പൂമരം ട്രോൾ; ജയറാമിന്റെ മറുപടി

ജയറാമിന് കുട്ടിക്കാലത്തേ ഒരു സ്വഭാവമുണ്ട്, എന്തു പറഞ്ഞാലും അൽപം കൈയിൽ നിന്ന് ഇട്ടു പറയും. പത്താണെങ്കിൽ നൂറാക്കി പറയും. ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ എന്ന ഗാനം ജയറാം പാടിയാൽ കുറഞ്ഞത് ഒരു ‘പതിനായിരം പാദസരങ്ങൾ കിലുങ്ങി’ എന്നെങ്കിലുമാക്കുമെന്ന് കൂട്ടുകാർ കളിയാക്കിയിരുന്നു. അച്ഛന്റെ ഈ ‘പെരുപ്പിച്ചു പറയൽ’ മകന് ചെറുപ്പത്തിൽ അതേപടി കിട്ടി. എന്തും ഏതും അൽപം കൂട്ടിപ്പറയുന്ന സ്വഭാവമായിരുന്നു കുട്ടിക്കാലത്ത് കാളിദാസിന്റേത്.

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയുടെ സെറ്റിൽ വച്ച് കാളിദാസിന്റെ ഈ ‘തള്ള്’ സംവിധായകൻ സത്യൻ അന്തിക്കാട് കേൾക്കാൻ ഇടയായി. അങ്ങനെയാണ് ഈ സീൻ ചിത്രത്തിൽ ഇടംപിടിച്ചത്. ഇപ്പോൾ കാളി നായകനായപ്പോൾ ‘പൂമര’ത്തിലെ ട്രോളുകളിൽ അതു സൂപ്പർഹിറ്റുമായി. പൂമരം കൊണ്ട് ഒരു കപ്പലുണ്ടാക്കി എന്നു പറയുന്ന കാളിദാസ് ഒടുവിൽ ചങ്ങാടമാണ് ഉണ്ടാക്കിയതെന്നും ഇനി കുറയില്ലെന്നും പറയുന്നതാണ് ട്രോൾ. കാളിയാകട്ടെ ഇതു സ്വന്തം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തു.

റിലീസ് ചെയ്തു മൂന്നു ദിവസത്തിനുള്ളിൽ പൂമരത്തിലെ ഗാനം 20 ലക്ഷം പേർ കണ്ടു കഴിഞ്ഞു. മലയാളത്തിൽ ഇതു പുതിയ റെക്കോഡാണ്. മകന്റെ പുതിയ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്തതിന്റെ ആഹ്ളാദത്തിലാണ് ജയറാം. ‘ആദ്യം സ്‌റ്റേജിൽ അവൻ ചെയ്ത മിമിക്രി ജനങ്ങൾ ഏറ്റെടുത്തു. ലോകം മുഴുവൻ അവനെ അഭിനന്ദിച്ചു. അതിനുശേഷം അവൻ ചെയ്ത പരസ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ മലയാളത്തിൽ നായകനാകുന്ന ആദ്യ ചിത്രത്തിലെ ഗാനവും ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഒരു അച്ഛനെന്ന നിലയിൽ അഭിമാനം തോന്നിയ മുഹൂർത്തം. ഞാനും അശ്വതിയും പരസ്പരം വിളിച്ച് സന്തോഷം പങ്കുവയ്ക്കുകയാണ്.– ജയറാം ‘വനിത ഓൺലൈനോട്’ പറഞ്ഞു

അച്ചായൻസ് എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനിലാണ് ജയറാം ഇപ്പോൾ. ‘സെറ്റിൽ ഓട്ടോഗ്രാഫിനായി എത്തുന്ന എല്ലാവരും അന്വേഷിക്കുന്നത് കാളിയുടെ വിശേഷങ്ങളാണ്. ഒരു സംഘം കോളജ് വിദ്യാർഥികൾ പൂമരം എന്നെഴുതിയ നോട്ട് ബുക്കുമായി എത്തി. അതിലാണ് അവർ എന്റെ ഓട്ടോഗ്രാഫ് വാങ്ങിയത്. പാട്ട് റിലീസായപ്പോൾത്തന്നെ അവനെ കുട്ടികൾ ഏറ്റെടുത്ത മട്ടാണ്.– ജയറാമിന് അഭിമാനം.