പുലിമുരുകനിലെ ഒറിജനൽ ഏത് ഗ്രാഫിക്സ് ഏത്?

പാറക്കെട്ടുകൾ ചാടിക്കടന്നും മരങ്ങളെ മറികടന്നും തലകുത്തി മറിഞ്ഞുമെല്ലാം ആക്‌ഷനിൽ തകർക്കുകയാണ് മോഹൻലാൽ. സെറ്റിലുള്ളവരെല്ലാം കയ്യടിച്ചു പോകുന്ന തരം കിടിലൻ പ്രകടനം! റീടേക്കിനെപ്പറ്റി ആലോചിക്കേണ്ടതു പോലുമില്ലാത്ത ഷോട്ടുകൾ.

പക്ഷേ അപ്പോഴാണ് വിഷ്വൽ എഫക്റ്റ്സ് ടീമിന്റെ ഒരാവശ്യം: ‘ലാലേട്ടാ, നമുക്കാ ഷോട്ട് ഒന്നുകൂടി എടുത്താലോ...കുറച്ചുകൂടെ ടെക്നിക്കൽ പെർഫെക്‌ഷൻ ഉറപ്പാക്കാം...’ മറിച്ചൊരു വാക്കുപോലും പറയാതെ മലയാളത്തിന്റെ മഹാനടൻ ‘ഓകെ’ പറയും.

മോഹൻലാൽ മാത്രമല്ല, സംവിധായകൻ വൈശാഖും നിർമാതാവ് ടോമിച്ചൻ മുളകുപാടവുമെല്ലാം പറഞ്ഞ ആ ‘ഓകെ’കളുടെ ബലത്തിലായിരുന്നു ഫയർ ഫ്ലൈ ക്രിയേറ്റീവ് സ്റ്റുഡിയോസിന്റെ പിന്നീടങ്ങോട്ടുള്ള യാത്രയും.ഹൈദരാബാദിലും കേരളത്തിലുമായി നൂറോളം സാങ്കേതിക പ്രവർത്തകർ ഒരൊറ്റ സിനിമയുടെ വിഷ്വൽ എഫക്ട്സിനു വേണ്ടി ഒരു വർഷത്തിലേറെ സമയം കഠിനാധ്വാനം ചെയ്തതിന്റെ ഫലം ഇക്കഴിഞ്ഞ ഏഴിന് നമുക്കു മുന്നിലെത്തി- ‘പുലിമുരുകൻ’ എന്ന ഒരൊന്നൊന്നര കിടു സിനിമയുടെ രൂപത്തിൽ.മലയാളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം വിഷ്വൽ എഫക്ട്സും ആക്‌ഷനും ഒരുമിച്ചു ചേർന്ന ചിത്രത്തിന്റെ വിജയഗർജനം തിയറ്ററുകളിൽ ഇപ്പോഴും തുടരുകയുമാണ്...

ഇതിലേതാ ഒറിജിനൽ ‘പുലി’

‘പുലിമുരുകന്റെ’ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ കടുവയെ പുലിയാക്കിയതിലായിരുന്നു പലർക്കും സങ്കടം. പിന്നെ കേട്ടു കാട്ടിലുള്ളവർ കടുവയെ ‘വരയൻ പുലി’യെന്നാണു വിളിക്കുന്നതെന്ന്.പക്ഷേ സിനിമ കണ്ടിറങ്ങിയപ്പോഴും ഒരു സംശയം ബാക്കി നിന്നു-ഇതിൽ എവിടെയൊക്കെയാണ് യഥാർഥ പുലി? അതോ മൊത്തം ഒറിജിനൽ പുലിയാണോ? ഫയർഫ്ലൈ സ്ഥാപക ഡയറക്ടർമാരിലൊരാളായ മാനന്തവാടി സ്വദേശി പി.സി.സനത്തിനോടു തന്നെ സംശയം ചോദിച്ചു-ഉത്തരത്തിനു വേണ്ടി രണ്ടുമാസം കൂടി കാത്തിരിക്കേണ്ടി വരുമെന്നായിരുന്നു മറുപടി.

കാരണം ഇപ്പോൾ കടുവയുടെ വിഎഫ്എക്സ് വിവരങ്ങൾ പുറത്തുവിട്ടാൽ പിന്നെ സിനിമ കാണുമ്പോൾ അതായിരിക്കും മനസിൽ.സംഗതി തൽക്കാലം രഹസ്യമായിരിക്കട്ടെ. സിനിമ റിലീസ് ചെയ്ത് മൂന്നുമാസം കഴിയുമ്പോൾ മേക്കിങ് വിഡിയോ പുറത്തിറക്കാനാണു തീരുമാനം.

ബാഹുബലി വഴി പുലിമുരുകനിലേക്ക്

ബാഹുബലിയുടെ സ്റ്റണ്ട് കോറിയോഗ്രഫി ചെയ്ത പീറ്റർ ഹെയ്ൻ ആണ് പുലിമുരുകൻ ടീമിനോട് ഫയർഫ്ലൈയെപ്പറ്റി പറയുന്നത്. (ഇപ്പോൾ ബാഹുബലി 2വിന്റെ പ്രവർത്തനങ്ങളിലാണ് ഫയർഫ്ലൈ) വൈകാതെ തന്നെ കൊച്ചിയിൽ കൂടിക്കാഴ്ച. സംവിധായകനും നിർമാതാവും തിരക്കഥാകൃത്തും ഛായാഗ്രഹകനും സ്റ്റണ്ട് മാസ്റ്ററും കലാസംവിധായകനും എല്ലാവരുമുണ്ടായിരുന്നു. അതിനിടെ വൈശാഖും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ആവശ്യങ്ങൾ പറഞ്ഞു: ‘ഇതെല്ലാമാണ് മനസ്സിൽ. ഇതിൽ എന്തെല്ലാം ചെയ്യാനാകും?

എന്തെല്ലാമാണു നമുക്കു മുന്നിലുള്ള വിഎഫ്എക്സ് സാധ്യതകൾ?’ അതിനിടെ ബജറ്റിനെപ്പറ്റി ബേജാറേ വേണ്ടെന്നു നിർമാതാവിന്റെ വാക്കും, ‘സിനിമ നിറയെ സാധ്യതകളാണ്. എന്തുവേണമെങ്കിലും ചെയ്യാം, പക്ഷേ ആവശ്യത്തിനു സമയം വേണം’ ഇതു മാത്രമായിരുന്നു ഫയർഫ്ലൈ സംഘത്തിന്റെ മറുപടി. ആക്‌ഷൻ രംഗങ്ങളിലും തിരക്കഥയിലുമുൾപ്പെടെ മാറ്റം വരുത്താനും വൈശാഖിനു സമ്മതം. ‘കണ്ടാൽ കംപ്യൂട്ടർ ഗ്രാഫിക്സ് ഇമേജറി (സിജിഐ) ആണെന്നു തോന്നരുത്. സംഗതി റിയൽ ആയിരിക്കണം’- എന്ന ആവശ്യവും പറഞ്ഞു.

ഇത്രമാത്രം വ്യക്തതയോടെ കാര്യങ്ങൾ ആവശ്യപ്പെടുന്ന, മനസ്സിലാക്കുന്ന സംവിധായകനെയും നിർമാതാവിനെയും തിരക്കഥാകൃത്തിനെയും ലഭിച്ചതാണ് ‘പുലിമുരുകന്റെ’ ഈ വലിയ സിജിഐ വിജയത്തിനു പിന്നിലെന്നും പറയുന്നു സനത്ത്.സിനിമയുടെ പ്രീ-പ്രൊഡക്‌ഷൻ ടീമിൽ കുറച്ചു പേരേ ഉണ്ടായിരുന്നുള്ളൂ- അവർ തിരക്കഥ വിശദമായി പഠിച്ചു, കഥയിലെ സംശയങ്ങൾ അപ്പപ്പോൾ ‘ക്ലിയർ’ ചെയ്തു, സ്റ്റോറി ബോർഡ് തയാറാക്കി. ശേഷം വിഷ്വൽ എഫക്ട്സ് സൂപ്പർവൈസർ മുരളി മനോഹറിന്റെ നേതൃത്വത്തിൽ ഒരു സംഘം കേരളത്തിലേക്കും പുറപ്പെട്ടു-‘പുലിമുരുകന്റെ’ ഷൂട്ടിങ് സംഘത്തിനൊപ്പം തന്നെയായിരുന്നു പിന്നീടവരുടെ യാത്ര.

കടുവയുടെ കിടുവിജയം

ആദ്യത്തെ കൂടിക്കാഴ്ചയ്ക്കിടെ തന്റെ വീട് വയനാട്ടിലാണെന്നു പറഞ്ഞപ്പോൾ ഉദയ്കൃഷ്ണയാണ് സനത്തിനോടു പറഞ്ഞത്, തിരക്കഥയെഴുതുന്ന സമയത്ത് കടുവയെക്കുറിച്ചറിയാൻ വയനാട്ടിൽ പോയ കഥ. നേച്ചർ ക്ലബിലൊക്കെ ഉണ്ടായിരുന്നെങ്കിലും വയനാട്ടിൽ കടുവയെ നേരിട്ടിതുവരെ കണ്ടിട്ടില്ല സനത്ത്. ഫയർഫ്ലൈ ആകട്ടെ മുൻപ് ഒരു തെലുങ്ക് സിനിമയ്ക്കു വേണ്ടി മാത്രമാണ് നേരത്തേ ഗ്രാഫിക്സ് കടുവയെ തയാറാക്കിയിട്ടുള്ളത്.

‘എന്തു മൃഗത്തെ വേണമെങ്കിലും ഞങ്ങൾ റെഡിയാക്കിത്തരാം, സമയം വേണം അത്രയേയുള്ളൂ...’ ആത്മവിശ്വാസത്തോടെ സനത്തിന്റെ വാക്കുകൾ. പീറ്റർ ഹെയ്നിനൊപ്പം വിയറ്റ്നാമിലും ബാങ്കോക്കിലും പോയാണ് കടുവകളുടെ ചലനങ്ങളുൾപ്പെടെ പഠിച്ചെടുത്തത്. ഷൂട്ടിങ് സമയത്താകട്ടെ ഏതെല്ലാം ആംഗിളിൽ വേണം ഷോട്ടുകൾ, ലൈറ്റിങ്, കടുവയുടെ റഫറൻസ്, പിന്നെ ആക്‌ഷനിൽ ആവശ്യപ്പെടേണ്ട കാര്യങ്ങൾ ഇതിനെക്കുറിച്ചെല്ലാം ധൈര്യമായി പറയാനാകും വിധം സ്റ്റണ്ട് കോറിയോഗ്രഫറും ആർട് ഡയറക്ടറും ഛായാഗ്രഹകനുമെല്ലാം പൂർണപിന്തുണയുമായി ഒപ്പം നിന്നു.

കൂടാതെ ‘റീടേക്കിനു’ പോലും സന്നദ്ധനായി ലാലേട്ടനും. ‘ജനതാഗാരേജി’ന്റെ ഷൂട്ടിങ്ങിനിടെ ഹൈദരാബാദിൽ വന്നപ്പോൾ ഫയർഫ്ലൈ സംഘത്തെ കാണാനുമെത്തിയിരുന്നു ലാൽ. കടുവയെ മാത്രമല്ല ചിത്രത്തിലെ ആക്‌ഷൻ-ഫൈറ്റ് രംഗങ്ങളിലുൾപ്പെടെ വിഎഫ്എക്സ് പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ അത് എവിടെയൊക്കെ, എപ്പോൾ എന്നു ചോദിച്ചാൽ സനത്ത് പറയും: ‘അപകടകരമായ രംഗങ്ങളിലും ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ളയിടങ്ങളിലും വൻചെലവു വരാൻ സാധ്യതയുള്ളയിടങ്ങളിലുമൊക്കെയാണ് വിഎഫ്എക്സ് ഉപയോഗിച്ചത്...’

അതേതൊക്കെയാണെന്ന് പുലിമുരുകന്റെ കിടുഫൈറ്റ് കണ്ടവർക്ക് ഊഹിക്കാവുന്നതാണല്ലോ! പക്ഷേ അപ്പോഴും ഒരു സംശയം ബാക്കിയാണ്- അല്ലാ, ഇതിൽ ഒറിജനൽ ഏത് ഗ്രാഫിക്സ് ഏത്....?