പ്രേമത്തിന്‍റെ ഹാർഡ് ഡിസ്ക് പരിശോധനയ്ക്ക്

പ്രേമം സിനിമയു‌ടെ വ്യാജനിറങ്ങിയ സംഭവത്തിൽ പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകൾ ഫോറൻസിക് ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചു. ചെന്നെ,കൊച്ചി,തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്റ്റുഡിയോകളിൽ നിന്നും പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകളും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് കോടതിയുടെ അനുമതിയോടെ പരിശോധനയ്ക്കായി അയച്ചത്.

സിനിമയുടെ സെൻസർ പകർപ്പിൽ എഡിറ്റിങ് നടന്നത് ഈ മൂന്ന് സ്റ്റുഡിയോകളിലാണ്. ഫോറൻസിക് പരിശോധനയുടെ ഫലം പുറത്തുവരുന്നതോടെ അന്വേഷണത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

സംശയമുള്ള ചിലർ നിരീക്ഷണത്തിലാണെന്നും സാങ്കേതികമായ ചില കാര്യങ്ങളിൽ വ്യക്തത വന്നാൽ അറസ്റ്റുണ്ടാകുമെന്നും ആന്റി പൈറസി സെൽ അധികൃതർ മനോരമ ഓൺലൈനിനോട് പറഞ്ഞു. കൊല്ലം കൊച്ചി നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. സിനിമാ ബന്ധമുള്ളവരാണ് സിനിമ ചോർത്തിയതെന്ന നിഗമനത്തിലാണ് പോലീസ്.

വിവിധ ലാബുകളിൽ നിന്നും പിടികൂടിയ ഹാർഡ് ഡിസ്കുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുന്നതിലുണ്ടായ കാലതാമസം നേരത്തെ വിമർശനത്തിനിടയാക്കിയിരുന്നു. പിടികൂടുന്ന ഓരോ ഹാർഡ് ഡിസ്കും ഫോറൻസിക് ലാബിലേക്ക് അയയ്ക്കാറില്ലെന്നും ഒരുമിച്ചാണ് അയയ്ക്കുന്നതെന്നുമായിരുന്നു ആന്റി പൈറസി സെൽ ഉദ്യോഗസ്ഥരുടെ വാദം. അന്വേഷണം ഇഴയുന്നതിൽ സിനിമാ മേഖലയിലുള്ളവരും അതൃപ്തി അറിയിച്ചിരുന്നു.