കണ്ടതൊന്നുമല്ല ലൂസിഫർ; പൃഥ്വി വെളിപ്പെടുത്തുന്നു

മലയാളിപ്രേക്ഷകർ ഇനി ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് പ്രോജക്ട് ആണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അനൗൺസ് ചെയ്തപ്പോൾ മുതൽ ആരാധകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു.

ചിത്രത്തെക്കുറിച്ച് വിവിധ ചർച്ചകളും വ്യത്യസ്തമായ വാർത്തകളും ഓൺലൈനിൽ വന്നിരുന്നു. മാത്രമല്ല സിനിമയുടെ ഫാൻമേഡ് പോസ്റ്ററുകളും തരംഗമായിരുന്നു. എന്നാൽ ഇതൊന്നുമല്ല യഥാർഥ ലൂസിഫർ എന്നു പൃഥ്വിരാജ് പറയുന്നു. സിനിമയെക്കുറിച്ച് തെറ്റായ ധാരണകൾ ആരാധകരുടെ ഇടയിൽ ഉണ്ടെന്നും ഈ സിനിമയുടെ പ്രാരംഭഘട്ടത്തിലാണ് ഞാനെന്നും പൃഥ്വി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം–

നമസ്കാരം, ഈ പോസ്റ്റ്, 'ലൂസിഫർ' എന്ന എന്റെ ആദ്യത്തെ സംവിധാന സംരംഭത്തെ കുറിച്ചാണ്. ആദ്യം തന്നെ ഒരായിരം നന്ദി! ഇതിനോടകം എനിക്ക് ലഭിച്ച സ്നേഹത്തിനും ഇങ്ങനെ ഒരു തീരുമാനത്തിന് നൽകിയ പ്രോത്സാഹനത്തിനും. നിങ്ങളുടെ ആവേശം തന്നെ ആണ് ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി!

എന്നാൽ... 'ലൂസിഫർ' എന്ന സിനിമയുടെ ഇന്നേ വരെ ഇറങ്ങിയ "ഫസ്റ്റ് ലുക്കുകളും", "ട്രെയിലറുകളും", "മോഷൻ പോസ്റ്ററുകളും" ഒന്നും തന്നെ ആ സിനിമയുടെ യഥാർത്ഥ കഥയെയോ കഥാപാത്രത്തെയോ ആസ്പദം ആക്കി ഉള്ളതല്ല. അവ എല്ലാം തികച്ചും അൺ ഒഫീഷ്യൽ ആയ ആരാധക സൃഷ്ടികളാണ്. നിരുത്സാഹപ്പെടുത്തുക അല്ല..അവയിൽ പലതും കലാബോധവും മൂല്യവും ഉള്ളവയാണ്..പക്ഷെ എന്റെ സിനിമയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല എന്ന് മാത്രം!

'ലൂസിഫർ' ന്റെ പ്രാരംഭഘട്ട ചർച്ചകളിൽ ആണ് നമ്മൾ ഇപ്പോൾ. ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. ലാലേട്ടൻ എന്ന സൂപ്പർ സ്റ്റാറും മഹാനടനും അരങ്ങു വാഴുന്ന ആ സിനിമയുടെ സാക്ഷാത്കാരത്തിലേക്കു എത്താൻ. ഈ യാത്രയിൽ എന്നോടൊപ്പം നിങ്ങളും ഉണ്ടാവും എന്ന പ്രതീക്ഷയിൽ, -പ്രിഥ്വി!