പുലിമുരുകൻ റീമേക്ക്; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ഉദയ്കൃഷ്ണ

മലയാളസിനിമയിൽ ഏറ്റവും വലിയ മുതല്‍മുടക്കുള്ള ചിത്രമെന്ന വിശേഷണവുമായാണ് പുലിമുരുകൻ എത്തിയത്. മോഹന്‍ലാല്‍-വൈശാഖ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിലെ സകലബോക്സ്ഓഫീസ് റെക്കോ‍ർഡുകളും തകർത്തെറിഞ്ഞു.

ചിത്രം നേടിയ വൻവിജയത്തിന്റെ പിൻബലത്തില്‍ പുലിമുരുകൻ അന്യഭാഷകളിൽ റീമേക്ക് ചെയ്യുന്നുവെന്ന് വാർത്തവന്നിരുന്നു. ഇന്ത്യയിലെ നാലുഭാഷകളിൽ ചിത്രത്തിന്റെ റീമേക്ക് അവകാശം റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്നായിരുന്നു റിപ്പോർട്ട്. ഇതിന് പിന്നാലെ പുലിമുരുകന്റെ തെലുങ്ക്, തമിഴ് റീമേക്കുകളില്‍ ബാഹുബലി താരം പ്രഭാസും ഹിന്ദിയില്‍ സാക്ഷാല്‍ സല്‍മാന്‍ഖാനും പുലിമുരുകനാകുമെന്ന് പ്രചാരണമുണ്ടായി.

ഈ വാർത്തയുമായി ബന്ധപ്പെട്ട ഔഗ്യോകിക വിവരത്തിനായി തിരക്കഥാകൃത്ത് ഉദയ്കൃഷണയുമായി മനോരമ ഓൺലൈൻ ബന്ധപ്പെട്ടു. ഇപ്പോൾ പ്രചരിക്കുന്ന വാർത്തയിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും റീമേക്കുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ട് പോലുമില്ലെന്നും ഉദയ്കൃഷ്ണ വ്യക്തമാക്കി. തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും റീമേക്കുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരുന്നതേ ഒള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

രമേശ് പിള്ളയുടെ ഉടമസ്ഥതയിലുള്ള അഭിഷേക് ഫിലിംസാണ് വമ്പന്‍ തുകയ്ക്ക് മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയതെന്നും വാർത്തകൾവന്നു. റീമേക്ക് അവകാശം വിറ്റുപോയിട്ടില്ലെന്നും സിനിമയുടെ മൊഴിമാറ്റാവകാശം മാത്രമാണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. 25 കോടി മുതൽമുടക്കിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.