പുലി വരുന്നേ പുലി വരുന്നേ...

ഇളദളപതി വിജയിയുടെ ബിഗ് ബജറ്റ് ചിത്രം പുലി തിയറ്ററുകളിലെത്തിയാല്‍ എലിയുടെ അവസ്ഥയാകും മലയാള സിനിമയ്ക്ക്. കാരണം 200-ലധികം തീയറ്ററുകളിലെത്തുന്ന‌ ചിത്രം നിറഞ്ഞോടുന്ന മലയാള സിനിമകളെ നിലംപരിശാക്കും. എന്നു നിന്റെ മൊയ്തീൻ, ഉറുമ്പുകൾ ഉറങ്ങാറില്ല, ലൈഫ് ഒാഫ് ജോസൂട്ടി, കോഹിനൂർ തുടങ്ങിയ മികച്ച ചിത്രങ്ങൾ തീയറ്ററുകളിൽ നിന്ന് ഒരാഴ്ച പോലും തികയും മുമ്പെ പുറന്തള്ളപ്പെടും.

മള്‍ട്ടിപ്ലക്സ് ഉള്‍പ്പടെ ചെറിയ തിയറ്ററുകള്‍ പോലും പുലിയ്ക്കായി തീറെഴുതി കഴിഞ്ഞു. ഓണചിത്രങ്ങൾ നൽകിയ തളര്‍ച്ചയില്‍ നിന്നും മലയാളസിനിമ ഒന്നു കരകയറി വരുന്നതിനിടെയാണ് എല്ലാത്തിനെയും കടിച്ചെറിഞ്ഞ് പുലി എത്തുന്നത്. വലിയ പെരുന്നാളിന് പ്രദര്‍ശനത്തിനെത്തിയ എന്ന് നിന്‍റെ മൊയ്തീന്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല,ലൈഫ് ഓഫ് ജോസുട്ടി, കോഹിനൂര്‍ എന്നീ ചിത്രങ്ങള്‍ മികച്ച അഭിപ്രായം നേടിയെങ്കിലും അന്യഭാഷാ ചിത്രമായ പുലി ഇതിനൊക്കെ ഭീഷണിയാകുന്നു.

ലൈഫ് ഓഫ് ജോസൂട്ടി, കോഹിനൂര്‍, എന്നു നിന്‍റെ മൊയ്തീന്‍ റിവ്യു വായിക്കാം

ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ഇറങ്ങിയപ്പോഴും ഇതേ അവസ്ഥ ചില മലയാളചിത്രങ്ങള്‍ക്ക് നേരിട്ടിരുന്നു. മുതല്‍മുടക്കിലും മറ്റു സാങ്കേതികതികവിലും അന്യഭാഷ ചിത്രങ്ങളോട് കിടപിടിക്കാനാകില്ലെങ്കിലും മലയാള സിനിമയ്ക്ക് സ്വന്തം നാട്ടിലെ തിയറ്ററുകള്‍ കിട്ടാനില്ലാത്ത പരിതാപകരമാണ്.

മോശം സിനിമകളും ആളുകയറാത്ത ചിത്രങ്ങളും മാറ്റി അന്യഭാഷ ചിത്രങ്ങള്‍ തിയറ്റുകള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ല എന്നാല്‍ മികച്ച പ്രേക്ഷകപ്രതികരണം ലഭിക്കുന്ന ചെറിയ ചിത്രങ്ങൾക്ക് തീയറ്ററുകൾ ലഭിക്കാതെ വരുന്നത് പരിതാപകരം തന്നെ.