ലൈസൻസ് ലഭിച്ചില്ല; പുലിയുടെ പ്രദര്‍ശനം നീട്ടി

വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ പുലിയുടെ റിലീസ് വൈകുന്നു. കേരളത്തിലും തമിഴ്നാട്ടിലുമടക്കമുള്ള തിയറ്ററുകളിൽ ഇതുവരെയും റിലീസ് നടന്നിട്ടില്ല. ചിത്രത്തിന്റെ നടനും സംവിധായകനും നിർമാതാക്കൾ അടക്കമുള്ളവരുടെ വീടുകളിൽ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് റിലീസ് നീണ്ടുപോകുന്നത്. നികുതിപ്പണം ഇന്നലെ രാത്രി തന്നെ അടച്ചിരുന്നുവെങ്കിലും പ്രദർശനത്തിനുള്ള ലൈസൻസ് ലഭിക്കാത്തതാണ് റിലീസ് വൈകുന്നതിനുള്ള കാരണം.

12 മണി മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് തിയറ്റര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ റിലീസ് വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്തെ തിയറ്ററുകൾക്കു നേരെ ആരാധകർ കല്ലെറിഞ്ഞു. തമിഴ്നാട്ടിൽ ഇതുവരെ പ്രശ്നങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

വിജയ് നായകനായ ‘പുലി’ സിനിമയുടെ നിർമാണത്തിനു കണക്കിൽപ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണു വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തിയത്. 118 കോടി രൂപ ചെലവിലാണു സിനിമ നിർമിച്ചതെന്നു നിർമാതാക്കൾ അവകാശപ്പെട്ടിരുന്നു. സിനിമാ നിർമാണങ്ങൾക്കു പണം നൽകുന്ന മധുര അൻപു, രമേഷ് എന്നിവരുടെ ഓഫിസുകളും പരിശോധിച്ചു.