ഫെയ്സ്ബുക്കിലും പുലിമുരുകൻ തരംഗം; ട്രെൻഡിങിൽ ഒന്നാമത്

ഫെയ്സ്ബുക്കിനെയും പുലി പിടിച്ചു. ഫെയ്സ്ബുക്ക് ഇന്ത്യയുടെ ടോപ്പ് ട്രെൻഡിങ് പട്ടികയിൽ രണ്ടാം ദിവസവും പുലിമുരുകൻ തന്നെ ഒന്നാമത്. റിലീസ് ചെയ്ത ദിനം മുതൽ പുലിമുരുകൻ തരംഗത്തിലായിരുന്നു യൂട്യൂബും ഫെയ്സ്ബുക്കും.

പാലഭിഷേകവും ഫ്ലക്സ്ബോർഡുകളുമായി തിയറ്ററുകളിൽ ആരാധകർ നിറഞ്ഞാടിയപ്പോൾ സോഷ്യൽമീഡിയയിലും പുലിമുരുകൻ ഇഷ്ടതാരമായി മാറി. എവിടെ തിരിഞ്ഞാലും മുരുകൻ മാത്രം. ചിത്രത്തെ പ്രശംസിച്ചുള്ള ട്രോളുകളും മോഹൻലാലിന്റെ അഭിനയത്തെക്കുറിച്ചുള്ള കുറിപ്പുകളുമായിരുന്നു ഫെയ്സ്ബുക്കിൽ നിറയെ.

ഇന്ത്യയൊട്ടാകെ 325 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിന് എത്തിയത്. കേരളത്തിൽ ഇരുന്നൂറോളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്തു. തിയറ്ററുകളിലെല്ലാം ചിത്രം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവിലെ ചിത്രങ്ങളുടെ ബോക്സ്ഓഫീസ് റെക്കോർഡുകൾ എല്ലാം പുലിമുരുകൻ പിഴുതെറിയുമെന്നാണ് റിപ്പോർട്ട്.