പുലിമുരുകൻ കടുവയുമൊത്ത് പീറ്റർ ഹെയ്ൻ; വിഡിയോ കാണാം

മോഹൻലാൽ ആരാധകരുടെ പ്രതീക്ഷ വാനോളമുയർത്തി പുലിമുരുകൻ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ്ബഡ്ജറ്റ് ചിത്രത്തിന് ആക്ഷൻ കൈകാര്യം ചെയ്യുന്നത് പീറ്റർ ഹെയ്ൻ ആണ്. ‍

നേരത്തെ ചിത്രത്തിലെ പ്രധാനകഥാപാത്രമായ കടുവയുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കടുവയെ കുളിപ്പിക്കുന്ന ഒരു വിഡിയോ കൂടി ആരാധകർക്കായി അപ്‌ലോ‍‍ഡ് ചെയ്തിരിക്കുന്നു. ചിത്രത്തിനായി കഠിനമായപരിശ്രമമാണെന്നും മികച്ച ആക്ഷൻ രംഗങ്ങളാകും സിനിമയ്ക്കൊരുക്കകയെന്നും പീറ്റർ പറയുന്നു.

വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ഒരു ഗ്രാമത്തില്‍ മൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന സാധാരണക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസിലെ ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ഇത്. ഗോപീസുന്ദറാണ് സംഗീതം. ചിത്രം വിഷു റിലീസ് ആയി തിയറ്ററുകളിലെത്തും.