ഒപ്പം 45 കോടി, പുലിമുരുകൻ 20 കോടി; ബോക്സ്ഓഫീസിൽ പുലിക്കുട്ടിയായി മോഹൻലാൽ

ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പുലിമുരുകൻ. ഇതുവരെയുള്ള മലയാളചിത്രങ്ങളുടെ കലക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞാണ് പുലിമുരുകന്റെ കുതിപ്പ്. ആദ്യ അഞ്ചു ദിവസം കൊണ്ട് പുലിമുരുകന്‍ നേടിയത് 20 കോടി. മലയാളത്തിൽ ഏറ്റവും വേഗത്തിൽ ഇരുപത് കോടി നേടുന്ന ആദ്യ ചിത്രമാണ് പുലിമുരുകൻ. ട്രെയ്ഡ് അനലിസ്റ്റ് രമേശ് ബാലയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.

ആദ്യ ദിവസത്തെ കളക്ഷന്‍ Rs.4,05,87,933 രൂപ. ഇതോടെ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യലും ഏറ്റവും വേഗത്തില്‍ 10 കോടി പിന്നിട്ട ചിത്രവും പുലിമുരുകനായി. ആദ്യ ദിനം Rs.4,05,87,933, രണ്ടാം ദിനം- Rs.4,02,80,666/, മൂന്നാം ദിനം Rs.4,83,03,147/- എന്നിങ്ങനെയാണ് കണക്ക്. കബാലിയാണ് കേരളത്തിൽ ആദ്യ ദിനം ഏറ്റവും കൂടുതൽ പണം വാരിയ ഏക ചിത്രം.

പുലിമുരുകൻ റിലീസ് ദിവസം 858 ഷോ ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. മലയാളസിനിമയിൽ ഇതും റെക്കോർഡ് ആണ്. കേരളത്തിൽ കബാലി റിലീസ് ചെയ്തത് മൂന്നുറ് തിയറ്ററുകളിലായി ആയിരം ഷോയിലാണ്. നിലവില്‍ ഏറ്റവും വേഗത്തില്‍ 30 കോടി പിന്നിട്ട ചിത്രം മോഹന്‍ലാലിന്റെ ഒപ്പം ആണ്. 31 ദിവസങ്ങൾക്കുള്ളിൽ 45 കോടിയാണ് ഒപ്പം സിനിമയുടെ ആഗോള തിയറ്റർ കലക്ഷൻ.

ചെന്നൈയിലും പുലിമുരുകൻ തരംഗമായി കഴിഞ്ഞു. അവിടെ ഇറങ്ങിയ ചിത്രങ്ങളിൽ ബോക്സ്ഓഫീസിൽ അഞ്ചാം സ്ഥാനത്ത് പുലിമുരുകനുണ്ട്.

നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി പുലിമുരുകന്‍ മാറുമെന്നും റിപ്പോർട്ട് ഉണ്ട്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം വിദേശത്ത് റിലീസ് ചെയ്തിട്ടില്ല.