വ്യാജപ്രേമം: അന്വേഷണം സെൻസർ ബോര്‍ഡിലേക്ക്?

പ്രേമം സിനിമ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തതിന് മൂന്നു വിദ്യാർഥികൾ പിടിയിലായതോടെ അന്വേഷണം സെൻസർ ബോർഡിലെ മൂന്ന് അംഗങ്ങളിലേക്കെന്ന് സൂചന. പ്രേമം സിനിമയുടെ സെൻസർ പകർപ്പ് ആദ്യമായി ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത് ഈ വിദ്യാർത്ഥികളാണ്. ഇവർക്ക് ഇതിന്റെ പകർപ്പ് നൽകിയത് മറ്റ് രണ്ട് പേരാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

മെയ് 19നാണ് സെൻസർ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയത്. സെൻസർ ബോർഡിന് നൽകിയ കോപ്പിയുടെ പകർപ്പാണ് പ്രചരിക്കുന്നത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും സ്റ്റുഡിയോകളിലാണ് പകർപ്പ് ഒരുക്കിയത്. സെൻസർ ബോർഡിന്റെ കൈയിലുള്ള കോപ്പികൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മൂന്ന് സെൻസർ ബോർഡ് അംഗങ്ങളെ രഹസ്യമായി ചോദ്യം ചെയ്യാൻ ആന്റി പൈറസി സെൽ തയ്യാറെടുക്കുകയാണ്. ഇവരുടെ ലാപ്ടോപ് അന്വേഷണ സംഘം പരിശോധിച്ചു. ഇവരുടെ ഫോൺ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്. സിനിമകളുടെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉന്നത ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. വ്യാജ ഐപി വിലാസം ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ സിനിമ അപ്ലോഡ് ചെയ്തിരിക്കുന്നത്. വ്യാജസിനിമകളുടെ റാക്കറ്റിന് വിദേശ ബന്ധമുള്ളതായും ശക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.

നാല് ഇടങ്ങളിലാണ് സിനിമയുടെ സെൻസർ കോപ്പി നൽകിയതെന്ന് കഴിഞ്ഞ ദിവസം നിർമാതാവ് അൻവർ റഷീദ് പറഞ്ഞിരുന്നു. ആദ്യം അപ്‌ലോഡ് ചെയ്തവരെ കണ്ടെത്തിയതിനാൽ ഇത് എവിടെ നിന്നാണ് ലഭിച്ചതെന്നത് കണ്ടെത്തുന്നത് പ്രയാസകരമാകില്ലെന്നാണ് പൊലീസിന്റെ നിഗമനം. വിദ്യാർത്ഥികൾക്ക് സിനിമയുടെ പകർപ്പ് നൽകിയവരെയാകും അടുത്തതായി പൈറസി സെൽ കസ്റ്റഡിയിലെടുക്കുക.

മെയ് 29 ന് ഇന്ത്യയിൽ റിലീസായ ചിത്രത്തിന്റെ വ്യാജ കോപ്പി ജൂൺ 22നാണ് ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. ഒന്നരലക്ഷത്തിലധികം ആളുകളാണ് ഈ ചിത്രം ഇന്റർനെറ്റിലൂടെ കണ്ടത്. മൂന്നുലക്ഷത്തോളം പേർ ഇതു ഷെയർ ചെയ്തതായും വിവരമുണ്ട്. പ്രേമം സിനിമയുടെ പകർപ്പ് ചോർന്നത് മെയ് 19 നു മുൻപാണെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.