പ്രിയമാനസം ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രം

ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ വിനോദ് മങ്കര സംവിധാനം ചെയ്ത പ്രിയമാനസം പ്രദർശിപ്പിക്കും. നവംബര്‍ 20 ന് ആരംഭിക്കുന്ന ഗോവാ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് നാല് ചിത്രങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്‍. ഇന്ത്യന്‍ പനോരമാ വിഭാഗത്തില്‍ ഡോ.ബിജു സംവിധാനം ചെയ്ത വലിയ ചിറകുള്ള പക്ഷികള്‍, ജയരാജിന്റെ ഒറ്റാല്‍,സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍,ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളാണ് സ്‌ക്രീനിലെത്തുക. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഒരേ ഉടല്‍ എന്ന ചിത്രവും സ്‌ക്രീനിലെത്തും

സംസ്‌കൃത ഭാഷയിലൊരുക്കിയ ചിത്രമാണ് പ്രിയമാനസം. കേരളാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഈ ചിത്രം തഴഞ്ഞതിനെ തുടർന്ന് കടുത്ത എതിർപ്പുമായി വിനോദ് മങ്കര രംഗത്തെത്തിയിരുന്നു.

ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന സംസ്കൃത ചിത്രത്തിന് ലഭിക്കുന്ന ഉചിതമായ ആദ്യ സമ്മാനമാണിതെന്ന് വിനോദ് മങ്കര പറയുന്നു. .വിവിധ ഇന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ നിന്ന് ഇരുപത്തിയാറു ഫീച്ചര്‍ ചലച്ചിത്രങ്ങളാണ് പനോരമയിലേക്ക് തെരഞ്ഞെടുത്തത്. ചെയര്‍മാന്‍ അടക്കം പതിമൂന്നു ജൂറി അംഗങ്ങള്‍ ചേര്‍ന്നാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.ചിത്രത്തിന്റെ മികവും ചരിത്രപരമായ ദൌത്യവും കണക്കിലെടുത്താണ് ‘പ്രിയമാനസം’ തെരഞ്ഞെടുക്കപ്പെട്ടത്. സംസ്കൃതത്തിന്റെ ഭംഗി തിരിച്ചറിഞ്ഞ് അത് പ്രചരിപ്പിക്കുക എന്നതോടൊപ്പം ഉണ്ണായിവാര്യര്‍ എന്ന മഹാകവിക്ക്‌ ഒരു ചലച്ചിത്ര സ്മാരകമെങ്കിലും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചിത്രം നിർമിച്ചത്. നവംബര്‍ ഇരുപത്തിയൊന്നിനു രാവിലെ പതിനൊന്നു മണിക്ക് പനോരമയുടെ ഉദ്ഘാടന ചിത്രമായി ‘പ്രിയമാനസ’ത്തിന്റെ ആദ്യ പ്രദര്‍ശനം ഗോവയില്‍ നടക്കും. വിനോദ് പറഞ്ഞു.