എസ്എഫ്ഐയുടെ അടിയും ജഗദീഷിന്റെ ഓട്ടവും

പ്രിയദർശൻ, ജഗദീഷ്

തിരഞ്ഞെടുപ്പിനെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതു കോളജ് യൂണിയൻ തിരഞ്ഞെടുപ്പാണ്. തിരുവനന്തപുരത്തു ഗവ. ആർട്‌സ് കോളജിൽ പഠിക്കുന്ന കാലം. എന്റെ അച്‌ഛൻ പൂജപ്പുര കെ.എസ്.നായർ അവിടത്തെ ലൈബ്രേറിയനായിരുന്നു. എന്റെ സീനിയറായിരുന്നു നടൻ ജഗദീഷ്.

അങ്ങനെയിരിക്കെ കോളജ് യൂണിയൻ തിരഞ്ഞെടുപ്പു വന്നു. കെഎസ്‌യു പാനലിൽ ആർട്‌സ് ക്ലബ് സെക്രട്ടറിയായി ജഗദീഷ് മത്സരിച്ചു. ഫലം വന്നപ്പോൾ ഒരു സീറ്റ് ഒഴികെ എല്ലാം എസ്‌എഫ്‌ഐ തൂത്തുവാരി. കെഎസ്‌യുവിൽനിന്നു ജയിച്ചതു ജഗദീഷ് മാത്രം.

ആർട്‌സ് കോളജിൽ അക്കാലത്ത് എസ്‌എഫ്‌ഐക്കു വലിയ ശക്‌തിയാണ്. കോളജിനു മുന്നിലുള്ള ഗ്രൗണ്ടിലെ മരത്തണലിൽ ഞങ്ങൾ നിൽക്കുമ്പോൾ ഇരുപതോളം കെഎസ്‌യുക്കാർ ചേർന്നു ജഗദീഷിനെ തോളിലേറ്റി കൊണ്ടുവരുന്നതു കണ്ടു.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ജഗദീഷ് അവരുടെ തോളിൽനിന്നു ചാടിയിറങ്ങി പിന്നിലേക്ക് ഒറ്റയോട്ടം. എതിരെ വന്ന എസ്‌എഫ്‌ഐ സംഘത്തെ കണ്ടാണു ജഗദീഷ് ചാടിയിറങ്ങിയത്. അപ്പോൾ പിന്നിൽ നിന്നിരുന്ന മറ്റൊരു സംഘം ജഗദീഷിനെ തോളിലെടുത്ത് ആരവത്തോടെ കോളജിനു പിന്നിലെ മൂത്രപ്പുരയ്‌ക്കു സമീപത്തേക്കു കൊണ്ടുപോയി. ആരവം കേട്ടപ്പോൾ അതും കെഎസ്‌യുക്കാരാണെന്നു ഞങ്ങൾ കരുതി. പിന്നീടാണ് അത് എസ്‌എഫ്‌ഐക്കാരായിരുന്നുവെന്നു മനസ്സിലായത്.

മൂത്രപ്പുരയ്‌ക്കുള്ളിൽനിന്ന് എന്തൊക്കെയോ ശബ്‌ദവും നിലവിളിയും കേട്ടു ഞങ്ങൾ ഓടിയെത്തുമ്പോഴേക്കും എസ്‌എഫ്‌ഐക്കാരെ വെട്ടിച്ചു ജഗദീഷ് പുറത്തു ചാടിക്കഴിഞ്ഞിരുന്നു. തുടർന്നു കോളജിന്റെ മൂന്നാം നിലയിലേക്ക് ഓടിക്കയറിയ ജഗദീഷ് അവിടെയുള്ള ലൈബ്രറിക്കുള്ളിൽ അഭയം തേടി. പിന്നാലെ എസ്‌എഫ്‌ഐക്കാർ എത്തിയപ്പോഴേക്കും എന്റെ അച്‌ഛൻ ലൈബ്രറിയുടെ വാതിൽ അകത്തുനിന്നു പൂട്ടി. എസ്‌എഫ്‌ഐക്കാർ പിരിഞ്ഞുപോയെങ്കിലും വൈകുന്നേരം മൂന്നരവരെ ജഗദീഷ് അവിടെത്തന്നെ ഇരുന്നു. പിന്നീട് അച്‌ഛനും പ്രിൻസിപ്പലുമൊക്കെ പുറത്തിറങ്ങിയപ്പോഴാണ് അവർക്കൊപ്പം ജഗദീഷും പുറത്തേക്കു പോയത്.

എങ്ങനെയെങ്കിലും ജഗദീഷിനെ തല്ലാനായി തക്കംപാർത്തു നടക്കുകയായിരുന്നു എസ്‌എഫ്‌ഐക്കാർ. അതിൽനിന്നു രക്ഷപ്പെടാൻ ജഗദീഷും ബുദ്ധിപൂർവം നീങ്ങി. കോളജിലെത്തിയാൽ ഉടൻ ജഗദീഷ് ക്ലാസിൽ കയറും. ഇടവേളകളിൽ നേരെ ലൈബ്രറിയിലേക്കു പോകും. എസ്‌എഫ്‌ഐക്കാരുടെ ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പുള്ള രണ്ടു സ്‌ഥലങ്ങൾ ക്ലാസും ലൈബ്രറിയും മാത്രമാണ്. മൂന്നരയ്‌ക്കു ക്ലാസ് വിട്ടാലും ജഗദീഷ് പുറത്തു പോകുന്നതു പ്രിൻസിപ്പലിനും ലൈബ്രേറിയനുമൊപ്പം അഞ്ചരയ്‌ക്കായിരിക്കും. എന്തായാലും, ക്ലാസിലും ലൈബ്രറിയിലും കൃത്യമായി കയറിയതുകൊണ്ടു ഗുണമുണ്ടായി. പഠിക്കാൻ മിടുക്കനായ ജഗദീഷ് നല്ല മാർക്കോടെ പാസായി.

പിൽക്കാലത്ത് എന്റെ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്തു നടക്കുകയാണ്. ഒരു ദിവസം ഉച്ചയ്‌ക്ക് ഊണുകഴിക്കാനായി എനിക്കൊപ്പം മുകേഷ്, ജഗദീഷ്, ശ്രീനിവാസൻ എന്നിവർ വീട്ടിൽ വന്നു. അപ്പോഴേക്കും അച്‌ഛൻ റിട്ടയർ ചെയ്‌തു വീട്ടിൽ വിശ്രമത്തിലാണ്. മുകേഷിനെയും ശ്രീനിവാസനെയുമെല്ലാം ഞാൻ അച്‌ഛനു പരിചയപ്പെടുത്തിക്കൊടുത്തു. ജഗദീഷിനെ പരിചയപ്പെടുത്തിയപ്പോൾ അച്‌ഛൻ ആ മുഖത്തേക്കു സൂക്ഷിച്ചൊന്നു നോക്കി.

‘‘എനിക്ക് ഇയാളെ കണ്ടു നല്ല പരിചയമുണ്ടല്ലോ. പക്ഷേ, എവിടെയെന്ന് ഓർക്കുന്നില്ല.’’ – അച്‌ഛൻ പറഞ്ഞു.

‘പണ്ട് ആർട്‌സ് കോളജിൽവച്ചു സാറാണ് എന്നെ അടി കൊള്ളാതെ രക്ഷിച്ചത്’ എന്നു ജഗദീഷ് വെളിപ്പെടുത്തിയപ്പോൾ, ‘അതു താനായിരുന്നോ’ എന്നു ചോദിച്ച് അച്ഛൻ പൊട്ടിച്ചിരിച്ചു.

എന്റെ ജീവിതത്തിൽ ഇന്നുവരെ പൊതുതിരഞ്ഞെടുപ്പുകളിൽ എനിക്ക് ഇഷ്‌ടപ്പെട്ട സ്‌ഥാനാർഥിക്കു വോട്ടുചെയ്യാൻ സാധിച്ചിട്ടില്ല.

എന്റെ അച്‌ഛനും കുടുംബക്കാരും അടിയുറച്ച കമ്യൂണിസ്‌റ്റുകാരായിരുന്നു. അതിനാൽ ഏതു തിരഞ്ഞെടുപ്പു വന്നാലും എന്നെക്കൊണ്ട് അച്‌ഛൻ നിർബന്ധിച്ചു വോട്ടുചെയ്യിക്കും. അങ്ങനെ ഏതു തിരഞ്ഞെടുപ്പു വന്നാലും സ്‌ഥാനാർഥിയുടെ ഗുണഗണങ്ങൾ നോക്കാതെ അച്‌ഛൻ പറയുന്ന ആളിനു വോട്ടുചെയ്യുകയായിരുന്നു ഇതുവരെയുള്ള പതിവ്.

ചെന്നൈയിലേക്കു താമസം മാറ്റിയെങ്കിലും ഇപ്പോഴും എനിക്കു തിരുവനന്തപുരത്തു വട്ടിയൂർക്കാവ് മണ്ഡലത്തിലാണു വോട്ട്. ഇന്നിപ്പോൾ എന്നെ വിരട്ടാനോ ബലമായി വോട്ടുചെയ്യിക്കാനോ അച്‌ഛൻ ജീവിച്ചിരിപ്പില്ല. ഒരുപക്ഷേ, എനിക്ക് ഇഷ്‌ടമുള്ള ആളിനു വോട്ടുചെയ്യാൻ ലഭിക്കുന്ന ആദ്യ അവസരമായിരിക്കും ഈ തിരഞ്ഞെടുപ്പ്. വോട്ടു പാഴാക്കരുതെന്നു നിർബന്ധമുള്ള എനിക്ക് ഇത്തവണ വോട്ടുചെയ്യാനാവില്ല എന്ന ദുഃഖമാണുള്ളത്.

‘ഒപ്പം’ എന്ന എന്റെ പുതിയ സിനിമയുടെ രണ്ടാംഘട്ട ചിത്രീകരണം വോട്ടെടുപ്പുദിവസം കൊച്ചിയിലും വാഗമണ്ണിലുമായി നടക്കുകയായിരിക്കും. മോഹൻലാലാണു നായകൻ. ലാലിനും തിരുവനന്തപുരത്താണു വോട്ട്. അദ്ദേഹം വോട്ടുചെയ്യാൻ തിരുവനന്തപുരത്ത് എത്തുമോയെന്ന് അറിയില്ല. പക്ഷേ, സംവിധായകനായ എനിക്കു സെറ്റ് വിട്ടു പോകാനാവില്ലല്ലോ.

അങ്ങനെ, തോന്നിയപോലെ വോട്ടുചെയ്യാൻ ജീവിതത്തിൽ ആദ്യമായി ലഭിച്ച അവസരം പാഴാകുമെന്ന വിഷമത്തിലാണു ഞാൻ.