കലാഭവൻ മണിയുടെ മരണം; അന്വേഷണം ഊർജിതമാകുന്നു

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം തലവൻ ഡിവൈഎസ്പി കെ.എസ്. സുദർശൻ മണിയെ ചികിൽസിച്ച അമൃത ആശുപത്രിയിലെ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. അന്വേഷണത്തിനായി മെഡിക്കൽ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടു. സീൽ ചെയ്ത റിപ്പോർട്ട് ആശുപത്രി അധികൃതർ കൈമാറിയതായാണ് സൂചന. പിന്നീട് അദ്ദേഹം ഐജിയെ കണ്ട് കേസിന്റെ പുരോഗതി അറിയിച്ചു.

രണ്ട് ദിവസത്തിനിടയിൽ അമ്പതിലധികം പേരോട് പൊലീസ് കേസ് സംബന്ധിച്ച് വിവരങ്ങൾ ആരാഞ്ഞു. അടുത്ത ദിവസങ്ങളിലും ഇത് തുടരും. ഒരു സിനിമ നടൻ, മണിയുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ അടക്കമുള്ളവരോട് പൊലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മണിയുടെ ഔട്ട് ഹൗസായ പാടിയിൽ ഇന്നലെയും പൊലീസ് സൂക്ഷ്മ പരിശോധന നടത്തി. കേസിനെ സഹായിക്കുന്ന എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പരിശോധന.

കരൾ രോഗം മൂലമാണ് കലാഭവൻ മണിയുടെ മരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിരീക്ഷണം. മണിയുടെ ശരീരത്തിൽ മീഥെയിൻ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയെന്ന് ചികിൽസിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരുടെ സൂചനയാണ് അന്വേഷണത്തിന്റെ അടിസ്ഥാനം.

അന്വേഷണത്തിന്റെ ഭാഗമായി മണിയുടെ ഔട്ട്ഹൗസ് അടച്ചുപൂട്ടി പൊലീസ് കഴിഞ്ഞ ദിവസം സീൽ ചെയ്തിരുന്നു. ഡിവൈഎസ്പി കെ.എസ്. സുദർശൻ ഇന്നലെ അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് കേസിന്റെ പുരോഗതി വിലയിരുത്തി.

തുടരന്വേഷണത്തെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനു ശേഷം മണിയുടെ ആന്തരികാവയവങ്ങൾ കാക്കനാട് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെ കുറിച്ചു സ്ഥിരീകരണമുണ്ടാകുകയുള്ളൂ.