അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ പ്രിയദര്‍ശൻ

ജീവിതത്തിൽ സിനിമയ്ക്കൊപ്പം മറ്റൊരു ഇന്നിങ്സ് കൂടി തുടങ്ങുവാന്‍  തീരുമാനിച്ചിരിക്കുകയാണു സംവിധായകൻ പ്രിയദർശൻ. 34 വർഷം നീണ്ട സിനിമാ ജീവിതത്തിൽനിന്ന് ഇനി പുതിയൊരു കരിയറിലേക്കു മാറണമെന്നു പ്രിയദർശൻ ആഗ്രഹിക്കുന്നത് അച്ഛനു വേണ്ടിയാണ്. പ്രിയദർശനെ ഒരു അധ്യാപകനാക്കുവാനായിരുന്നു അച്ഛന്റെ ആഗ്രഹം. പക്ഷേ പ്രിയദർശൻ സംവിധായകനായി. പ്രേക്ഷകനൊപ്പം നടക്കുന്ന സംവിധായകനായി വിവിധ ഭാഷകളിലായി 91ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. വർഷങ്ങൾക്കിപ്പുറം അച്ഛന്റെ ആഗ്രഹത്തിനനുസരിച്ച് അധ്യാപകനാകാനുള്ള തയ്യാറെടുപ്പിലാണു പ്രിയദർശൻ. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയദർശന്റെ വെളിപ്പെടുത്തൽ. 

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലാസുകളെടുക്കാമെന്നാണു ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കുറേനാള്‍ കഴിയുമ്പോൾ പൂർണമായും അധ്യാപകനായേക്കാം– പ്രിയദർശൻ പറഞ്ഞു. ചെന്നൈയിലെ തെരുവോരങ്ങളിൽ അലഞ്ഞും പട്ടിണി കിടന്നുമാണു സിനിമ പഠിച്ചത്. ആ കഠിനമായ അനുഭവങ്ങളെ കുട്ടികളുമായി പങ്കുവയ്ക്കണമെന്നാണു ആഗ്രഹം. സിനിമയുമായി അഭിനിവേശമുള്ളവരെ വളർത്തിയെടുക്കുവാന്‍ തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്യണമെന്നാണു ചിന്തിക്കുന്നത്. ഇന്നു കാണുന്ന അവസ്ഥയിലേക്കെത്തുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ലൈബ്രറിയനായ പിതാവ് തന്നിൽ വായനാശീലം വളർത്തിയില്ലായിരുന്നുവെങ്കിൽ ഇന്നു കാണുന്ന രീതിയിലെത്താനാകുമായിരുന്നില്ല. സാങ്കേതികതയെ സ്വായത്തമാക്കിയതും മുന്നോട്ടു നീങ്ങുവാന്‍ സഹായിച്ചു. ബിരുദ പഠനം കഴിഞ്ഞപ്പോൾ എന്താണു ഭാവി പരിപാടിയെന്നു ചോദിച്ചപ്പോൾ, സിനിമാ സംവിധായകനായാൽ മതിയെന്നായിരുന്നു പ്രിയദർശന്റെ ഉത്തരം. അതൊക്കെ ഒരു തൊഴിലാണോ എന്നായിരുന്നു അച്ഛന്റെ മറുചോദ്യം– പ്രിയദര്‍ശൻ പറഞ്ഞു. 

വിവിധ ഭാഷകളിലായി ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത  സംവിധായകനാക്കി പ്രിയദർശനെ മാറ്റിയത് ഇൻസ്റ്റിറ്റ്യൂട്ടുകളല്ല. സ്വയം പഠനവും അനുഭവങ്ങളും വാർത്തെടുത്ത സംവിധായകന്റെ ക്ലാസുകൾ വിദ്യാർഥികൾക്കൊരു പുതിയ അനുഭവമായിരിക്കുമെന്നുറപ്പ്.