ആ സിനിമയിൽ അഭിനയിക്കാത്തതിൽ നിരാശ: പൃഥ്വി

ഇന്ദ്രജിത്ത്, പൃഥ്വിരാജ്

ഹിറ്റായി മാറിയ പാവാടയ്ക്കു പിന്നിൽ നാലു തിരക്കഥകളുടെ കഥയുണ്ട്. നാലു തിരക്കഥാകൃത്തുക്കളും.! തിരക്കഥ മൽസരമൊന്നുമായിരുന്നില്ല, നായകനായ പൃഥ്വിരാജിന്റെ വിധിനിർണയത്തിനു മുന്നിൽ ആദ്യ മൂന്നു പേർ എഴുതിയ തിരക്കഥകളും ഒഴിവാക്കപ്പെട്ടു. ഓരോ തിരക്കഥയും വായിച്ചു കേട്ട ശേഷം ‘ഇതു മറ്റാരെങ്കിലും ചെയ്യട്ടേ...’ എന്ന തന്ത്രപരമായ മറുപടിയുമായി പൃഥ്വി ഒഴിഞ്ഞുമാറുകയായിരുന്നുവെന്നു ചിത്രത്തിന്റെ നിർമാതാവ് കൂടിയായ നടൻ മണിയൻപിള്ള രാജു പറയുന്നു. അങ്ങനെ നാലാമതായാണു പാവാടയുമായി ബിപിൻ ചന്ദ്രന്റെ രംഗപ്രവേശം. ആ പേരിൽ തന്നെ പൃഥ്വിരാജിന്റെ മനസ്സുടക്കി. കഥയുടെ ചുരുക്കം കേട്ടതോടെ ആവേശത്തോടെ കൈകൊടുക്കുകയും ചെയ്തു.

രാജുവിനു താൻ പത്താമതു നിർമിക്കുന്നതു പൃഥ്വിരാജ് ചിത്രമാകണമെന്നു നിർബന്ധമായിരുന്നു. അതിനു പൃഥ്വി ഡേറ്റ് കൊടുത്തതോടെ ഇരുവരും രണ്ടാമത്തെ തീരുമാനമെടുത്തു; ആ സിനിമ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യണം. പിന്നീടാണു കഥാചർച്ച ആരംഭിക്കുന്നത്. അങ്ങനെയുള്ള ചർച്ചകൾക്കിടയിലാണ് ആദ്യ മൂന്നു തിരക്കഥകളും മരിച്ചതും ഒടുവിൽ പാവാട ജനിച്ചതും.

ഏതു വലിയ സംവിധായകനായാലും തിരക്കഥാകൃത്തായാലും തിരക്കഥ ചോദിച്ചു വാങ്ങി വായിച്ച് ഇഷ്ടപ്പെട്ടാൽ മാത്രമാണു പൃഥ്വി ആ സിനിമയുടെ ഭാഗമാവുന്നത്. പ്രേക്ഷകർക്കും ആ നടനിലുള്ള വിശ്വാസമതാണ്. - മണിയൻ പിള്ള രാജു പറഞ്ഞു.

മൊയ്തീൻ എന്ന പഴയകാല നായകന്റെ ഭാവപകർച്ചയിലും അമർ എന്ന ന്യൂ ജെൻ നായകനായും ഒരേ സമയം തിയറ്ററുകൾ കീഴടക്കി പുതുവർഷത്തേക്കു കടന്ന പൃഥ്വിരാജ് പാവാടയിലെ പാമ്പ് ജോയ് ആയി 2016ലെ ആദ്യ ഹിറ്റിലെയും നായകനായിരിക്കുന്നു.

നാലുതവണ തിരക്കഥ മാറ്റിയലോചിക്കുന്നതു പോലുള്ള ഇടപെടലുകളെപ്പറ്റി പൃഥ്വിരാജ്:

എല്ലാ സിനിമയിലും സംഭവിക്കുന്ന കാര്യമല്ലിത്. ചില സിനിമകൾ തിരക്കഥയായി തന്നെ നമ്മളിലേക്കു വരികയാണ്. പാവാടയെ സംബന്ധിച്ചു മണിയൻ പിള്ള രാജു ചേട്ടൻ നിർമിക്കുന്ന ഒരു സിനിമയിൽ അഭിനയിക്കാനുള്ള തീരുമാനമാണ് ആദ്യമുണ്ടായത്. പിന്നീടു ജി.മാർത്താണ്ഡനെ സംവിധായകനായും തീരുമാനിച്ച ശേഷമാണു കഥയെക്കുറിച്ചുള്ള ആലോചന വരുന്നത്. പല പ്രമേയങ്ങൾ ആലോചിച്ച് ഉറപ്പിച്ച ശേഷം തിരക്കഥ എഴുതിയെങ്കിലും തൃപ്തികരമായിരുന്നില്ല. എനിക്കു തോന്നിയ പ്രശ്നങ്ങൾ ഞാൻ അവരോടു പറഞ്ഞു.

ഇരുവരും എന്റെ വിലയിരുത്തലിനെ അംഗീകരിക്കാൻ തയാറായി. പണം മുടക്കുന്ന നിർമാതാവ് മാത്രമല്ല മണിയൻപിള്ള രാജു. ഒരു സീനിയർ പ്രൊഡക്‌ഷൻ കൺട്രോളർ ചെയ്യുന്ന ജോലിയെല്ലാം അദ്ദേഹം സെറ്റിൽ ചെയ്യും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയുണ്ട്. പാവാടയുടെ തിരക്കഥ ആദ്യം വായിച്ചുകേട്ടപ്പോൾ തന്നെ അതിനോടു വലിയ അഭിനിവേശം തോന്നിയതാണ്. സിനിമ പൂർത്തിയായപ്പോഴും ആ സംതൃപ്തിയുണ്ട്.

തന്റെ കാഴ്ചപ്പാടിലെ ന്യൂ ജനറേഷൻ സിനിമയെപ്പറ്റി പൃഥ്വിരാജ് പറയുന്നത്:

സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ നടന്റെയോ പേരുകൾക്കല്ല, സിനിമ എന്ത്, എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനാണു പ്രസക്തി. നമ്മുടെ പ്രേക്ഷകർ ആ രീതിയിലേക്കു മാറിയിരിക്കുന്നു. അതാണു ശരിക്കും സംഭവിച്ച ന്യൂ ജനറേഷൻ തരംഗം. സിനിമയുടെ എല്ലാ മേഖലകളിലും പുതിയ ആൾക്കാർ കടന്നു വരുന്നു. അവരുടെ പേരു നോക്കിയല്ല, സിനിമ നോക്കിയാണു പ്രേക്ഷകർ അംഗീകരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളുടെ കാലത്തു സിനിമ ഇറങ്ങും മുൻപു തന്നെ ട്രെയിലർ കണ്ടും മറ്റും അതുസംബന്ധിച്ച് ഒരു ധാരണ പരക്കുന്നുണ്ട്. സിനിമ നല്ലതാണെങ്കിലും മോശമാണെങ്കിലും റിലീസ് ആയി ആദ്യ ദിവസം കൊണ്ടു തന്നെ പ്രചരിക്കും. മുൻപൊക്കെ പാട്ട്, ഡാൻസ്, സ്റ്റണ്ട് എന്നിങ്ങനെയുള്ള ഘടകങ്ങളൊക്കെ ഒരു അവശ്യഘടകം പോലെ ഇടയ്ക്കിടെ കൂട്ടിച്ചേർത്തു ഡിസൈൻ ചെയ്താണു സിനിമകൾ രൂപപ്പെടുത്തിയിരുന്നത്. ഇപ്പോൾ ആ സമീപനം മാറി.

തിയറ്ററിൽ പോയി കാണാറില്ലെങ്കിലും വീട്ടിലെ ഹോം തിയറ്ററിൽ സമയം കിട്ടുമ്പോഴെല്ലാം സിനിമകൾ കാണാറുണ്ട്. മലയാളത്തിൽ പല സിനിമകളും ഇഷ്ടമാണ്. എന്നാലും എനിക്കു മിസ് ചെയ്തതായി തോന്നിയൊരു സിനിമ ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ ആണ്. ആ സിനിമ കാണാൻ വൈകിപ്പോയി.

രാജ്യാന്തര സിനിമയുടെ മികവുണ്ടതിന്. രാഷ്ട്രീയ സിനിമ എന്ന നിലയിൽ മാത്രം വിലയിരുത്തപ്പെടേണ്ടതല്ല അത്, അതിന്റെ സ്ക്രിപ്റ്റിങ്ങും പ്രധാന കഥാപാത്രങ്ങളുടെ രൂപീകണവുമെല്ലാം ഗംഭീരം. ചെറിയ റോളിലെങ്കിലും ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞില്ലല്ലോ എന്ന നിരാശ തോന്നി. സമീപകാലത്തു കണ്ടതിൽ ഹോളിവുഡ് സിനിമയായ ‘ദ് വോക്ക്’ ആണ് ഏറെ ഇഷ്ടപ്പെട്ടത്.