മകൻ പ്രിയനോടു ചോദിച്ചു; അച്ഛാ, വാട്ട്സ് യുവർ ആക്ച്വൽ പ്രോബ്ളം ?

ലിസിയുമായുള്ള പ്രശ്നങ്ങൾ കാരണം ജോലിയിൽ ശ്രദ്ധിക്കാൻ പോലും കഴിഞ്ഞിരുന്നില്ലെന്ന് പ്രിയദർശൻ. ‘വനിത’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയൻ കുടുംബ പ്രശ്നങ്ങളെ തുടർന്ന് നേരിട്ട സംഘർഷങ്ങൾ തുറന്നു പറഞ്ഞത്. വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കെതിരേ നൽകിയ കേസുമായി ബന്ധപ്പെട്ട് വിചാരണ നടക്കുമ്പോൾ ലിസി ഉന്നയിച്ച ആരോപണം കേട്ട് കോടതി മുറിയിൽ പൊട്ടിക്കരഞ്ഞതായും പ്രിയൻ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ഇതടക്കം തനിക്കെതിരേ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതിയും ‘വനിത’യുടെ അഭിമുഖത്തിൽ പ്രിയൻ പറയുന്നു

വിഷമഘട്ടങ്ങളിൽ ആരും ഒപ്പമുണ്ടായിരുന്നില്ല എന്നു തോന്നിയോ?

ഒരിക്കലുമില്ല. എനിക്കൊപ്പം എന്റെ മക്കളുണ്ടായിരുന്നു. രണ്ടു പേരും അമേരിക്കയിൽ വിദ്യാർഥികളാണ്. അവർ മുതിർന്ന കുട്ടികളാണ്. കാര്യങ്ങൾ മനസിലാക്കാൻ പ്രാപ്തിയുള്ളവർ. പിന്നെ, എന്റെ ചേച്ചി. ഇവരാണ് എന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. അച്ഛനും അമ്മയും മരിച്ച എനിക്ക് ഇപ്പോൾ ഇവർ മാത്രമല്ലേ സ്വന്തമായുള്ളൂ. സുഹൃത്തുക്കൾക്ക് കുടുംബ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ പരിധിയുണ്ട്. ലാൽ ഒരിക്കൽ പറഞ്ഞു. ‘ രണ്ടുപേർ ഒത്തുചേരാൻ തീരുമാനിക്കുമ്പോൾ എതിർക്കുന്നവൻ ശത്രുവാകും. രണ്ടുപേർ പിരിയാൻ തീരുമാനിക്കുമ്പോഴും എതിർക്കുന്നവൻ ശത്രുവാകും.’

ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയില്ല. മക്കൾ പോലും ഇതിൽ വലിയ ഇടപെടൽ നടത്തിയിട്ടില്ല. ഒരു വീട്ടിൽ രണ്ടു മനസുമായി അച്ഛനും അമ്മയും കഴിയുന്നതിനേക്കാൾ നല്ലത്, രണ്ട് വീടുകളിൽ രണ്ടു മനസായി കഴിയട്ടെ എന്ന് അവർ കരുതിക്കാണും.
ഒരിക്കൽ മോൻ എന്നോടു ചോദിച്ചു. അച്ഛാ, വാട്ട് ഈസ് യുവർ ആക്ച്വൽ പ്ലോബ്ലം? ഞാൻ തിരിച്ചു ചോദിച്ചു നിനക്ക് എന്താണ് മനസിലായത്? അറിയില്ല എന്നായിരുന്നു മറുപടി. ഞാനും അതു തന്നെ പറയും. അതാണ് സത്യം.

മകളും ഇക്കാര്യത്തിൽ ഞങ്ങൾ തീരുമാനമെടുക്കട്ടെ എന്ന നയമാണ് സ്വീകരിച്ചതെന്നു തോന്നുന്നു. ലോകം കണ്ടു വളർന്നവരാണ് അവർ. ഞങ്ങളുടെ രണ്ടു പേരുടെയും കുറ്റം കണ്ടുപിടിക്കാൻ ഒരിക്കലുമവർ ശ്രമിച്ചിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ച് മോശമായി ലിസിയോടും പറഞ്ഞിരിക്കില്ല.

എത്രമാത്രം ബുദ്ധിമുട്ടായിരുന്നു വിവാഹജീവിതം എന്ന് എല്ലാവർക്കും മനസിലായല്ലോ എന്നു വിവാഹമോചനം നേടിയശേഷം ലിസി പ്രസ്താവനയിൽ പറഞ്ഞിരുന്നു?

അവർ എന്താണ് അങ്ങനെ പറഞ്ഞത് എന്ന് അറിയില്ല. സിസിഎല്ലുമായി ബന്ധപ്പെട്ടുണ്ടായ ചില തർക്കങ്ങൾ ഒഴിച്ചാൽ ഒരു മൊട്ടുസൂചിയുടെ പേരിൽ പോലും സൗന്ദര്യപ്പിണക്കം ഞങ്ങളുടെ വീട്ടിൽ ഉണ്ടായിട്ടില്ല. നിസാരമായ ഈഗോ ആകാം ചിലപ്പോൾ ഇതിലേക്ക് എത്തിച്ചത്. എട്ടുവർഷം പരസ്പരം മനസിലാക്കിയതിനുശേഷമാണ് ഞങ്ങൾ വിവാഹിതരായത്. ഇത്രയും കാലം ഒപ്പമുണ്ടായിരുന്ന ഒരാൾ വിട്ടുപോകുമെന്ന് ‌കരുതുമോ? വീട്ടിൽ നിന്നു പോകും വരെ എന്നും ഉച്ചയ്ക്ക് എനിക്ക് ലിസിയാണ് ചോറു വിളമ്പിതന്നിരുന്നത്. എന്റെ എല്ലാ കാര്യങ്ങളും കൃത്യമായി നോക്കിയിരുന്നു.

പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിരുന്നു. ലിസിയാണ് ജീവിതത്തിലെ വിജയങ്ങൾക്കു കാരണം എന്ന്. മക്കളെ അവർ ഏറ്റവും നന്നായി നോക്കി. ബിസിനസുകൾ നന്നായി സൂപ്പർവൈസ് ചെയ്തു. പിന്നെ, അവരുടെ മനസിൽ എന്താണെന്ന് നമുക്ക് കയറി ചിന്തിക്കാൻ കഴിയില്ലല്ലോ. പുരുഷന്മാർ കായികമായി കരുത്തരാണ്. പക്ഷേ സ്ത്രീകൾ മാനസികമായി പുരുഷന്മാരേക്കാൾ പതിന്മടങ്ങ് കരുത്തുള്ളവരാണ് എന്ന് അനുഭവം പഠിപ്പിച്ചു. സ്ത്രീകൾ ഭയങ്കര ഫോക്കസ്ഡാണ്. ബിസിനസിൽ സ്ത്രീകളുടെ വിജയത്തിന് കാരണം അതാണ്.

ഞാൻ സൈക്കോളജി പഠിച്ചിട്ടുണ്ട്. ‘ബ്ലിങ്കേഴ്സ് മെന്റാലിറ്റി ’ എന്നാണ് ഇതിന് സൈക്കോളജിയിൽ പറയുന്നത്. അതായത് കുതിരയുടെ കണ്ണിന്റെ ഇരുവശവും കെട്ടി അതിനെ ഓടിക്കുന്നതുപോലെയാണിത്. മുന്നോട്ടുള്ള കാഴ്ച മാത്രമാണുള്ളത്. ലക്ഷ്യത്തിലേക്കുള്ള ഓട്ടത്തിലാണ് അവർ . അതിനിടെ മറ്റൊന്നും കാണില്ല. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും ഒന്നും അവർക്ക് പ്രശ്നമല്ല. ലിസി എപ്പോഴും പറയുമായിരുന്നു. ചേട്ടൻ നെഗറ്റീവായി ചിന്തിക്കരുതെന്ന് അങ്ങനെ ഒരാൾക്ക് എങ്ങനെ ഇങ്ങനെ പറയാനും ചിന്തിക്കാനും കഴിയുന്നു?

പറയുമ്പോൾ പ്രിയന്റെ കണ്ണുകൾ നിറയുന്നു. ആലോചനകളിൽ നിശബ്ദനാകുന്നു.

∙ ലിസി ഒപ്പമുണ്ടാകില്ല എന്ന് തിരിച്ചറിഞ്ഞത് എപ്പോഴാണ്?

വിവാഹമോചനക്കേസിനിടെ ഒരു ദിവസം കോടതിയിൽ ലിസി പറഞ്ഞു. സംവിധായകൻ പ്രിയദർശന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു. അത്രയും നേരം പിടിച്ചു നിന്ന ഞാൻ പൊട്ടിക്കരഞ്ഞുപോയി. കാലം കഴിഞ്ഞു എന്നു പറഞ്ഞാൽ ജഡം ആയെന്നാണ്. ജീവനേക്കാൾ സ്നേഹിച്ച ആളാണ് പറയുന്നത്.‌. എനിക്ക് വലിയ ആഘാതമായി. പിന്നെ എന്റെ നാക്കു പൊങ്ങിയില്ല. വലിയ ഡിപ്രഷനിലായി ഞാൻ. നാലു മാസത്തോളം ഡിപ്രഷനുള്ള ചികിത്സ തേടി. മരുന്നുകൾ കഴിച്ചു. മുറിയടച്ചിരുന്നു. അലറിക്കരഞ്ഞു. ഒടുവിൽ ഇതിൽ നിന്നു മോചനം വേണമെന്ന് സ്വയം തീരുമാനമെടുത്തു. തുടർച്ചയായി സിനിമകൾ കണ്ടു. പുസ്തകങ്ങൾ വായിച്ചു സാവധാനം സാധാരണ നിലയിലേക്ക് മടങ്ങി വന്നു. സിനിമയാണ് എന്നെ രക്ഷിച്ചത്. അതുകാണുമ്പോൾ മറ്റൊന്നും നമ്മളെ അലട്ടില്ല.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം