സിനിമാനിർമാതാവാക്കാമെന്ന് പറഞ്ഞ് 12 ലക്ഷം തട്ടി; പ്രതിക്ക് സിനിമാബന്ധവും

സഞ്ജീവ്

കോടികളുടെ തട്ടിപ്പു കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി അടൂരിൽ വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായി. രാഷ്ട്രീയ കക്ഷികളിൽപ്പെട്ട ഉന്നതരുമായി ബന്ധമുണ്ടെന്നും സിനിമാ നിർമാതാവാണെന്നും അവകാശപ്പെട്ട് സിനിമയിൽ സഹ നിർമാതാവാക്കാമെന്നു വാഗ്ദാനം നൽകി യുവാവിൽ നിന്നു 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കണ്ണൂർ ചിറയ്ക്കൽ പള്ളിക്കുളം ജിബിഎസ് കോളജിനു സമീപം പാർവതീ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കോഴിക്കോട് കൊടുവള്ളി പറയൻചേരി പള്ളിമലകുന്ന് കാര്യത്ത് പനക്കട വീട്ടിൽ സഞ്ജീവ് (43) വീണ്ടും അറസ്റ്റിലായത്.

അമ്മകണ്ടകര ബഥേൽ കോട്ടേജിൽ അലക്സിനെ സിനിമയിൽ സഹനിർമാതാവാക്കാമെന്നു പറഞ്ഞ് പല തവണകളായി 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഒരു സിനിമാ സംവിധായകൻ വഴിയാണ് സിനിമാ മേഖലയുമായി ബന്ധമുള്ള അലക്സ് പിടിയിലായ സഞ്ജീവിനെ പരിചയപ്പെടുന്നത്.

ഇതിനു ശേഷം പ്രമുഖ സിനിമാ സംവിധായകന്റെ സിനിമയിൽ 20% ഓഹരിയോടു കൂടി സഹനിർമാതാവാക്കാമെന്നായിരുന്നു അലക്സിനു നൽകിയിരുന്ന വാഗ്ദാനം. ഇക്കാര്യം പറഞ്ഞ് പല തവണകളായിട്ടാണ് 12 ലക്ഷം രൂപ തട്ടിയെടുത്തത്. എന്നാൽ, കാര്യം നടക്കാതെ വന്നതോടെ അലക്സ് സഞ്ജീവിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് എല്ലാം തട്ടിപ്പാണെന്നു മനസ്സിലായതും അടൂർ പൊലീസിൽ പരാതി നൽകിയതും. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതിനു ശേഷം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം പേരൂർക്കടയിൽ നിന്നു തിങ്കളാഴ്ച രാത്രിയിൽ അടൂർ എസ്ഐ കെ.എസ്. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്തപ്പോൾ ഇയാൾ കൂടുതൽ തട്ടിപ്പു കേസുകളിലെ പ്രതിയാണെന്നു പൊലീസിനു ബോധ്യപ്പെട്ടു. ഇല്ലാത്ത വസ്തുവിന്റെ പേരിൽ വ്യാജ പ്രമാണം ഉണ്ടാക്കിയും സിനിമയിൽ പങ്കാളിയാക്കാമെന്നു പറഞ്ഞും പണം തട്ടിയതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ മൂന്നു കേസുകളും കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ രണ്ടു കേസുകളുമുണ്ട്. ഇതു കുടാതെ രണ്ടര കോടി തട്ടിയെടുത്ത കേസിൽ കണ്ണൂർ ക്രൈംബ്രാഞ്ച് എടുത്ത കേസിലും പ്രതിയാണ്.

തട്ടിപ്പിന് കേസെടുത്തതിന്റെ പേരിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും കോഴിക്കോട് മെഡിക്കൽ പൊലീസ് സ്റ്റേഷൻ സിഐക്കുമെതിരെ തന്നെ കള്ളക്കേസിൽ കുടുക്കുന്നതായി കാണിച്ച് ഇയാൾ പരാതി നൽകിയിട്ടുണ്ടെന്നും അടൂർ പൊലീസ് പറഞ്ഞു. മന്ത്രിമാരും ഭരണ–പ്രതിപക്ഷ കക്ഷികളിൽപ്പെട്ട ഉന്നതരുമായും പ്രമുഖ സിനിമാ സംവിധായകരുമായും ബന്ധമുണ്ടെന്ന് ആളുകളെ ബോധ്യപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പു തുടരുന്നതെന്ന് പറയുന്നു.