മേരിയും മലരുംപോയി; എല്ലാവര്‍ക്കും സെലിനെ മതി!

പനങ്കുല പോലുള്ള മുടിയൊരു വശത്തേയ്ക്ക് മാടിയൊതുക്കി ആലുവാപ്പുഴയുടെ തീരത്തുകൂടെ ആദ്യം പാട്ടുംപാടി വന്നത് മേരിയായിരുന്നു. പാട്ടും അനുബന്ധ കാഴ്ചകളുമൊക്കെ കണ്ടപ്പോൾ പലരും ഉറപ്പിച്ചു–‘പ്രേമം’ ക്രൂരനായ ഒരച്ഛൻ വളർത്തുന്ന സുന്ദരിയായ മകളുടെയും അവളെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന നാട്ടിലെ ഒരു തല്ലിപ്പൊളി ചെറുക്കന്റെയും കഥയാണെന്ന്. പ്രേമത്തിനു മുൻപേ പാട്ടുകൾ ഹിറ്റായി. അതോടെ സകലരുടെയും മനസ്സാകെ മേരിയായി. അങ്ങനെയങ്ങനെ പ്രേമം പുറത്തിറങ്ങി. പക്ഷേ അത്രയും നാൾ മേരിയെ ചക്കരേ മുത്തേ എന്നും വിചാരിച്ചു നടന്നവർ പ്രേമത്തിന്റെ ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങിയതും പ്ലേറ്റ് മാറ്റി. സുന്ദരിയായ മേരി, നായകന്റെ ഭാഷയിൽത്തന്നെ പറഞ്ഞാൽ വെറും ചാളമേരിയായി മാറി.

പിന്നെ സകല പ്രേക്ഷക–കാമുക ഹൃദയങ്ങളും പേരിലും കാഴ്ചയിലും ഒരു പൂവിനെപ്പോലെത്തന്നെ സുന്ദരിയായ മലരിനു ചുറ്റും വട്ടമിട്ടു പറക്കാൻ തുടങ്ങി. മലരിന്റെ ജോർജിയയിൽ വെള്ളപ്പൊക്കം വന്നപ്പോൾ ഇവിടത്തെ കാമുകന്മാരുടെ നെഞ്ചാണ് കലങ്ങിമറിഞ്ഞത്. റിങ് ടോണിലും കോളർട്യൂണിലും മലർ, കോളജിലെ ഫ്രഷേഴ്സ് ഡേയിൽ മലർ, എന്തിനേറെപ്പറയണം ആരാധന കൂടിക്കൂടി പരസ്പരം ചീത്ത വിളിക്കുമ്പോൾ പോലും നീ പോടാ മലരേ..എന്നായി അഭിസംബോധന.

കോളജിലേക്ക് സാരിയുടുത്ത് ചന്ദനക്കുറിയുമിട്ടു വന്ന ടീച്ചർമാരു പോലും മലരു കാരണം പൊരിഞ്ഞ അവസ്ഥ. ആണുങ്ങളുടെ ഈ മലരാരാധന കണ്ട് സഹികെട്ട പെൺകുട്ടികളാകട്ടെ, മുഖക്കുരു പോകാൻ ഫെയർ ആൻഡ് ലൗവ്‌ലി കമ്പനിയുമായി ‘ഒപ്പിട്ട’ കരാർ പോലും കീറിക്കളഞ്ഞു. മേരിയായ അനുപമയിൽ നിന്നും വ്യത്യസ്തമായി മലരിനെ ഒരു ചാനലഭിമുഖത്തിലോ ഫോൺ ഇൻ പ്രോഗ്രാമിലോ പൊതുപരിപാടികളിലോ ഒന്നും കാണാതായതോടെ കക്ഷിയോടുള്ള സ്നേഹം പിന്നെയും കൂടി (കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നാണല്ലോ..)

പക്ഷേ മലരിന്റെ മുഖവും മുഖക്കുരുവും വരെ വാർത്തയായിക്കഴിഞ്ഞപ്പോൾ ആ പ്രേമവും പതിയെ തീർന്നു. അങ്ങനെയിരിക്കെയാണ് പൂമ്പാറ്റയുടെ പരിണാമഘട്ടം പോലെ ചിത്രത്തിലെ ‘ശരിക്കും നായികയായ’ സെലിന്റെ വരവ്. പോസ്റ്ററിൽ നിന്നും പാട്ടുകളിൽ നിന്നും വരെ അൽഫോൻസ് പുത്രൻ ഒളിപ്പിച്ചു വച്ചിരുന്നതാണ് സെലിനെന്ന മഡോണയെ. ചിത്രത്തിലെ നായിക ആരാണെന്നറിഞ്ഞാൽ ക്ലൈമാക്സിലെ ആ കൗതുകം മുഴുവൻ നഷ്ടമാകുമെന്നായതുകൊണ്ട് ചിത്രം കണ്ടവർ പോലും അതിനെപ്പറ്റി അധികം മിണ്ടിയതുമില്ല.

പക്ഷേ സെൻസർ കോപ്പിയും വ്യാജസിഡിയുമൊക്കെയായി പ്രേമമാകെ മേരിയുടെ അച്ഛന്റെ സ്വഭാവം പോലെ അലമ്പായതോടെയാണെന്നു തോന്നുന്നു സെലിനും പതിയെ വെള്ളിവെളിച്ചത്തിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അങ്ങനെ പ്രേമത്തിന്റെ പോസ്റ്ററുകളിലും മേരിക്കും മലരിനും പിന്നാലെ സെലിന്റെ ആ സാധാരണയിൽ അസാധാരണമായ ചിരിയും നിറഞ്ഞു. പ്രേമമിറങ്ങി 50 ദിവസമെങ്കിലും കഴിയേണ്ടി വന്നു ആദ്യമായി സെലിന് ആരാധകരുടെ സ്നേഹപാത്രമാകാൻ. അല്ലെങ്കിൽത്തന്നെ ഇതാദ്യമായിട്ടായിരിക്കും ഒരു സിനിമ പുറത്തിറങ്ങുമ്പോൾ അതു കണ്ട കൂട്ടുകാരികൾ ഒരു പെൺകുട്ടിയോട് ചോദിച്ചിട്ടുണ്ടാവുക: ‘‘അല്ല സെലിനേ, നീയും നായികയായോ എന്ന്...’’,

അത്രമാത്രം രഹസ്യത്തോടെയായിരുന്നു മഡോണയെ അൽഫോൻസ് പ്രേമത്തിലെ നായികയാക്കിയത്. എന്തായാലും വൈകിയാണെങ്കിലും വന്നത് വസന്തമാണല്ലോ എന്ന സന്തോഷത്തിലാണ് സെലിൻ. സോഷ്യല്‍മീഡിയ നിറയെ ഇപ്പോള്‍ സെലിന്‍ നിറഞ്ഞു നില്‍ക്കുകയാണ്. ‘അത് വിറ്റായിരുന്നു കേട്ടോ’ എന്ന ഡയലോഗും ഉള്‍പ്പെടുത്തിയാണ് ആരാധകര്‍ സെലിനെ ഇഷ്ടപ്പെടുന്നത്.

പുഴുവും പ്യൂപ്പയും കഴിഞ്ഞ് പൂമ്പാറ്റ കൂടി ആയതോടെ ഇനിയെന്ത് എന്നതാണ് പ്രേമത്തിന്റെ ആരാധകരുടെ നോട്ടം. ഇനിയൊരാൾ കൂടിയുണ്ട്. പക്ഷേ ‘അപരിചിതരോട് പേര് പറയരുതെന്ന് മമ്മി പറഞ്ഞിട്ടുണ്ട്’ എന്നതിനാൽ പേര് പറയുന്നില്ല.