ചാലെന്താ എന്ന ചിന്തയില്‍ നിന്ന് ' ഒരു സെക്കന്റ് ക്ളാസ് യാത്ര' തുടങ്ങുകയായിരുന്നു. ഒരുപാട് കഥകളുമായി കേരളത്തിന്റെ മനസിലൂടെ ഒാടിക്കിതയ്ക്കുന്ന പരശുറാം എക്സ്പ്രസിനെ കഥാപാത്രമാക്കി ഇവര്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പൂജപ്പുരയിലേക്കു പോകുന്ന രണ്ടു തടവുപുള്ളികള്‍. അവരുടെ കഥകള്‍. രസിപ്പിക്കുന്ന പൊലീസ് അനുഭവങ്ങള്‍. സംഗതി ക്ളിക്കായെന്നു കേരളത്തിന്റെ പലഭാഗത്തു നിന്നു ലഭിക്കുന്ന ഫോണ്‍വിളികളില്‍ നിന്നു മനസിലാവുന്നുവെന്നും റജീസ് പറഞ്ഞു.

1999ല്‍ എറണാകുളത്തു മാക്ടയുടെ നേതൃത്വത്തില്‍ നടന്ന ചലച്ചിത്രക്കളരിയില്‍ നിന്നാണു റജീസ് സിനിമാക്കളരിയിലെത്തിയത്. ഒറ്റവര്‍ഷം കൊണ്ട് ആ പദ്ധതി മാക്ട ഉപേക്ഷിച്ചെങ്കിലും അവിടെ നിന്നുണ്ടായ ബന്ധം റജീസിനെ സിനിമയില്‍ തുടരാന്‍ പ്രേരിപ്പിച്ചു. തമ്പി കണ്ണന്താനത്തിനൊപ്പം അവസരം കിട്ടിയത് അങ്ങനെയാണ്. അവിടെ വച്ചു തുടങ്ങിയ ബന്ധമാണ് റജീസും ജെക്സനും തമ്മില്‍. നിര്‍മാതാക്കളായ ആല്‍വിന്‍ ആന്റണിയും അരുണ്‍ഘോഷും ബിജോയ് ചന്ദ്രനും നന്നായി പ്രോല്‍സാഹിപ്പിച്ചുവെന്നു ജെക്സന്‍ പറഞ്ഞു. എറണാകുളം ഇടക്കൊച്ചിക്കാരനാണു ജെക്സന്‍. റജീസിന്റെ ഭാര്യ റോസ് ഇൌ ചിത്രത്തില്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ സഹായിച്ചിരുന്നു. ഋത്വികയാണു മകള്‍. ജെക്സന്‍ അവിവാഹിതനാണ്. ഇനി അടുത്ത ചിത്രം...' ചിന്തിച്ചു തുടങ്ങിയിട്ടില്ല. പക്ഷേ, ഞങ്ങള്‍ തന്നെ വീണ്ടുമെത്തും. പുതിയ ചിന്തയും ചിരിയുമായി', റജീസും ജെക്സനും പറഞ്ഞു.