വിനീതിനെതിരെ ചാത്തൻ സേവയുമായി നിവിൻ

‘‘മലർവാടി ആർട്സ് ക്ലബ് മുതൽ തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള സൗഹൃദം. മലർവാടിക്കു ശേഷം വിനീത് എഴുതുന്ന ഓരോ സിനിമയിലും എന്നെ ഓർത്തു. ഇനിയുള്ള സിനിമകളിലും എന്നെ ഓർക്കുമെന്നു കരുതുന്നു. അങ്ങനെ ഓർക്കാനുള്ള എല്ലാവിധ ചാത്തൻ സേവയുമായും ഞാൻ വിനീതിന്റെ പിറകേ കാണും’’. പറയുന്നത് മറ്റാരുമല്ല, യുവ താരം നിവിൻ പോളിയാണ്. ‘പ്രേമ’ത്തിന്റെ വ്യാജൻ കൊടുത്ത എട്ടിന്റെ പണിയുടെ ആശങ്കയും നിരാശയും ഉണ്ടായിരുന്നെങ്കിലും 2015 ലെ തന്റെ ആദ്യ ഹിറ്റ് സിനിമ ‘ഒരു വടക്കൻ സെൽഫി’ 100 ദിവസം ഓടിയതിന്റെ സന്തോഷത്തിൽ ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു നിവിൻ.

ഒരു വടക്കൻ സെൽഫി 100 ദിവസം ആഘോഷിക്കുമ്പോൾ എക്കാലവും മലയാളത്തിൽ ഹിറ്റുകൾ നൽകിയത് മിക്കതും നല്ലൊരു കൂട്ടായ്മയെന്ന സത്യം ഊട്ടി ഉറപ്പിക്കുന്നു. ആ സത്യത്തിന്റെ 2015ലെ നേർ പതിപ്പു തന്നെയാണ് ‘ഒരു വടക്കൻ സെൽഫി’യുടെ വിജയം. സെൽഫിയുടെ ഈ വിജയത്തിനു പിന്നിൽ നന്മയുടേയും കൂട്ടായ്മയുടെയും തിരിച്ചറിയലിന്റെയും പരസ്പരമുള്ള പിന്തുണയുടേയും സൗഹൃദത്തിന്റെയുമെല്ലാം കഥയുണ്ട്.

ഒരു സിനിമാപോലും മുൻപ് തനിയെ എടുത്ത പരിചയമില്ലാത്ത പ്രജിത് എന്ന സംവിധായകന്റെ ആദ്യ സിനിമ നിർമിക്കാം എന്നത് വിനോദ് ഷൊർണൂർ എന്ന ലാളിത്യമുള്ള നല്ല ഒരു മനുഷ്യന്റെ നന്മയായിരുന്നു. സിനിമയ്ക്ക് തിരക്കഥ എഴുതിയ വിനീത് ശ്രീനിവാസന് വടക്കൻ മലബാറും യുവാക്കളുമുള്ള ഒരു വിഷയത്തിന് തരക്കേടില്ലാത്ത തിരക്കഥയൊരുക്കി സൂപ്പർഹിറ്റ് ആക്കിയ ചരിത്രമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു വിഷയത്തിൽ വിനീത് എന്തെങ്കിലും മുൻപിൽ കാണാതെ എടുത്ത് ചാടില്ല എന്ന തിരിച്ചറിവാകും സംവിധായകൻ ലാൽജോസ് ഈ സിനിമയ്ക്കായി വിനോദ് ഷൊർണൂരിനും എൽ ജെ ക്രിയേഷൻസിനും പച്ചക്കൊടി കാട്ടുവാൻ കാരണം.

‘ഓം ശാന്തി ഓശാന’ സംവിധാനം ചെയ്ത മറ്റൊരു ഹിറ്റ് ഒരുക്കിയ ജൂഡ് ആന്റണി ജോസഫ് മറ്റൊന്നും ആലോചിക്കാതെ സംവിധാനത്തിൽ പ്രജിത്തിനെ സഹായിക്കുവാൻ എത്തി. തിരക്കഥ ഇക്ബാൽ കുറ്റിപ്പുറത്തെ പോലുള്ള അനുഭവ പരിചയമുള്ള തിരക്കഥാകൃത്തുക്കളെ കാണിച്ചു അവരുടെ അഭിപ്രായം സ്വീകരിച്ചിരുന്നതായി വിനീത് ശ്രീനിവാസൻ തന്നെ മുൻപ് പറഞ്ഞിട്ടുമുണ്ട്. കോറിയോഗ്രഫി ചെയ്യുവാനുള്ള ആൾ എത്താതിരുന്നപ്പോഴാണ് സിനിമയിലെ അഭിനേതാവായ നീരജ് മാധവിന് കോറിയോഗ്രഫർ കൂടി ആയി ഈ സിനിമയിൽ അരങ്ങേറേണ്ടി വന്നത്.

ചെൈന്നയിലെ ഹിന്ദുസ്ഥാൻ എൻജിനിയറിങ് കോളജ് മുതലുള്ള സൗഹൃദക്കൂട്ടത്തിൽ നിന്നും അജുവും വിനീതും സിനിമയിലും ഒന്നിച്ചെത്തി. സംഗീതവുമായി ഷാൻ റഹ്മാനും ക്യാമറയുമായി ജോമോൻ ടി ജോണും അഭിനയം എന്ന അടക്കാനാവാത്ത ഇഷ്ടവുമായി നിവിൻ പോളിയും പിന്നീട് ഈ ചങ്ങാതി കൂട്ടത്തിലെത്തി. ‘തട്ടത്തിൻ മറയത്ത്’, ‘ഒരു വടക്കൻ സെൽഫി’ തുടങ്ങിയ യുവ കേന്ദ്രീകൃതമായ സിനിമകളിലൂടെ ഇവർ മലയാള സിനിമയ്ക്കു എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചു. വടക്കൻ സെൽഫിയുടെ 100ാം ദിനാഘോഷത്തിനൊടുവിൽ ഏവരും ചേർന്നെടുത്ത സെൽഫി സൗഹൃദത്തിന്റെ നല്ല സിനിമയ്ക്കുള്ള ഒരു സ്നേഹസമർപ്പണം കൂടിയാണ്.