പൊന്നിനെക്കാൾ വില പുലിമുരുകൻ ടിക്കറ്റിന്

മോഹൻലാൽ ചിത്രമായ പുലിമുരുകൻ ടിക്കറ്റിനായി പ്രേക്ഷകരുടെ നെട്ടോട്ടം. ചൂടപ്പം പോലെയാണ് ഒാൺലൈനിലും തീയറ്ററിലും ടിക്കറ്റ് വിറ്റു പോകുന്നത്. പല തീയറ്ററുകളും അതിരാവിലെയും പാതിരാത്രിയിലുമൊക്കെ സ്പെഷൽ ഷോകൾ വച്ചിട്ടും പ്രേക്ഷകരെ തൃപ്തരാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. 

325 തീയറ്ററുകളിൽ റിലീസായ ചിത്രം നാലാം ദിവസത്തിലേക്കെത്തുമ്പോഴും ഹൗസ്ഫുൾ‌ ഷോകളുമായി നിറഞ്ഞോടുകയാണ്. വളരക്കാലമായി റിലീസ് ദിനങ്ങളിൽ മാത്രം കണ്ടു വന്നിരുന്ന കരിഞ്ചന്ത മാഫിയ പുലിമുരുകൻ റിലീസായതോടെ വീണ്ടും തീയറ്ററുകളിൽ സജീവമായി. ചങ്ങനാശ്ശേരിയിൽ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾ കുത്തേറ്റു മരിച്ചത് ഇന്നലെയാണ്. വ്യക്തമായ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും എല്ലാ ബോക്സ് ഒാഫിസ് റെക്കോർഡുകളും മുരുകൻ കീഴടക്കുമെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

കേരളത്തില്‍ 160 കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലുമാണ് പുലിമുരുകൻ റിലീസ് ചെയ്തത്. വരുംദിനങ്ങളിൽ തീയറ്ററുകളുടെ എണ്ണം കൂട്ടാൻ സാധ്യതയുണ്ട്. കബാലി പോലും ആദ്യ ദിവസത്തെ രാത്രി ഷോകളോടെ പുറകോട്ടാണെന്നു വ്യക്തമായിരുന്നു. തിയറ്ററുകളിലെ ബുക്കിംങ് രീതി കണ്ടാ​ണ് ഇതു വിലയിരുത്തുന്നത്. എന്നാൽ പുലിമുരുകൻ അത്തരമൊരു തളർച്ച ഒരിടത്തുപോലും കാണിക്കുന്നില്ല. ഇത്രയേറെ തിയറ്ററുകളിൽ ഒരു സിനിമ ഗ്രാഫ് ഉയർത്തി നിർത്തുന്നതു മലയാളത്തിലെ ആദ്യ സംഭവമായിരിക്കും.