പുലിമുരുകൻ ബോക്സ്ഓഫീസ് കലക്ഷൻ; മൂന്നുദിവസം കൊണ്ട് 12 കോടി

ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് പുലിമുരുകൻ. ഇതുവരെയുള്ള മലയാളചിത്രങ്ങളുടെ കലക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞാണ് പുലിമുരുകന്റെ കുതിപ്പ്. മൂന്ന് ദിവസം കൊണ്ട് പുലിമുരുകന്‍ നേടിയത് 12 കോടി. മുളകുപ്പാടം ഫിലിംസ് ആണ് ഔദ്യോഗികമായി കലക്ഷൻ പുറത്തുവിട്ടത്.

ആദ്യ ദിവസത്തെ കളക്ഷന്‍ Rs.4,05,87,933 രൂപ. ഇതോടെ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യലും ഏറ്റവും വേഗത്തില്‍ 10 കോടി പിന്നിട്ട ചിത്രവും പുലിമുരുകനായി. ആദ്യ ദിനം Rs.4,05,87,933, രണ്ടാം ദിനം- Rs.4,02,80,666/, മൂന്നാം ദിനം Rs.4,83,03,147/- എന്നിങ്ങനെയാണ് കണക്ക്. നിലവില്‍ ഏറ്റവും വേഗത്തില്‍ 30 കോടി പിന്നിട്ട ചിത്രം മോഹന്‍ലാലിന്റെ ഒപ്പം ആണ്. ഈ റെക്കോർഡും മോഹൻലാൽ തക‍ർത്തേക്കും.

നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി പുലിമുരുകന്‍ മാറുമെന്നും റിപ്പോർട്ട് ഉണ്ട്‍. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം വിദേശത്ത് റിലീസ് ചെയ്തിട്ടില്ല.

ചൂടപ്പം പോലെയാണ് ഒാൺലൈനിലും തീയറ്ററിലും സിനിമയുടെ ടിക്കറ്റ് വിറ്റു പോകുന്നത്. പല തീയറ്ററുകളും അതിരാവിലെയും പാതിരാത്രിയിലുമൊക്കെ സ്പെഷൽ ഷോകൾ വച്ചിട്ടും പ്രേക്ഷകരെ തൃപ്തരാക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

325 തീയറ്ററുകളിൽ റിലീസായ ചിത്രം അഞ്ചാം ദിവസത്തിലേക്കെത്തുമ്പോഴും ഹൗസ്ഫുൾ‌ ഷോകളുമായി നിറഞ്ഞോടുകയാണ്. വളരക്കാലമായി റിലീസ് ദിനങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന കരിഞ്ചന്ത മാഫിയ പുലിമുരുകൻ റിലീസായതോടെ വീണ്ടും തീയറ്ററുകളിൽ സജീവമായി.